നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടാന്‍ ആദ്യം കോടതി ഉത്തരവ്. പൂട്ടിയ ബാറുകള്‍ ഒരു കാരണവശാലും തുറപ്പിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്- പുതിയ പദവി ലഭിച്ചതിലുള്ള സുധീരന്റെ വിവരക്കേടായി മുഖ്യനും കൂട്ടരും ഇതിനെ പുച്ഛിച്ചു തള്ളി. പക്ഷേ സുധീരനു പിന്തുണയുമായി ഘടകകക്ഷികളും , സഭാ നേതൃത്വവും രംഗത്തിറങ്ങിയതോടെ കളി കാര്യമായി. ചാണ്ടിയും ബാബുവും പ്രകാശുമെല്ലാം മദ്യലോബികളുടെ വക്താക്കളായി മുദ്രകുത്തപ്പെട്ടു. സുധീരന്റെ പ്രതിഛായക്കു തിളക്കമേറിയപ്പോള് , ചാണ്ടിക്കുഞ്ഞിന്റെ സരിത വര്ണത്തിലേറ്റു മങ്ങലേറ്റു. കുഞ്ഞൂഞ്ഞിന്റെ അടുത്താണോ സുധീരന്റെ കളി? ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകളും കൂടി പൂട്ടിക്കെട്ടുവാന്‍ മുഖ്യന് കല്പനയിറക്കി വീരനും ധീരനുമായ സൂധീരനെ മലര്‍ത്തിയടിച്ചു.
അപ്പോഴാണ് ഓണത്തിന്റെ കാര്യം അദ്ദേഹത്തിന്റെ കാതില്‍ ആരോ ഓതിയത്. ഓണസീസണ് എന്നു പറഞ്ഞാല്‍ മദ്യവില്പനയുടെ ചാകരയാണ്. പത്തു പുത്തന്‍ കൂടി ഖജനാവിലേക്കു പോന്നാല്‍ ആര്‍ക്കാണു ചേതം ? അതുകൊണ്ടു തന്നെ ഈ ഓണത്തിന് കുടിച്ച് ആര്ത്തുമദിച്ചു കൊള്ളുവാന്‍ കുഞ്ഞൂഞ്ഞു തമ്പുരാന് പ്രജകള്‍ക്ക് അനുവാദം കൊടുത്തു.രാജാവ് നീണാള്‍ വാഴട്ടെ !കുടിയന്മാരുടെ നിലയും വിലയും അനുസരിച്ച് അവര്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയിട്ടുണ്ട്. മൂത്രമൊഴിക്കാന്‍ വൃത്തിയും ശുദ്ധിയുമുള്ള ഹാര്‍പിക് ഉപയോഗിച്ച് ക്ലീനാക്കിയ ടോയിലെറ്റുകല്‍, സൗകര്യപ്രദമായ രീതിയില്‍ വാളുവെയ്ക്കുവാന് വിശാലമായ വാഷ് ബേസിനുകള്‍, ഒളിക്യാമറ സുന്ദരിമാരുമൊത്തു ശയിക്കുവാന്‍ എ.സി റുമുകള്‍ - ഇതൊക്കെയാണു സ്റ്റാര്‍ പദവി ലഭിക്കുവാനുള്ള നിബന്ധനകള്‍ - കോടിക്കണക്കിനു രൂപാ ചിലവാക്കി ബാറു നടത്തുന്ന പോഴമാര് ഇതൊന്നും അത്ര കാര്യമാക്കിയില്ല. കുടിച്ചു ബോധം കെട്ടവനു എന്തു നിലവാരം ? വീണിടം വിഷ്ണുലോകം !
ലോകാരംഭം മുതല്‍ തന്നെ മദ്യപാനം ഉണ്ടായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുപുരാണങ്ങളിലും , ബൈബിളിലെ പഴയനിയമത്തിലും സുരപാനത്തെപ്പറ്റിയുള്ള പ്രതിപാദനമുണ്ട്. കാനാവിലെ കല്യാണത്തിനു കര്‍ത്താവ് വെള്ളം വീഞ്ഞാക്കി എന്ന കഥയാണ് ക്രിസ്ത്യന്‍ കുടിയന്മാരുടെ പിടിവള്ളി. ബാറുകള്‍ മാത്രമല്ല, ഘട്ടംഘട്ടമായി ബീവറേജസ് ഔട്ടുലേറ്റുകളും നിര്‍ത്തലാക്കുമെന്നും, അങ്ങിനെ അടുത്ത ഓണത്തിനു മുന്‍പായി കേരളത്തെ ഒരു സമ്പൂര്‍ണ്ണ മദ്യരഹിത സംസ്ഥാനമാക്കുമെന്നാണു മുഖ്യമന്ത്രിയുടെ ഉറപ്പ് ! എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം ! ആന്റണിയുടെ സ്വന്തം ബ്രദറാണ് ചാണ്ടി എന്നത് മലയാളികള്‍ക്ക് ഇപ്പോഴാണ് ഉറപ്പായത്. ആന്റണി ചാരായം നിരോധിച്ച അന്നു മുതല്‍, അതിനു മുന്‍പു ലഭിച്ചിരുന്നതിന്റെ പത്തിരട്ടി വിഷച്ചാരായം കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്നു സുലഭമാണ്. ഓണമായാല്‍ ചെക്കുപോസ്റ്റ് വഴി ചെക്കിംഗ് ഒന്നും കൂടാതെ വരുന്ന ടാങ്കര്‍ ലോറികളില്‍ കൂടി വെള്ളമാണ് എന്നു ആര്‍ക്കാണറിയാത്തത്.മദ്യനിരോധനം കൊണ്ട് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാ
കുന്നത് സര്‍ക്കാരിനും, രാഷ്ട്രീയക്കാര്‍ക്കും പിന്നെ മതസ്ഥാപനങ്ങള്ക്കുമാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലല്ലേ കുഞ്ഞൂഞ്ഞേ ! ഈ മദ്യവ്യവസായവുമായി ചുറ്റി ചുറ്റി എത്ര കുടുംബങ്ങളാണ് ജീവിച്ചു പോരുന്നത്. മദ്യം ഉല്പാദിപ്പിക്കുന്നവന്, അതു ലോറികളില്‍ ബാറുകളിലെത്തിക്കുന്ന ഡ്രൈവറന്മാര്, ബീവറേജസ് ഔട്ട്ലെറ്റുകളെ ചുറ്റിപ്പറ്റിയുള്ള തട്ടുകടക്കാര്. ശരിക്കും ആലോചിച്ചാല്‍ ഈ കണ്ണിനു ചുറ്റുമാണ് കേരളം ഇന്നു കറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലും കഷ്ടമാണ് ആശുപത്രിക്കാരുടെ കാര്യം . കടിച്ചു കുടിച്ചു കണ്ണു രണ്ടും ബുള്‍സൈ പരുവത്തിലാകുമ്പോള്‍, കൈയും കാലും കൂട്ടിക്കെട്ടി അതിയാനെ വീട്ടുകാല്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രയിലെത്തിക്കുന്നു. ചിത്തഭ്രമം പിടിപെട്ടവര്‍, വിഷാദരോഗികള്‍, രക്തം ഛര്‍ദ്ദിക്കുന്നവര്‍, മദ്യലഹരിയില്‍ ലഹളയുണ്ടാക്കി പരസ്പരം തല തല്ലക്കീറുന്നവര്, മനോരോഗബാധിതര്, ലിവര്‍ സിറോസിസ് പിടിപെട്ടവര്‍ - എത്ര ബ്ലഡ് ട്രാന്‍സ്ഫ്യൂഷനും സ്കാനിംഗിനുമുള്ള സ്കോപ് ആണ് നഷ്ടപ്പെടുവാന്‍ പോകുന്നത്. ഈ മദ്യനിരോധനവും , മദ്യവര്ജനവുമെല്ലാം സുരേഷ് ഗോപി ഭാഷയില്‍ പറഞ്ഞാല്‍, ദേ പോയി- ദാവന്നു എന്ന വേഗത്തില്‍ ചീറ്റിപ്പോകും. അതുകൊണ്ട് സര്‍ക്കാല്‍ ഈ പാഴ് വേലയില്‍ നിന്നും പിന്മാറുക. റേഷന്‍ കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ബസ് സ്റ്റാന്റ് , റെയില്‍വെ സ്റ്റേഷന് , പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലെല്ലാം സുലഭമായി ലഭിക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക. ഒരു നാരങ്ങ വെള്ളം കുടിക്കുന്ന ലാഘവത്തോടെ കള്ളുകുടിക്കുവാനുള്ള ഒരു മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കുക. “അപ്പനൊരു സോഡായും, എനിക്കൊരു ലാര്‍ജും” എന്നു പറയുവാന്‍ ചങ്കുറപ്പുള്ള ഒരു യുവതലമുറയെ വളര്‍ത്തിയെടുക്കുക.
എല്ലാവര്ക്കും അശ്വമേധത്തിന്റെ നന്മ നിറഞ്ഞ ഓണാശംസകള്‍ !
രാജു മൈലപ്ര
അശ്വമേധം ചീഫ് എഡിറ്റര്‍
Comments