ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള ശിങ്കാരി നൃത്ത കലാലയത്തിന്റെ 5-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച `ഇന്‍ക്രെഡിബിള്‍ ഇന്ത്യ' റിഥം - 2013 എന്ന പേരില്‍ അരങ്ങേറിയ നൃത്തകലോല്‍സവം അത്യന്തം വിജ്ഞാനപ്രദവും, ആസ്വാദ്യകരവും, അവിസ്‌മരണീയവുമായി. ഒക്‌ടോബര്‍ 5-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ് സിവിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ കലാസ്വാദകരെ സാക്ഷിയാക്കി ശിങ്കാരി കുര്യാക്കോസ് ദമ്പതികളും ജോണി മക്കോറ, സെലിന്‍ മക്കോറ എന്നിവര്‍ക്കൊപ്പം വിശിഷ്‌ടാതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി `ഇന്‍ക്രെഡിബിള്‍' ഇന്ത്യ നൃത്തോല്‍സവ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശിങ്കാരീസ് സ്‌ക്കൂള്‍ ഓഫ് റിഥം മുഖ്യ അധൃാപികയും ഡയറക്‌ടറുമായ ശിങ്കാരി മക്കോറ (കുര്യാക്കോസ്) സന്നിഹിതരായവര്‍ക്ക് സ്വാഗതമാശംസിച്ചു. ഡോക്‌ടര്‍ സുര?ി വീരരാഘവന്‍ അവതാരികയായിരുന്നു. ഈ നൃത്ത വിദ്യാലയത്തിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കും, ഇതിന്റെ വിവിധ മേഖലകളില്‍ പ്രശസ്‌ത സേവനങ്ങള്‍ അനുഷ്‌ടിച്ചു വരുന്നവര്‍ക്കും അംഗീകാരത്തിന്റെ ചിഹ്നമായ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷത്തെ സ്‌ക്കോളര്‍ഷിപ്പിന് അര്‍ഹയായ ടിഫിനി സിറിയക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
തുടര്‍ന്ന് ഇടമുറിയാതെ `ഇന്‍ക്രെഡിബിള്‍ ഇന്ത്യ' അവിശ്വസനീയമായ ഇന്ത്യയുടെ അമൂല്യമായ സാംസ്‌ക്കാരിക വിശേഷങ്ങളേയും ചരിത്രങ്ങളേയും കോര്‍ത്തിണക്കിയ ഇന്ത്യയിലെ വൈവിധ്യത്തിലെ ഏകത്വം വ്യക്തമാക്കിക്കൊണ്ടുള്ള നൃത്തനൃത്യങ്ങള്‍ പെയ്‌തിറങ്ങുകയായിരുന്നു. സംഗീത ശ്രുതി താള ലയങ്ങളെ സമ്മേളിപ്പിച്ചു കൊണ്ട് സപ്‌തവര്‍ണ്ണങ്ങള്‍ അതിചാരുതയോടെ വാരിവിതറി മോഡേണ്‍ ഇലക്‌ട്രോണിക് ശബ്‌ദവെളിച്ചങ്ങളുടെ മികവാര്‍ന്ന അകമ്പടിയോടെ പുതുപുത്തന്‍ സുകുമാര കലാപുഷ്‌പങ്ങള്‍ വിരിയിച്ച് സ്റ്റേജില്‍ നവീന വിസ്‌മയങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട് ശിങ്കാരി നൃത്ത കലാലയത്തിലെ കലാകാരികളും കലാകാരന്മാരും സംഗീത നൃത്ത കലാപ്രകടനത്തിന്റെ മാസ്‌മരിക സ്വപ്‌ന സൗധങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ഭാരതത്തിലെ വിവിധ സ്റ്റേറ്റുകളിലെ പ്രചുരപ്രചാരത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട നൃത്തങ്ങളുടെ തനി ആവിഷ്‌കാരങ്ങളാണ് വേദിയില്‍ അരങ്ങേറിയത്. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സ്റ്റേറ്റുകളിലൂടെ പര്യടനം നടത്തിയ ശിങ്കാരിയുടെ നൃത്തസംഘം ഇന്ത്യയിലെ പ്രമുഖമായ മുംബൈയിലെ ധാരാവി തുടങ്ങിയ ചേരിനിവാസികളുടെ നൃത്തരൂപങ്ങളും സ്റ്റേജില്‍ അതി തന്മയത്വമായി അവതരിപ്പിക്കാന്‍ മറന്നില്ല. ഇന്ത്യയിലെ മണ്‍സൂണ്‍ മഴക്കാലം മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ഉല്‍സവങ്ങള്‍ക്കും അനുയോജ്യവും, പ്രതീകാത്മകവുമായ നൃത്തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്കും ശ്രോതാക്കള്‍ക്കും കലയുടെ ആവിഷ്‌കാരത്തില്‍ പൊതിഞ്ഞ സാംസ്‌ക്കാരിക പൈതൃകങ്ങളെ, അറിവിനെ പറ്റിയുള്ള മണിമുത്തുകള്‍ കൂടെ നിര്‍ലോഭം വാരിവിതറുന്നതായി തോന്നി.
അതിചടുലമായ നൃത്തചുവടുകള്‍ കൊണ്ട് അരങ്ങിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ പര്യാപ്‌തമായ ബോളിവുഡ് നൃത്തങ്ങള്‍ക്കു ശേഷം അയല്‍സംസ്ഥാനമായ തമിഴ് സംസ്‌ക്കാരത്തിന്റെയും സിനിമയുടെയും ക്ലാസിക്കല്‍, സെമിക്ലാസിക്കല്‍, ഫോക്ക്, സിനിമാറ്റിക് നൃത്തങ്ങല്‍ ശിങ്കാരിയുടെ സ്‌ക്കൂള്‍ ഓഫ് റിഥം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരുടെ നിലയ്‌ക്കാത്ത കൈയ്യടിയായിരുന്നു. നൃത്തസംഘം സഹ്യാദ്രിസാനുക്കള്‍ താണ്ടി കേരളമണ്ണിലെത്തിയപ്പോള്‍ മലയാണ്മയുടെ ലളിതസുന്ദരമായ കലാനൃത്ത കൗതുകങ്ങള്‍ പീലി നിവര്‍ത്തിയാടി. ഭാരതത്തിലെ പ്രമുഖ മതങ്ങളായ ഹിന്ദു-മുസ്ലീം-ക്രൈസ്‌തവ വിശ്വാസ സംഹിതകളേയും സംസ്‌ക്കാരങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ടുള്ള നൃത്തം മഹനീയ സന്ദേശമാണ് കാണികള്‍ക്ക് നല്‍കിയത്. ഈ നൃത്ത-സംഗീത സദ്യയ്‌ക്ക് സമാപനമായി അര്‍പ്പിച്ച നൃത്താവിഷ്‌കരണത്തില്‍ കൊച്ചു കലാകാരികളും കലാകാരന്മാരും ഉള്‍പ്പടെ ശിങ്കാരീസ് സ്‌ക്കൂള്‍ ഓഫ് റിഥത്തിലെ മുതിര്‍ന്ന കലാകാരികളും കലാകാരന്മാരും അടക്കം ഏതാണ്ട് 150ല്‍ പരം പേരാണ് ചുവടുവെച്ചത്. അവരുടെ ഇടയില്‍ പ്രതീകാത്മകമായി മഹാത്മാഗാന്ധിയും മദര്‍ തെരേസയും കൂടെ പ്രത്യക്ഷമായപ്പോള്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി എഴുന്നേറ്റു നിന്നു. സുമാര്‍ 3 മണിക്കൂര്‍ നീണ്ടുനിന്ന ഈ 5-ാം വാര്‍ഷിക നൃത്തോല്‍സവം കാണികള്‍ക്കും ശ്രോതാക്കള്‍ക്കും അത്യന്തം മധുരോദാരമായ ഒരനുഥൂതിയും വിസ്‌മയവുമാണ് നല്‍കിയത്. ശിങ്കാരീസ് സ്‌ക്കൂള്‍ ഓഫ് റിഥം ഇപ്പോള്‍ മിസോറിസിറ്റി, പെയര്‍ലാന്‍ഡ്, ഡാലസ്, ലോസ് ആന്‍ജലസ്, സാന്‍ഫ്രാന്‍സിസ്‌ക്കൊ എന്നിവിടങ്ങളിലായി നൃത്തവിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്.
Comments