You are Here : Home / Editorial

അച്ചന്‍ ഇപ്പോഴാണ് ശരിക്കും ഒരു 'അച്ഛനാ'യത്.

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, March 03, 2017 01:00 hrs UTC

അച്ചനൊരു പെണ്‍കൊച്ചിനെ കേറിയൊന്നു പിടിച്ചു. ഇടവക വികാരി ആയതുകൊണ്ട് വികാരങ്ങളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ പിന്നെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒരു ആണ്‍കുട്ടിയെ പ്രസവിക്കുമെന്നു മനസ്സാ വാചാ കര്‍മ്മണ വിചാരിച്ചതല്ല. ഇതിനു മുമ്പ് എത്രയോ വനിതകളുമായി കാമകേളി ആടിയതാണ്. പക്ഷേ അവരൊക്കെ mature ആയിരുന്നു. maturity ഉള്ളവരായിരുന്നു. സെന്‍സുണ്ടായിരുന്നു. സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. വല്ല അക്കിടി പറ്റിയാല്‍ തന്നെ ഡീല്‍ ചെയ്യുവാന്‍ കരുത്തുള്ളവരായിരുന്നു. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മാനേജരുമായ ഫാ. റോബിന്‍ വടക്കുംചേരിയാണ് കഥാനായകന്‍. താനാണ് ഈ വീരകൃത്യം നടത്തിയതെന്ന് അയാള്‍ പോലീസിനോടു സമ്മതിച്ചു. അച്ചന്‍ ഇപ്പോഴാണ് ശരിക്കും ഒരു 'അച്ഛനാ'യത്. അച്ചനൊരു 'കൈ'അബദ്ധം പറ്റി. അച്ചന്മാരും നമ്മളേപ്പോലെ തന്നെ മനുഷ്യരല്ലേ...?

 

കുപ്പായമിട്ടെന്നു കരുതി പെട്ടെന്നു വികാരമെല്ലാമങ്ങു കെട്ടടങ്ങുമോ...? ഈ 'കടുക്കാവെള്ളം' സത്യത്തില്‍ ഒരു ഉത്തേജക ഔഷധമാണെന്നു തോന്നുന്നു. വൈദീക സെമിനാരികളില്‍ ഇതു നിരോധിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. 'ദൈവവിളി' കിട്ടിയെന്ന് അവകാശപ്പെടുന്നവരാണ് സാധാരണ പുരോഹിതന്മാരാകുന്നതെന്ന് എന്നാണു ധാരണ. ചുമ്മാ സുന്ദര സ്വപ്നങ്ങളും കണ്ടുറങ്ങുന്ന ഒരുവനെ പാതിരാത്രിക്ക് തട്ടിയുണര്‍ത്തി, ''മകനേ...! നീ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു എന്റെ ദാസനായി കുഞ്ഞാടുകളെ മേയ്ക്കുക...എനിക്കായി എന്റെ മുന്തിരി തോട്ടത്തില്‍ വേല ചെയ്യുക...'' എന്നൊക്കെ പറയുവാന്‍ കര്‍ത്താവിനെന്താ വല്ല ബോധക്കുറവുമുണ്ടോ...? ഇക്കാലത്തൊരു പുരോഹിതനാകുന്നത് നല്ലൊരു ആദായമാര്‍ഗ്ഗമാണ്. പള്ളിയില്‍ നിന്നുള്ള ശമ്പളം, പുറമേ മാമ്മോദീസാ, വിവാഹം, മരണം, വീടുകൂദാശ, കാറു കൂദാശ ഇതിനൊക്കെ കിമ്പളം. പദവിയനുസരിച്ച് പ്രതിഫലത്തുകയും കൂടും. ഇതിനെല്ലാം ഇപ്പോള്‍ fixed rate ആണ്. Brain dead ആയവന്റെ പ്ലഗ് ഊരുന്നതു തന്നെ ബിഷപ്പിന്റെ availability അനുസരിച്ചാണ്. ഈയിടെ നടന്ന ഒരു ചടങ്ങിലെ ബിഷപ്പന്മാരുടെ ഫോട്ടോ പത്രത്തില്‍ കാണുവാനിടയായി. പ്രധാന പുള്ളിക്ക് മറ്റാരുടെ തൊപ്പിയേക്കാളും നീളക്കൂടുതലുള്ള, 'empire state building' മോഡലിലുള്ള കിരീടമുണ്ട്.

 

 

അതിനു തൊട്ടു താഴെ ഉള്ളവര്‍ക്ക് താഴികക്കുടം തൊപ്പിയാണ്. കറുത്ത നെഹ്‌റു തൊപ്പി വെച്ചവര്‍ സാദാ പട്ടക്കാരായിരിക്കുവാനാണു സാധ്യത. പാവം ക്രിസ്തുവിന് കിട്ടിയത് ഒരു മുള്‍ക്കിരീടം മാത്രം. നോമ്പു കാലമായതിനാല്‍ അച്ചന്മാരുടെ സാരോപദേശ പ്രസംഗത്തിനു അല്ലറ ചില്ലറ modifications വരുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണമാണൊരു വിഷയം. ശുഭ്രവസ്ത്രം ധരിച്ചു മാത്രമേ പള്ളിയില്‍ വരാവൂ, ആഭരണങ്ങള്‍ അധികം അണിയരുത്. തുടങ്ങിയ ഉപദേശങ്ങള്‍. നമ്മുടെ പെണ്ണുങ്ങളൊക്കെ കഷ്ടപ്പെട്ടു നാലു പുത്തനുണ്ടാക്കി, നാട്ടില്‍ വന്നു നല്ല സാരിയൊക്കെ വാങ്ങിക്കൊണ്ടു പോവുന്നത് പള്ളിയില്‍ ഉടുത്തുകൊണ്ടു പോയി പ്രദര്‍ശിപ്പിക്കുവാനാണ്. അല്ലാതെ മറ്റൊരു വേദി എവിടെയാണ് അവര്‍ക്കുള്ളത്...? ഈ ഉപദേശം നല്‍കുന്ന അച്ചന്മാരുടെ കാപ്പയിലുള്ളിടത്തോളം ചിത്രപ്പണികളുള്ള സാരിയുടുത്തു കൊണ്ട് ആരും വരുന്നില്ല. സ്വര്‍ണ്ണ നൂലുകൊണ്ടുള്ള പ്രാവ്, വെള്ളി നൂലുകൊണ്ടു നെയ്ത കുരിശ്, അങ്ങിനെ എന്തെല്ലാം അലങ്കാരങ്ങള്‍. ആ കുപ്പായമിട്ടുകൊണ്ടാണ് സ്ത്രീകളുടെ സാരിയുടെ നിറത്തിനെ വിമര്‍ശിക്കുന്നത്. കര്‍ത്താവിന് എത്ര കാപ്പയായിരുന്നു...? പറഞ്ഞു വന്ന കാര്യം പിടിവിട്ടുപോയി. അച്ചന്‍ പെണ്‍കൊച്ചിനു, ഒരു കൊച്ചിനെ സൃഷ്ടിച്ചു കൊടുത്തപ്പോള്‍ സഭയ്ക്കാകമാനം നാണക്കേട്, മാനക്കേട്. സംഗതി എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കണം. അതിന് ആവശ്യത്തിലധികം അനുഭവസമ്പത്ത് സഭയ്ക്കുണ്ടല്ലോ...!

 

 

 

സഭയുടെ കീഴിലുള്ള ക്രിസ്തുരാജു ആശുപത്രിയിലായിരുന്നു രഹസ്യമായി പ്രസവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തു. ആ കുട്ടിയുടെ അപ്പന്റെ തലയില്‍ ഈ ക്രൂരകൃത്യം കെട്ടിവയ്ക്കുവാനുള്ള ഒരു ശ്രമവും ഇതിനിടയില്‍ നടന്നു. പ്രസവത്തിനു ശേഷം പിഞ്ചു കുഞ്ഞിനെ വയനാടു വൈത്തിരയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റി. പണം, സ്വാധീനം, ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍ എല്ലാവരും ഈ അവിശുദ്ധ കൂട്ടുകെട്ടിനു വേണ്ടി ഒന്നിച്ചു. ഇരുളിന്റെ മറവില്‍ ആ ചോരക്കുഞ്ഞിനെ തെക്കു വടക്കു കൊണ്ടു നടന്നു, ഫാദര്‍ റോബിന്റെ മാനം കാക്കുവാന്‍ അമ്മമാര്‍ കാവല്‍ നിന്നു.

 

 

 

അച്ചന്മാരുടെ മാനം പോയാല്‍, അവരെ വെള്ള പൂശുന്ന ദൗത്യം അമ്മമാര്‍ക്കാണല്ലോ. വയനാടു മഠത്തിലെ മദര്‍ സുപ്പീരിയര്‍ മാധ്യമങ്ങളോട് പറഞ്ഞത്, ''പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ്'' പഠിച്ചു പറയാന്‍ ഇതെന്താ വല്ല എന്‍ട്രന്‍സ് പരീക്ഷ വല്ലതുമാണോ...? ഇതേ മഠത്തിലെ അന്തേവാസികളെ ചെറിയ കുറ്റത്തിനു പോലും നഗ്നരാക്കി എണ്ണ പുരട്ടിയ ചൂരല്‍ കൊണ്ട് അടിക്കാറുണ്ടെന്നുള്ള ആരോപണവുമായി ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. വെള്ളക്കുപ്പായവും, തലയില്‍ കറുത്ത വസ്ത്രവുമണിഞ്ഞതു കൊണ്ട് ആരും അമ്മയാകില്ല. അതിനു കുഞ്ഞുങ്ങളെ നൊന്തു പ്രസവിക്കണം. പാലൂട്ടി വളര്‍ത്തണം. അത്തരം അമ്മമാര്‍ ഈ ചെകുത്താന്റെ മാനം രക്ഷിക്കുവാന്‍, ഒരു പെണ്‍കുട്ടിയോടും, ഒരു ചോരക്കുഞ്ഞിനോടും ഇത്ര കൊടും ക്രൂരത കാണിക്കയില്ലായിരുന്നു...!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.