ഡോവര്‍ (ന്യൂജേഴ്‌സി): ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ വി. മാര്‍ത്തോമാശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപുരസരം കൊണ്ടാടി. നിലയ്‌ക്കല്‍, മാവേലിക്കര ഭദ്രാസനങ്ങളുടെ അധിപനും ഇടവക മുന്‍ വികാരിയുമായ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഇത്തവണത്തെ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നത്. ജൂലൈ 5-ന് വെള്ളിയാഴ്‌ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം മാര്‍ നിക്കോദിമോസ് ധ്യാന പ്രസംഗം നടത്തി. ശനിയാഴ്‌ച പ്രഭാത നമസ്‌കാരത്തിനുശേഷം മാര്‍ നിക്കോദിമോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാന നടന്നു. തുടര്‍ന്ന് ഇടവകയുടെ മുന്‍ വികാരിമാരെ ആദരിക്കുന്ന ചടങ്ങായിരുന്നു.
മാര്‍ നിക്കോദിമോസിനെ കൂടാതെ വെരി റവ. സി.എം. ജോണ്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. കെ.കെ. ജോണ്‍, ഫാ. സണ്ണി ജോസഫ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രശംസാഫലകം നല്‍കുകയും ചെയ്‌തു. മുന്‍ വികാരിമാര്‍ ഇടവകയുടെ ആത്മീയവും ഭൗതീകവുമായ അഭിവൃദ്ധിക്കുവേണ്ടി ചെയ്‌ത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോഴത്തെ വികാരി ഫാ. ഷിബു ദാനിയേല്‍ നന്ദി അറിയിക്കുകയും ആയുരാരോഗ്യസൗഖ്യം നേരുകയും ചെയ്‌തു. മുന്‍ വികാരിമാര്‍ക്കുവേണ്ടി മാര്‍ നിക്കോദിമോസ് നന്ദി പറഞ്ഞു. സെക്രട്ടറി ബെനോ ജോഷ്വാ കൃതജ്ഞത രേഖപ്പെടുത്തി. ബ്ലോക്ക് ചുറ്റിയുള്ള ആഘോഷമായ റാസയ്‌ക്കുശേഷം നേര്‍ച്ച വിളമ്പും ഭക്ഷണവും ക്രമീകരിച്ചിരുന്നു. ലോംഗ് ഐലന്റ് താളലയം ഗ്രൂപ്പിന്റെ ചെണ്ടമേളവും ഉണ്ടായിരുന്നു. വികാരി ഫാ. ഷിബു ദാനിയേലിനൊപ്പം ട്രസ്റ്റി റോസ്‌ലിന്‍ ദാനിയേല്‍, സെക്രട്ടറി ബെനോ ജോഷ്വാ, പെരുന്നാള്‍ കണ്‍വീനര്‍ ജോസ് വിളയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
Comments