വൃത്തികേടുകള്‍ അടിച്ചുമാറ്റി പരിസരം വൃത്തിയാക്കാനുള്ള ഒരു സാധനമാണ് ചൂല്‍.'നിന്നെ ചൂലുകൊണ്ടടിക്കും'എന്ന് പറഞ്ഞാല്‍ , അത്രമാത്രം വൃത്തികെട്ട ഒരുത്തനാണ് അത് കേള്‍ക്കേണ്ടി വരുന്നത് എന്ന് അര്‍ഥം.
പൊതുജനത്തിന്റെ മുന്നില്‍ നിറപുഞ്ചിരിയും തൊഴുകൈയുമായി ചെന്ന് അവരുടെ ഔദാര്യത്തില്‍ അധികാരത്തില്‍ ഏറുകയും അതിനു ശേഷം അവരെ പുറം കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഉള്ള ഒരു പാഠമാണ് ഇത്തവണത്തെ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.
ആം ആദ്മി എന്ന പത്തുമാസം പോലും പ്രയമാകാത്ത, ഒരു പാര്‍ട്ടിയാണ് ഈ ചൂലിന്റെ റോള്‍ എടുത്തത്. പതിനഞ്ചു വര്‍ഷം ദല്‍ഹി ഭരിച്ച കൊണ്ഗ്രസിനും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും നാണം കേട്ട പരാജയമാണ് ഉണ്ടായിരിക്കുന്നത്.ഇന്നലെ നാമ്പുതിര്‍ത്ത ഒരു പാര്‍ട്ടിയും ഇതുവരെ അറിയപ്പെടാതിരുന്ന അരവിന്ദ് കേജ് രിവാള്‍ എന്നൊരു നേതാവുമാണ്, ഈ അപമാനം ഷീലാ ദീക്ഷിതിനും സോണിയാ ഗാന്ധിക്കും ഇളമുറ തമ്പുരാനായ രാഹുല്‍ ഗാന്ധിക്കും പുതുവര്‍ഷ സമ്മാനമായി നല്‍കിയത്.ശൈശവ പ്രായം പിന്നിടാത്ത, അറിയപ്പെടുന്ന നേതാക്കന്മാര്‍ അരുമില്ലാത്ത , സംഘടനാ അച്ചടക്കം അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയാണ് ഇന്ത്യയിലെ രാഷ്ട്രീയ ദൈവങ്ങളെ എല്ലാം മലര്‍ത്തിയടിച്ചു കൊണ്ട് വന്‍ കുതിപ്പ് നടത്തിയത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വിളിക്കാമോ എന്ന് പരിഹാസമുതിര്‍ത്ത ഷീലാ ദീക്ഷിതിനു വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം സംശയം തീര്‍ന്നു .
മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ദയനീയമായി പരാജയപ്പെടുത്തി ബിജെപി അധികാരത്തിലേക്ക് വരികയും ചെയ്തു. സത്യത്തില്‍ ഈ പരാജയം കോണ്‍ഗ്രസ് ഇരന്നു വാങ്ങുകയായിരുന്നു. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ വ്യാപ്തിയും വിലക്കയറ്റവും പീഡനങ്ങളും ജനങ്ങള്‍ അനുഭവിക്കുന്ന യാതനയും മറ്റും എത്രമാത്രം കഠിനമാണെന്നു ഈ ഒരു പരാജയതിലൂടെ കോണ്‍ഗ്രസ് ഒരു പാഠം പഠിച്ചിരുന്നെങ്കില്‍...
ഇപ്പോഴത്തെ അവസ്ഥ വച്ച് ഒരു പ്രവചനം നടത്തിയാല്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ പച്ച തൊടില്ല. പരസ്പരം പഴിചാരിയും തമ്മില്‍ തല്ലിയും കഴിയുന്ന യുഡിഎഫിന് ഇനിയുള്ള ഏതാനും മാസങ്ങളില്‍ ഒരുമിച്ചു നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും കഴിയുമെന്ന് തോന്നുന്നില്ല."ഇടി വെട്ടിയവനെ പാമ്പു കടിച്ചു" എന്ന് പറഞ്ഞത് പോലെ ഇതാ അവസാനം, ഒരു ഉഗ്രന്‍ ആറ്റം ബോംബ് പൊട്ടിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാതെ , കെ സുധാകരന്‍ എംപി കണ്ണൂരില്‍ നിന്നും മത്സരിക്കുകയില്ലത്രേ. "എന്‍റെ പോന്നു സുധാകരാ , ഇത്ര കടു കട്ടിയായ തീരുമാനങ്ങളോന്നും എടുക്കരുതേ, നയിക്കുവാന്‍ താങ്കളില്ലെങ്കില്‍ , 'ആരാ നിങ്ങളുടെ നേതാവ്' എന്ന് വല്ല വിവരം കേട്ടവന്മാരും ചോദിച്ചാല്‍ ഞങ്ങള്‍ എന്ത് ഉത്തരം പറയും?
ചൂലുകള്‍ ഇനിയും നമ്മള്‍ക്ക് ആവശ്യമാണ്- സമുദായങ്ങളില്‍, സംഘടനകളില്‍, -ഒരു ഓവര്‍സീസ് ചൂല്‍ സംഘടന ഉടന്‍ ആരംഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അശ്വമേധത്തിന്‍റെ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് സന്തോഷകരമായ ഒരു ക്രിസ്തുമസും ഐശ്വര്യപ്രദമായ ഒരു പുതുവത്സരവും നേര്‍ന്നുകൊണ്ട്
സ്നേഹത്തോടെ ,
രാജു മൈലപ്രാ
Comments
Good Article Raju . Keep writing same type articles