അങ്ങിനെ അവസാനം അതിനൊരു തീരുമാനമായി കേരള ജനതയെ വളരെ നാളുകളായി അലട്ടി കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി മന്ത്രിസഭ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഈ തീരുമാനം അറിഞ്ഞപ്പോള്‍ മലയാളി മക്കള്‍ ഒന്നടങ്കം രോമാഞ്ചമണിഞ്ഞു. രോമാഞ്ചം കൊണ്ട് എഴുന്നേറ്റ് നില്‍ക്കുന്ന അവരുടെ രോമങ്ങള്‍ ഇതുവരെ ഇരുന്നിട്ടില്ല എന്നാണറിവ്. തീരുമാനമിതാണ്: മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 21 ല്‍ നിന്നും 23 ആയി ഉയര്‍ത്തും. കള്ളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മുട്ടിനു മുട്ടിനു ബിവറേജ്‌സ് ഔട്ടലെറ്റും ബാറുകളും വാരിക്കോരി കൊടുത്തതിനു ശേഷമാണ് ഈ തീരുമാനം. 18-ാം വയസ്സില്‍ വോട്ടു ചെയ്യുവാനും, 21-ാം വയസ്സില്‍ വിവാഹം കഴിക്കുവാനും അനുവാദമുള്ള യുവജനങ്ങളോടാണ്, അടിച്ചൊന്നു പൂസ്സാകണമെങ്കില്‍ ഇരുപത്തിമൂന്നു വയസുവരെ കാത്തു നില്‍ക്കണമെന്ന് സര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുന്നത്. ഇതേതായാലും ഇച്ചിരെ കടന്ന കൈ ആയിപ്പോയി. മനസ്സാക്ഷിയുള്ളവര്‍ ഇത് എങ്ങിനെ സഹിക്കും?
പണ്ടു നമ്മുടെ ആന്റണിജി ഇതുപോലൊരു കാട്ടായം കാട്ടിയാണ്. 'ചാരായം' ഒറ്റയടിക്കങ്ങു നിര്‍ത്തി- ഫലമോ? കേരളത്തില്‍ കള്ളച്ചാരായം ഒഴുകുവാന്‍ തുടങ്ങി. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടാണ് ഈ തീരുമാനമെടുത്തത്. പക്ഷേ ആ ഇലക്ഷനില്‍ കോണ്‍ഗ്രസ് മുന്നണി എട്ടുനിലയില്‍ പൊട്ടി. ബഹുമാനപ്പെട്ട ആന്റണിക്ക് ഇപ്പോള്‍ ശാരീരികമായി നല്ല സുഖമില്ലെന്നാണറിവ്. കേരളത്തിലെ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരും പടലപിണക്കവും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരത്തെപ്പറ്റി ആലോചിച്ചാലോചിച്ച് അദ്ദേഹം അവശനായി തലകറങ്ങി വീണേ്രത! ആന്റണിജിക്ക് ഇനി അല്പം വിശ്രമം ആവശ്യമാണ്. ഇന്‍ഡ്യന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തിട്ട് നല്ലതുപോലെ ഒന്നു റെസ്റ്റ് എടുക്കാമെന്നു കരുതിയതാണ്. ഇനി അതിനു വലിയ സ്‌കോപ്പു കാണുന്നില്ല. കുരുത്തം കെട്ട ബി.ജെ.പി.ക്കാര്‍ എവിടെ നിന്നോ വന്ന ഒരു കോവിന്ദനെ പിടിച്ച് പ്രസിഡന്റ് ആക്കിക്കളഞ്ഞില്ലേ? അദ്ദേഹം ഇടയ്ക്കിടയക്ക് പറയാറുള്ളതു പോലെ പ്രായമുള്ള നേതാക്കള്‍, യുവജനങ്ങള്‍ വഴിമാറികൊടുക്കണം- ഈ ഉപദേശം തനിക്കു ബാധകമല്ല എന്നാണ് ആന്റണി വിശ്വസിച്ചിരിക്കുന്നത്. ഇതിനിടയില്‍ രാഹുല്‍ജിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കുവാനുള്ള തീരുമാനമായിക്കഴിഞ്ഞു. ആരും എതിരില്ല- എന്തൊരു ഐക്യം!
ആരെങ്കിലും എതിരുനിന്നിരുന്നെങ്കില്‍ അവന്റെ കാര്യം കട്ടപ്പൊക ആയേനേ! പയ്യന്‍സ് mature ആയെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്- കാത്തിരുന്നു കാണാം. ചെന്നിത്തലജി 'പടയൊരുക്കം' എന്നൊരു ജാഥയുമായി കാസര്‍കോട്ടു നിന്നു തെക്കോട്ടു തിരിച്ചു. കഷ്ടകാലക്കാരന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തു എന്നു പറഞ്ഞതുപോലെയായി അവസ്ഥ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റീസ് ശിവരാജന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. അതൊരു സരിതാ വര്‍ണ്ണന റിപ്പോര്‍ട്ട് ആണെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍- ജസ്റ്റീസ് ശിവരാജന്‍, സരിതയുടെ മാദകസൗന്ദര്യത്തില്‍ ആകൃഷ്ടനായി പോലും. 'അവള്‍ ചിരിച്ചാല്‍ മുത്തുചിതറും ആ മുത്തോ നക്ഷത്രമാകും-' 'എന്തു ഭംഗി നിന്നെ കാണാന്‍-' തുടങ്ങിയ ചില സിനിമാഗാനങ്ങളും, 'അധരവദനസുര' എന്നോ മറ്റോ ഉള്ള ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും റിപ്പോര്‍ട്ടിലുണ്ടേ്രത! 'പടയൊരുക്കം' ശംഖുമുഖത്ത് സമാപിക്കുമ്പോള്‍ അവിടെയൊരു തിരയിളക്കം നടക്കുമെന്നു ചെന്നിത്തല പ്രഖ്യാപിച്ചു. പ്രവചനം അറം പറ്റി-നിശ്ചയിച്ചിരുന്ന സമാപനത്തീയതിയുടെ അന്ന് 'ഓഖി' ചുഴലിക്കാറ്റ് രംഗബോധമില്ലാതെ കടന്നു വന്നു- 'പടയൊരുക്കത്തി'ന്റെ വേദി അറബിക്കടലില്‍!ചെന്നിത്തലക്കു പറ്റിയ ഒരു ചതി.
കേരളാ സര്‍ക്കാരിന് ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും 'ഇതിലും വലിയ സുനാമി വന്നിട്ട് ഞങ്ങള്‍ അനങ്ങിയില്ല- പിന്നാ ഈ ഡൂക്കിലി ഓക്കി' എന്ന മട്ടില്‍ അതു ചുഛിച്ചു തള്ളി. കളി കാര്യമായപ്പോള്‍, ഇപ്പോള്‍ കേന്ദ്രവും കേരളവും തമ്മില്‍ പരസ്പരം പഴിചാരി കളിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിനു 20 ലക്ഷം രൂപാ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍, 'അതു പോരാ, കൊടുക്കടേയ് ഒരു 25 ലക്ഷമെങ്കിലും' എന്ന് കോണ്‍ഗ്രസുകാര്‍ പോലും വകവെയ്ക്കാത്ത കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ ഒരു കാച്ചു കാച്ചി കൈയടി നേടാന്‍ ശ്രമിച്ചെങ്കിലും ആരും അതിനു പുല്ലുവില പോലും കൊടുത്തില്ല. ഇടതനും വലതനും കൂടി പരസ്പരം പാരപണിത് തെക്കുവടക്കൊരു ജാഥ നടത്തി. CPI നേതാവ് കാനം രാജേന്ദ്രന്‍ വേദിയില്‍, 'ഞാന്‍ കായല്‍ നികത്തിയിട്ടുണ്ട്- ഇനിയും നികത്തും-' കായാലു മുഴുവന്‍ ഞാന്‍ കരയാക്കും-എന്റെ ഒരു ചെറുവിരലില്‍ പോലും തൊടാന്‍ ഒരു പുല്ലനും കഴിയുകയില്ല.' എന്നു കായല്‍ കയ്യേറ്റ രാജാവ് തോമസ് ചാണ്ടി ഒരു വെല്ലുവിളി നടത്തി.
കാനം കാമാന്നൊരു അക്ഷരം മിണ്ടാതെ അവിടെയിരുന്ന് ഇതെല്ലാം കേട്ടു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ കക്കാടംപൊയില്‍ അന്‍വര്‍ MLA- കള്ളത്തരങ്ങളുടെ അടിത്തറപാകി ഒരു വാട്ടര്‍തീം പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് MLA-യ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ ഭരണാധികാരികള്‍- ഇപ്പോള്‍ അന്‍വര്‍ സാര്‍ പരിസ്ഥിതി പരിപാലന കമ്മീഷന്‍ അംഗവുമാണ്. ജോയ്‌സ് ജോര്‍ജ് എം.പി. ഉള്‍പ്പെടെ നിരവധിയാളുകള്‍ ഭൂമി കൈയേറ്റ ആരോപണ വിധേയരാണ്. ഇപ്പോഴിതാ പതിന്നാലുകൊല്ലത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാടുകളും കൈയേറ്റക്കാരുടെ കൈകളിലമരുന്നു-ഇതേപ്പറ്റി അന്വേക്ഷിക്കുവാനും ഒരു കമ്മീഷന്‍ ഉണ്ട്- 'മാപ്പല്ല, കോപ്പാ' ഞാന്‍ പറയാന്‍ പോകുന്നത് എന്നു പറഞ്ഞ മന്ത്രി മണിയാശനുമുണ്ട് ഈ കമ്മീഷനില്‍- പോരേ പൂരം? ഇത്രയേറെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിക്ക് ഒരു അനക്കവുമില്ല. ആരോടാ, എന്തോ കടപ്പാടുള്ളതുപോലെ! എന്നാല്‍ ഇവര്‍ക്കിടയിലെല്ലാം പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി നമുക്കുണ്ട്. 'കടക്കൂ പുറത്ത്' എന്നു ആക്രോശിച്ച് പത്രക്കാരെ പടിക്കു പുറത്തു നിര്‍ത്തിയ സാക്ഷാല്‍ പിണറായി വിജയന്‍ പോലും, സാഷ്ടാംഗം നമിക്കുന്ന തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങളും, അനധികൃത റിസോര്‍ട്ട് നിര്‍മ്മാണവും മറ്റും ധൈര്യസമേതം പുറത്തു കൊണ്ടു വന്ന ആലപ്പുഴയിലെ യുവജില്ലാകലക്ടര്‍-ടി.എ.അനുപമ. അവരാണ് പോയ വര്‍ഷത്തെ താരം.
Comments