ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സഭാതനയരെ കത്തോലിക്കാ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനുദ്ദേശിച്ചുള്ള വിശ്വാസവര്‍ഷത്തില്‍ സെന്റ് തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ ഭാരതത്തില്‍ വിശ്വാസവെളിച്ചം പകര്‍ന്നുനല്‍കിയ പിതാമഹന്റെ ഓര്‍മ്മത്തിരുനാള്‍ ഭക്തിപൂര്‍വം ജൂലൈ 5, 6, 7, 8 തിയതികളില്‍ ആഘോഷിച്ചു. പെരുനാളിന്റെ ആദ്യദിനമായ ജൂലൈ 5 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവകവികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തിയതോടെ നാലുദിവസം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍, റവ. ഫാ. ബാബു തേലപ്പിള്ളില്‍ എന്നിവര്‍ കാര്‍മ്മികരായി ആഘോഷമായ ദിവ്യബലിയും രൂപം വെഞ്ചരിപ്പും നടന്നു. ജുലൈ 6 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, റവ. ഫാ. ജോസ് ഐനിക്കല്‍, റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, റവ. ഡോ. മാത്യു മണക്കാട്ട്, റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ എന്നിവര്‍ കാര്‍മ്മികരായി ആഘോഷമായ സമൂഹബലി.
മലങ്കര എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയൂസ് തിരുമേനി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞും, പ്രദക്ഷിണവും കലാപരിപാടികളും സ്‌നേഹവിരുന്നും. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത് പ്രസുദേന്തിമാരായ ചാവറ വാര്‍ഡ് അംഗങ്ങളായിരുന്നു. പിഞ്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു മല്‍സരിച്ചു. പ്രശസ്തനര്‍ത്തകനും, നാടകകലാകാരനുമായ ബേബി തടവനാലിന്റെയും, വാര്‍ഡിലെ മറ്റു കലാകാരന്മാരുടെയും കൂട്ടായ പ്രവര്‍ത്തനം അവതരിപ്പിച്ച പരിപാടികള്‍ക്ക് മിഴിവേകി. അവതരണ നൃത്തം, സ്കിറ്റ്, തെയ്യം, വീട്ടമ്മമാര്‍ അവതരിപ്പിച്ച സമൂഹനൃത്തം, ഗാനങ്ങള്‍, യുവജനങ്ങള്‍ അവതരിപ്പിച്ച സ്കിറ്റും, സമൂഹഗാനം, കിങ്ങിണിപ്പട്ടാളം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ കാണികളെ കുടുകുടാ ചിരിപ്പിച്ചു. ജോയി കടുകന്‍മാക്കല്‍ കലാപരിപാടികളുടെ എം. സി. ആയിരുന്നു. പോളച്ചന്‍ വറീദ് നന്ദി പ്രകാശനം നടത്തി. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച്ച റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മികനായി ആഘോഷമായ തിരുനാള്‍ കുര്‍ബാന.
സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കി. പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം, പ്രസുദേന്തി വാഴിക്കല്‍, യുവജനങ്ങള്‍ ഒരുക്കിയ കാര്‍ണിവല്‍ എന്നിവ തിരുനാളിന്റെ മോടിക്കു മാറ്റുകൂട്ടി. തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരങ്ങളും കമനീയമായി അലങ്കരിച്ചിരുന്നു. അനേകംവിശ്വാസികള്‍ ഇടവകമദ്ധ്യസ്ഥനെ വണങ്ങി നേര്‍ച്ചകാഴ്ച്ചകള്‍ സമര്‍പ്പിച്ചു. വാഴ്ത്തപ്പെട്ട ചാവറ വാര്‍ഡിലെ കുടുംബാംഗങ്ങളായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. മോളി രാജന്‍ പ്രസിഡന്റായും, വല്‍സമ്മ ജോയി തട്ടാര്‍കുന്നേല്‍ സെക്രട്ടറിയായും, നിഹില്‍ ബാബു കളത്തൂപറമ്പില്‍ ട്രഷററായും, എബ്രാഹം മുണ്ടക്കല്‍ കണ്‍വീനറായും, പോളച്ചന്‍ വറീദ് കോ-കണ്‍വീനറായും വിപുലമായ തിരുനാള്‍ കമ്മിറ്റി ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ട്രസ്റ്റിമാരായ വിന്‍സന്റ് ഇമ്മാനുവല്‍, ബിജി ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം പെരുനാളിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചിരുന്നു. വാര്‍ഡുതലത്തിലുള്ള കൂട്ടായ്മയുടെയും, പരസ്പരസഹകരണത്തിന്റെയും, കലാപരിപോഷണത്തിന്റെയും ഉത്തമോദാഹരണമായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍.
Comments