ശ്രീനഗര്‍: ജമ്മു-കശ്മീരിലുണ്ടായ പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി അറിയിച്ചു. പാക് അധീന കശ്മീരിലെ പ്രളയബാധിതരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്. ജമ്മുകശ്മീരിന്‍െറ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു.
ജമ്മുവിലെ ടെക്നിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി മോദി ചര്‍ച്ച നടത്തി. പ്രളയത്തിന്‍െറ നാശത്തെപ്പറ്റി ഉമര്‍ നരേന്ദ്ര മോദിക്ക് വിശദീകരിച്ചുകൊടുത്തു.
അതേസമയം, പ്രളയസ്ഥിതിയിയില് മാറ്റമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ 138 പേര് പ്രളയക്കെടുതിയില്‍ മരണപ്പെട്ടിട്ടുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ 12,000ഓളം പേരെ ഇതുവരെ ജമ്മുവിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. അഖ്നൂര്‍, പൂഞ്ച്, രജൗരി മേഖലകളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്.
Comments