You are Here : Home / News Plus

ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Text Size  

Story Dated: Wednesday, November 01, 2017 10:55 hrs UTC

തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകാരന്‍ വി.എ. രാജീവിനെ ചാലക്കുടിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെ കസ്‌റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത്‌ അത്യാവശ്യമാണെന്ന്‌ 'നിങ്ങള്‍ എത്ര ഉന്നതനായാലും നിയമം അതിനും മുകളിലാണ്‌' എന്ന തത്വം ഉദ്ധരിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്‌റ്റിസ്‌ എ. ഹരിപ്രസാദ്‌ വ്യക്‌തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങാന്‍ ഉദയഭാനു സന്നദ്ധത അറിയിച്ചെങ്കിലും പോലീസ്‌ അറസ്‌റ്റിനാണു താല്‍പ്പര്യപ്പെടുന്നത്‌. കീഴടങ്ങുന്നപക്ഷം ഭാവിനടപടികളില്‍ അതിന്റെ ആനുകൂല്യം ലഭിച്ചേക്കുമെന്നതിനാലാണ്‌ ഇത്‌. തുടര്‍ന്ന്‌ അന്വേഷണസംഘം തൃശൂരില്‍ അടിയന്തര യോഗം ചേര്‍ന്നു. ഉദയഭാനുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി. ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാനെത്തിയാലും അറസ്‌റ്റ്‌ ചെയ്യാനാണു തീരുമാനം.

 

 

 

 

 

അതിനായി കോടതികളില്‍ നിരീക്ഷണമേര്‍പ്പെടുത്തി. രണ്ടു ദിവസത്തിനകം അറസ്‌റ്റുണ്ടാകുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. രാജീന്‌ കൊലക്കേസിന്റെ തുടക്കം മുതല്‍ ഉദയഭാനുവിനെതിരേ ആരോപണം ഉയര്‍ന്നെങ്കിലും അദ്ദേഹത്തിനെതിരേ ഫലപ്രദമായ അന്വേഷണത്തിനു കഴിഞ്ഞിരുന്നില്ല. അറസ്‌റ്റ്‌ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ്‌ അന്വേഷണത്തിന്റെ മെല്ലെപ്പോക്കിന്‌ ഇടയാക്കി. ജസ്‌റ്റിസ്‌ പി. ഉബൈദ്‌ പിന്മാറിയതോടെ പുതിയ ബെഞ്ചാണ്‌ ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്‌. അഞ്ചും ആറും പ്രതികളായ ചക്കര ജോണി, രഞ്‌ജിത്ത്‌ എന്നിവരുമായി ഉദയഭാനുവിനുള്ള ബന്ധം വ്യക്‌തമാകേണ്ടതുണ്ടെന്ന്‌ കോടതി പറഞ്ഞു. എഫ്‌.ഐ.ആര്‍. തയാറാക്കിയ സമയത്തുതന്നെ ഉദയഭാനുവിനെതിരേ ആരോപണം ഉയര്‍ന്നതാണെന്നതും ഇതുവരെ ഫലപ്രദമായ അന്വേഷണത്തിനു കഴിഞ്ഞില്ലെന്നതും കണക്കിലെടുക്കുമ്പോള്‍, അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിലോ കോടതിക്കു മുന്നിലോ കീഴടങ്ങാന്‍ ഹര്‍ജിക്കാരനു കൂടുതല്‍ സമയം അനുവദിക്കുന്നത്‌ ഉചിതമാകില്ലെന്നു കോടതി വ്യക്‌തമാക്കി.

 

 

നെടുമ്പാശേരി നായത്തോട്‌ സ്വദേശി വി.എ. രാജീവിനെ സെപ്‌റ്റംബര്‍ 29-ന്‌ ചക്കര ജോണിയടക്കമുള്ള പ്രതികള്‍ തവളപ്പാറയിലേക്ക്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്‌. ഭൂമി വാങ്ങാനായി ഇടനിലക്കാരനായ രാജീവിന്‌ ഉദയഭാനു മുന്‍കൂര്‍ പണം നല്‍കിയെങ്കിലും ഇടപാട്‌ നടന്നില്ലെന്നും പണം തിരിച്ചുചോദിച്ചതോടെ ഉദയഭാനുവും രാജീവും ശത്രുക്കളായെന്നും പോലീസ്‌ പറയുന്നു. പണം തിരികെ കിട്ടുന്നതിനായി രാജീവിനെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച്‌ മുദ്രപ്പത്രത്തില്‍ ഒപ്പു വയ്‌പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടെന്നാണു കേസ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.