അടുത്ത വര്‍ഷം മുതല്‍ ശുചിമുറിയില്ലാത്ത ഒരു സ്കൂളിനും സര്‍ക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശുചിമുറിയില്ലാത്ത 196 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ ശുചിമുറി നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 196 സ്കൂളുകളിലാണ് ശുചിമുറിയില്ലാത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. എസ്.എസ്.എ.യുടെ ഫണ്ട് ഉപയോഗിച്ച് 100 ദിവസത്തിനുള്ളില്‍ ഈ സ്കൂളുകളില്‍ ശുചിമുറി നിര്‍മിക്കും. സംസ്ഥാനത്തെ ശുചിമുറിയില്ലാത്ത 1011 സ്കൂളുകളിലെ എയ്ഡഡ്, ഗവ. അംഗീകൃത സ്കൂളുകളില്‍ ശുചിമുറി നിര്‍മിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മാനേജ്മെന്റുകള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു വേണം ഇവ നിര്‍മിക്കാന്‍. അടുത്ത വര്‍ഷം മുതല്‍ സ്കൂളുകളുടെ യോഗ്യതാ പരിശോധനയില്‍ ശുചിമുറിയും മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി നിര്‍ബന്ധമാക്കും. ഇപ്പോള്‍ കെട്ടിടങ്ങളുടെ സുരക്ഷ മാത്രമാണ് പരിഗണിക്കുന്നത്. ശുചിമുറി ഇല്ലാത്ത സ്കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഈ സ്കൂളുകളില്‍ അടുത്ത വര്‍ഷം ഒരു കാരണവശാലും കുട്ടികളെ ചേര്‍ക്കാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പറഞ്ഞു.
Comments