You are Here : Home / News Plus

ക്രൂരനായ ഒരു ‘വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്ന് പാക്കിസ്ഥാൻ

Text Size  

Story Dated: Sunday, September 24, 2017 11:05 hrs UTC

ക്രൂരനായ ഒരു ‘വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്ന് യുഎന്നിലെ പാക്കിസ്ഥാൻ സ്ഥാനപതി മലീഹാ ലോധി ആരോപിച്ചു. പാക്കിസ്ഥാനെ ഭീകരരുടെ ഫാക്ടറിയെന്ന് വിശേഷിപ്പിച്ച് യുഎൻ പൊതുസഭയുടെ 72–ാമത് സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അവർ. പാക്കിസ്ഥാനെ ‘ഭീകരസ്ഥാനെ’ന്നു വിശേഷിപ്പിച്ച ഇന്ത്യയെ, ദക്ഷിണേഷ്യയിലെ ‘ഭീകരവാദത്തിന്റെ അമ്മ’ എന്നു വിശേഷിപ്പിക്കാനും ലോധി മറന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അനാവശ്യമായ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ലോധി രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും ലോധി ആരോപിച്ചു. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ അവസാനിപ്പിച്ചിച്ചേ തീരൂ. പാക്കിസ്ഥാനിലെ ഭീകരസംഘടനകളെ സ്പോൺസർ ചെയ്യുന്നതുപോലും ഇന്ത്യയാണ്. മേഖലയിലെ അയൽക്കാർക്കെല്ലാം വലിയ തലവേദനയാണ് ഇത്തരം നടപടികളിലൂടെ ഇന്ത്യ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും ലോധി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ (ജനാധിപത്യ രാജ്യം) ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഹിപ്പോക്രസിയെന്നും (കപടനാട്യക്കാർ) ലോധി പരിഹസിച്ചു. താരതമ്യേന താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം അവസരങ്ങളിൽ മറുപടി നൽകാറുള്ളതെങ്കിലും യുഎന്നിലെ പാക്ക് പ്രതിനിധി തന്നെ ഇന്ത്യയ്ക്കുള്ള മറുപടിയുമായി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. അതേസമയം, പാക്കിസ്ഥാന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യൻ പ്രതിനിധികൾ സംസാരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.