You are Here : Home / News Plus

'ട്രോമ കെയര്‍ പദ്ധതി' ആവിഷ്കരിക്കാന്‍ തീരുമാനിച്ചു

Text Size  

Story Dated: Thursday, November 02, 2017 12:05 hrs UTC

തിരുവനന്തപുരം : 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നു തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്‍റെ വിശദരൂപം തയാറാക്കും. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും 'ട്രോമ കെയര്‍' സജ്ജീകരണമുണ്ടാക്കാനാണ് ഉദേശിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കും. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദേശിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തിരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ്‌വെയർ ഉണ്ടാക്കും. ഒരു കേന്ദ്രീകൃത കോള്‍സെന്‍ററില്‍ ഇതെല്ലാം സോഫ്റ്റ്‌വെയർ സഹായത്തോടെ നിയന്ത്രിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.