അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ വധിച്ചു. കോട്ടയം പുതുപ്പള്ളി വെട്ടത്തുകവല പാപ്പാലപ്പറമ്പില്‍ കെ.പി. ചാക്കോയാണ് (53) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഇറ്റാനഗറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ചികുത വനത്തില്‍ ചാക്കോയുടെ മൃതദേഹം പൊലീസ് കണ്ടത്തെിയത്. ശരീരത്തില്‍ മാരക മുറിവുകളുണ്ട്. കൈയില്‍ വെടിയേറ്റ പാടുമുണ്ട്. ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു. അഞ്ചുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരാഴ്ചമുമ്പ് ആദിവാസി തീവ്രവാദി ഗ്രൂപ് ഇറ്റാനഗറിലെ ചാക്കോയെ തട്ടിക്കൊണ്ടുപോയത്. മൃതദേഹം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഗുവാഹതിയില്‍ എത്തിച്ച ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അരുണാചലിലെ മലയാളികളും ബന്ധുക്കളും.നാട്ടിലെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ആഗസ്റ്റ് 28 ന് രാത്രി പത്തോടെ ചാക്കോയെ പണം ആവശ്യപ്പെട്ട് ഒരുസംഘം തട്ടിക്കൊണ്ടുപോയതായി പുതുപ്പള്ളിയിലെ വീട്ടില്‍ വിവരം ലഭിച്ചിരുന്നു. ഇറ്റാനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ നാഗര്ലോനിലെ വാടകവീട്ടില്‍നിന്ന് ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ചാക്കോയുടെ ഡ്രൈവര്‍ മല്ലപ്പള്ളി സ്വദേശി കൊച്ചുമോനെയും സംഘം തട്ടിക്കൊണ്ടുപോയെങ്കിലും വനത്തിനുള്ളിലത്തെിച്ചശേഷം വിട്ടയച്ചു.
Comments