ന്യൂജേഴ്‌സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന പുതിയ ദേവാലയം എന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിന് തുടക്കംകുറിച്ച ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ജൂലൈ 14-ന് ഞായറാഴ്‌ച രാവിലെ 11.30-ന് ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. തദവസരത്തില്‍ ഫ്രാഗ്‌ളിന്‍ ടൗണ്‍ഷിപ്പ് ഡപ്യൂട്ടി മേയര്‍ റോസലിന്‍ ഷെര്‍മാന്‍, കൗണ്‍സില്‍മാന്‍ ഫിലിപ്പ് ക്രാമര്‍, മെട്ടച്ചന്‍ ഡയോസിസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഓഫ് പ്ലാനിംഗ് ജെഫ്‌റി കൊര്‍ഗെന്‍, റോം ഏഷ്യാ ബാങ്ക് പ്രതിനിധികള്‍, ടൗണ്‍ഷിപ്പ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബിഷപ് മാര്‍ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങുകളില്‍ ചിക്കാഗോ രൂപതയുടെ മുന്‍ വികാരി ജനറാളും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, രൂപതയുടെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ വികാരിമാരായ ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. പോളി തെക്കന്‍, ഫാ. സന്തോഷ് ജോര്‍ജ്, ഫാ. തോമസ് പെരുനിലം, ഫാ. ഡൊമിനിക് പെരുനിലം, ഫാ. ജോഷി നിരപ്പേല്‍ എന്നിവര്‍ സംബന്ധിച്ചു. ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തിന്റെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്തമായ മുഖ്യ തിരുനാള്‍ ദിനമായ ജൂലൈ 14-ന് നടന്ന ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങുകളില്‍ ഇരുനൂറിലേറെപ്പേര്‍ പങ്കെടുത്തു.
ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി വിശിഷ്‌ടാതിഥികളേയും, ഇടവകാംഗങ്ങളേയും സ്വാഗതം ചെയ്‌ത് സംസാരിച്ചു. ഫ്രാഗ്‌ളിന്‍ ടൗണ്‍ഷിപ്പ് ഡപ്യൂട്ടി മേയര്‍ റോസലിന്‍ ഫെര്‍മാന്‍ താന്‍ കൗണ്‍സില്‍ വുമണായിരിക്കുന്ന രണ്ടാം വാര്‍ഡില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന് എല്ലാ സഹായവും സഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു. ചടങ്ങില്‍ കൗണ്‍സില്‍മാന്‍ ഫിലിപ്പ് ക്രാമര്‍, പോലീസ് പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത് ചിറയില്‍ സ്വാഗതവും, ട്രസ്റ്റി തോമസ് ചെറിയാന്‍ പടവില്‍ നന്ദിയും പറഞ്ഞു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത് അറിയിച്ചതാണിത്.
Comments