ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതി ഭവന്‍െറ വിജ്ഞാപനമിറങ്ങി. വൈകിട്ട് ഏഴു മണിയോടെയാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് പി. സദാശിവം സംസ്ഥാന ഗവര്‍ണറാകുന്നത്. ഷീല ദീക്ഷിതിന്‍െറ രാജി സ്വീകരിച്ചതായും രാഷ്ട്രപതി ഭവന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നുണ്ട്.
കേരളത്തിലെ ജനങ്ങളെ സേവിക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. നിയമോപദേശം നല്‍കേണ്ട ചുമതല ഗവര്‍ണര്‍ക്കില്ല. താന്‍ കോര്‍പറേറ്റുകളുടെ മധ്യസ്ഥനായിട്ടില്ലെന്നും സദാശിവം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍െറ ചരിത്രത്തില്‍ ഗവര്‍ണര്‍സ്ഥാനം സ്വീകരിക്കുന്ന ആദ്യത്തെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണ് പി. സദാശിവം. ഗവര്‍ണര്‍ സ്ഥാനം ഭരണഘടനാപദവി തന്നെയാണെങ്കിലും സുപ്രീംകോടതിയുടെ പരമോന്നത പദവിയിലിരുന്ന ആള് ഗവര്ണറാകുന്നതിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് അതിനൊത്ത പദവികള്‍ നല്‍കണമെന്നാണ് സാമൂഹ്യ, രാഷ്ട്രീയ, അഭിഭാഷക രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയത്.
Comments