വിലക്കയറ്റമോ പരിസ്ഥിതി മലിനീകരണമോ ഭരണമാറ്റമോ ഒന്നുമല്ല കേരളത്തിലെ
ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന്
ആരോപിച്ചു 418 ബാറുകളാണ് സംസ്ഥാനത്ത് ഒറ്റയടിക്ക് പൂട്ടിയത്. ടു
സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ പദവി വരെയുള്ള ബാറുകള്‍
ഇതിലുള്‍പ്പെടുന്നു.ഇവ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യനും
കൂട്ടരും ആവശയപ്പെടുമ്പോള്‍ ' മുടിയാതെ' എന്നാണു കെപിസിസി പ്രസിഡന്റ്റ്
സുധീരന്റെ ധീരമായ നിലപാട്.
ബാറുകളില്‍ പ്രത്യേകിച്ച് എന്ത് മാനദണ്ഡങ്ങള്‍
സ്വീകരിക്കുവാനാണ്? അടിച്ചു പൂക്കുറ്റിയായി വാളുവെയ്ക്കാനാണ് പലരും അവിടെ
പോകുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ പലതും വാഷ് റൂമില്‍ തന്നെ
നിറവേറ്റുന്നതിനു അവര്‍ക്കൊരു മടിയും ഇല്ല. ചാറയടിച്ചു തലകൊരു കിക്ക്
കിട്ടുമ്പോള്‍ വീട്ടില്‍ ചെന്നും പെണ്ണുംപിള്ളയ്ക്കൊരു കിക്ക്
കൊടുത്തിട്ടു ആ പാവത്താന്മാര്‍ സുഖമായി വായും പൊളിച്ചു
കിടന്നുറങ്ങും.
കുടിയന്മാര്‍ക്ക് പരാതിയില്ലെങ്കില്‍ സര്‍ക്കാറിനെന്താണ്
ഇത്ര പിടിവാശി.? ബാറുകള്‍ അടച്ചതോടെ കേരളത്തില്‍ അങ്ങിങ്ങോളം മിനി
ബാറുകള്ടെ പ്രളയമാണ്. ഓട്ടോയിലും കാറുകളിലും തകൃതിയായി മദ്യവില്‍പ്പന
നടക്കുന്നുണ്ട്. ടച്ചിംഗ്സുമായി മുക്കിലും മൂലയിലും സഞ്ചരിക്കുന്ന
ബാറുകള്‍ സുലഭമാണ്.
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ക്രമാതീതമായി
വളരുകയാണ്. കേരളത്തില്‍ 418ബാറുകള്‍ക്ക് ഷട്ടര്‍ വീണതോടെ
നാല്പ്പതിനായിരത്തില്‍ ഏറെ പേര്‍ പട്ടിണിയിലാണ്.ബാര്‍ തൊഴിലാളികള്‍,
മുട്ടക്കച്ചവടക്കാര്‍, കോഴിക്കച്ചവടക്കാര്‍, ടാച്ചിഗ്സ് പാര്‍ട്ടികള്‍
ഇവരെല്ലാം ഈ ദുരിതം പങ്കിട്ടവരാണ്.
മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കുവാന്‍ മടിയില്ലെന്ന്
ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിടുണ്ടേങ്കിലും ബീവറേജസ് കോര്‍പ്പറെഷന്‍റെ
ഔട്ട് ലറ്റുകള്‍ ഒന്നും ഇതുവരെ അടച്ചിട്ടില്ല. മദ്യ നിരോധനം
നടപ്പാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെങ്കില്‍ മദ്യ വില്‍പ്പനശാലകളില്‍
കസ്റ്റമേഴ്സിന് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നു
ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരിക്കുന്നു. മദ്യം വാങ്ങാന്‍ വരുന്നവരെ
നാണം കെടുത്തുന്ന തരത്തില്‍ ബീവറേജ് ഔട്ട് ലെറ്റ്കളില്‍ കാണുന്ന നീണ്ട
ക്യു ഒഴിവാക്കിക്കൂടെ എന്നും ചോദിച്ചിരിക്കുന്നു.
കോടതിയുടെ പരാമര്‍ശം വലിയ പരിഗണന അര്‍ഹിക്കുന്നുണ്ട്. സര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍
താങ്ങിനിര്‍ത്തുന്ന ബഹുമാനപ്പെട്ട ഈ മദ്യപാനികളെ വെറും കുടിയന്മാരായി
കാണരുത്. പത്തുമണിക്ക് മാത്രം തുറക്കുന്ന മദ്യവില്‍പ്പന ശാലയുടെ
മുന്നില്‍ രാവിലെ എട്ടു മണിമുതല്‍ ക്യു ആരംഭിക്കും.
പലരും വിറച്ചുകൊണ്ടാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യം
നല്‍കണം.മഴപെയ്യുമ്പോള്‍ പലരും നനഞ്ഞാണ് നില്‍ക്കുന്നത് നനഞ്ഞു
കുളിക്കാതിരിക്കാന്‍ മുകളില്‍ നടപ്പന്തല്‍ കെട്ടണം. അതുപോലെ ടോക്കന്‍
സമ്പ്രദായവും ഏര്‍പ്പെടുത്താം.
ഇപ്പോള്‍ മദ്യക്കുപ്പികള്‍ പൊതിയാതെയാണ്
കൊടുക്കുന്നത്. അത് കവറിലിട്ടു കൊടുക്കുവാനുള്ള മര്യാദ കാണിക്കണം.
എഴുന്നൂറ് രൂപ ശരാശരി ദിവസക്കൂലി ഉള്ള ഒരാള്‍ അഞ്ഞൂറ് രൂപയാണ്
മദ്യത്തിനുവേണ്ടി ചെലവാക്കുന്നത്.പതിവായുള്ള ഉപയോഗം മൂലം ഇവരില്‍ വലിയൊരു
പങ്കും മാറാരോഗികള്‍ ആയ മാറുന്നു. ആശുപത്രി,
മരുന്നുശാലകള്‍,ശവപ്പെട്ടിക്കട, റീത്ത് കട, തുടങ്ങിയ
സ്ഥാപനങ്ങള്‍ക്കെല്ലാം ഇതുമൂലം അധിക വരുമാനം ഉണ്ടാകുന്നു.
അതിനാല്‍ അനേക സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സായ മദ്യപാന്മാര്‍ക്ക്
അവര്‍ അര്‍ഹിക്കുന്ന മാന്യത ലഭിക്കുവാന്‍ , സര്‍ക്കാര്‍ അടിയന്തിരമായി
ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു
സ്നേഹത്തോടെ
രാജു മൈലപ്ര
Comments