ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന്. ഇരു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 20ന് പുറപ്പെടുവിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.
സെപ്റ്റംബര്‍ 27 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 29ന്. മഹാരാഷ്ട്രയിലെ ബീഡ് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഒക്ടോബര്‍ 15ന് നടക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. കശ്മീരിലെ പ്രളയക്കെടുതി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ 8.259 കോടിയും ഹരിയാനയില്‍ 1.615 കോടിയുമാണ് വോട്ടര്‍മാര്‍. മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാറുകളുടെ കാലാവധി യഥാക്രമം നവംബര്‍ എട്ടിനും ഒക്ടോബര്‍ 27നും അവസാനിക്കും.
Comments