You are Here : Home / News Plus

‘പൊതുപ്രവർത്തനത്തിന്’ കൂടുതൽ അവധികൾ

Text Size  

Story Dated: Monday, October 23, 2017 01:19 hrs UTC

തിരുവനന്തപുരം∙ ‘പൊതുപ്രവർത്തനത്തിന്’ എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് കൂടുതൽ അവധികൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളായിരിക്കുന്ന എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകർക്കു തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ ആവശ്യങ്ങൾക്കായി പതിനഞ്ചു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അധ്യാപകേതര ജീവനക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ഇളവ് ലഭിക്കും. നേരത്തെ, ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനു ജനപ്രതിനിധികളായ എയ്ഡഡ് അധ്യാപകർക്ക് പതിനഞ്ചു ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവായിരുന്നു. പുതിയ ഉത്തരവോടെ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ഒരു അധ്യയന വർഷം മുപ്പതു ദിവസം ഡ്യൂട്ടി ലീവ് ലഭിക്കും. സ്കൂൾ വിദ്യാർഥികൾക്ക് ഒരു വർഷം 200 അക്കാദമിക് ദിവസങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഹയർസെക്കൻഡറിയിൽ അധ്യയനദിനങ്ങൾ അതിലും കുറവാണ്. ഈ സാഹചര്യം നിലനിൽക്കേ, എയ്ഡഡ് അധ്യാപകർക്ക് മുപ്പതു ദിവസം സ്പെഷൽ ഡ്യൂട്ടി ലീവ് അനുവദിച്ചതിനെതിരെ അധ്യാപക സംഘടനകൾക്കിടയിൽതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാർ അധ്യാപകർക്കു രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലെങ്കിലും സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കു ജനപ്രതിനിധിയാകുന്നതിനു നിയമതടസമില്ല. എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരായ ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തനത്തിനായി പോകുന്നതോടെ സ്കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്കൂൾ ഉപേക്ഷിക്കുകയും എയ്ഡ്ഡ് ഡിവിഷനുകൾ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.