You are Here : Home / Editorial

'ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ!'

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, December 19, 2016 12:03 hrs UTC

തോണ്ടലും, തലോടലും, കെട്ടിപ്പിടുത്തവുമെല്ലാം വാര്‍ത്തകളാണല്ലോ ഈ വര്‍ത്തമാന കാലത്ത്. മീഡിയാ ഇത്രകണ്ടു സ്‌ട്രോംഗ് അല്ലാതിരുന്ന കാലത്ത് ഇതിനൊന്നും വലിയ വാര്‍ത്താ പ്രാധാന്യമില്ലായിരുന്നു. വടശ്ശേരിക്കരയില്‍ പൂവാലശല്യം- എന്നോ മറ്റോ ഒരു ഒറ്റക്കോളം വാര്‍ത്ത അകത്താളുകളില്‍ എവിടെയെങ്കിലും ഇടംകണ്ടാലായി. 'പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റും വനിതാമെംബറും തമ്മില്‍ കാമകേളി-' തുടങ്ങി ചില എരിവും പുളിയുമുള്ള വാര്‍ത്തകള്‍ 'തനിനിറം' എന്ന മഞ്ഞപ്പത്രത്തില്‍ അച്ചടിച്ചുവരുമായിരുന്നു. ഈ പരിപാടി നിര്‍ത്തിയില്ലെങ്കില്‍, പേരു വിവരം അടുത്ത ലക്കത്തില്‍ എന്നൊരു ഭീക്ഷണിയും- ഈ ഭീക്ഷണിയുടെ പേരില്‍, പത്രാധിപര്‍ക്കു പണവും, ചിലപ്പോള്‍ പണിയും കിട്ടിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഇന്ന് വായനാ വസന്തം വിരല്‍ത്തുമ്പിലാണല്ലോ ആര്‍ക്കും എന്തും വാര്‍ത്തയാക്കാം.

 

വായനക്കാര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യാം. നല്ല അടിപൊടി സെറ്റപ്പ്! ആണും പെണ്ണും തമ്മിലുള്ള അഹിതബന്ധത്തിന് ആദാമിന്റെ കാലത്തോളം പഴക്കമുണ്ട് തോട്ടത്തിന്റെ നടുവിലുള്ള ഫലം ഭക്ഷിക്കരുതെന്ന് കര്‍ശന നിയമമുണ്ടായിരുന്നു. എന്നാല്‍ പാമ്പിന്റെ പ്രലോഭനത്തിനു വഴങ്ങി ഹവ്വാ അമ്മച്ചി പഴം പറിച്ച് അപ്പച്ചനു കൂടി കൊടുത്തു. അന്നു തുടങ്ങിയതാ ഈ വെള്ളമിറക്കല്‍ പരിപാടി. ആദ്യകാലങ്ങളില്‍ ആണും പെണ്ണും തമ്മിലായിരുന്നു ഇരുട്ടിപ്പിടുത്തവും, കെട്ടിമറിച്ചിലുമെല്ലാം- ഇപ്പോള്‍ ഇതിനൊന്നും ലിംഗവ്യത്യാസമില്ല. ലിംഗം തന്നെ വേണമെന്നില്ല. 'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനു നാട്ടില്‍ തെണ്ടി നടപ്പൂ-' സ്വര്‍ണ്ണക്കടക്കാരന്റെ പരസ്യമാണ്- ഈ ഒടുക്കത്തെ നോട്ടു പ്രശ്‌നം വന്നതില്‍ പിന്നെ സ്വര്‍ണ്ണം കൈയിലുണ്ടെങ്കില്‍ ത്തന്നെ ബാങ്കുകള്‍ തോറും തെണ്ടി നടന്നേ പറ്റൂ.

 

 

പണികൊടുക്കുകയാണെങ്കില്‍ ഇങ്ങിനെ തന്നെ വേണം. എട്ടിന്റെ പണി-ബെസ്റ്റു മോഡി-ബെസ്റ്റ്! അതു പോട്ടെ! എത്ര സൗന്ദര്യമുള്ള ഭാര്യ കൂടെയുണ്ടെങ്കില്‍ത്തന്നെയും, പരസ്ത്രീകളെ പഞ്ചാരയടിക്കുന്നത് പുരുഷന്റെ ഒരു ദൗര്‍ബല്യമാണ്. മദ്യലഹരിയിലാണെങ്കില്‍ ആവേശം ഒന്നു കൂടി കൂട്ടും. അമിതാവേശം ഒരു രോഗലക്ഷണമാണെന്ന് ലാലേട്ടന്‍ പറഞ്ഞതൊന്നും ആരും ചെവിക്കൊണ്ടില്ല എന്നു തോന്നുന്നു. മനസ്സിലൊരു മോഹമുണ്ടെങ്കില്‍ത്തന്നെയും, അന്യസ്ത്രീകളെ പരസ്യമായി ആലിംഗനം ചെയ്യുന്നതില്‍ ഞാനല്പം പിന്നോട്ടാണ്. സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാത്യൂസ് ഫ്യൂണറല്‍ ഹോമിലാണു അവിടെയുള്ള മലയാളികള്‍ മരിക്കുമ്പോള്‍ Wake Service നടത്തുന്നത്.

 

എന്റെ സുഹൃത്തും, സഹപാഠിയും അയല്‍വാസിയുമാണു ദാനിയേല്‍ ചന്ദനപ്പള്ളി. അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി എന്റെ സഹപ്രവര്‍ത്തകയുമായിരുന്നു. അമ്മിണിയുടെ പിതാവ് ന്യൂയോര്‍ക്കില്‍ വെച്ചു നിര്യാതനായി. എന്റെ സുഹൃത്ത് തോമസ് പാലത്തറയോടൊപ്പമാണു ഞാന്‍ ഫ്യൂണറല്‍ ഹോമില്‍ പോയത്. മൃതശരീരത്തിന് ആദരവുകള്‍ അര്‍പ്പിച്ചശേഷം തോമ്മാച്ചന്‍ ദാനിയേലിനു ഹസ്തദാനം നടത്തി. പിന്നാലെ അമ്മിണിക്ക് ആശ്വാന ആശ്ലേഷനും നല്‍കി. തൊട്ടുപിന്നില്‍ ഞാന്‍. ദാനിയേലിനു കൈകൊടുത്തു. അമ്മിണിയെ കെട്ടിപ്പിടിക്കുവാന്‍ കൈ പൊക്കിയപ്പോള്‍ എന്നെ വിയര്‍ക്കുവാനും തുടങ്ങി. ആ ഉദ്യമത്തില്‍ നിന്നും ഞാന്‍ തന്ത്രപൂര്‍വ്വം പിന്‍മാറി. മദ്യപിച്ചു കഴിയുമ്പോള്‍ ചിലര്‍ക്ക് ഒരു Over Confidence ഉണ്ടാകും.

 

പരസ്ത്രീകളോടു ഫ്രീ ആയി ഇടപെടുവാന്‍ ശ്രമിക്കും. മദ്യപിക്കാതെ തന്നെ സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുവാനും, സ്‌നേഹ ആശ്ലേഷണം നല്‍കുവാനും അമേരിക്കയില്‍ ലൈസന്‍സുള്ളവരാണ് ശശിയണ്ണന്‍, തിരുവല്ലാ ബേബി, അനിയന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍. ഈയുള്ളവനും രണ്ടുമൂന്നുതവണ ഫോണില്‍കൂടി ശൃംഗരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സ്ത്രീകള്‍ മര്യാദക്കാരായിരുന്നതു കൊണ്ട് എന്റെ ഭാര്യയോടോ, അവരുടെ ഭര്‍ത്താക്കന്മാരോടോ പറഞ്ഞില്ല. അല്ലെങ്കില്‍ എനിക്കെന്തെങ്കിലും അംഗഭംഗം വന്നേനേ! അമേരിക്കയില്‍ അഴിയെണ്ണുവാന്‍ ഈ വകുപ്പു ധാരാളം മതി. സ്ത്രീകള്‍ എല്ലാവരും ഇക്കാര്യത്തില്‍ തീര്‍ത്തും നിരപരാധികളാണെന്നു പറയുവാന്‍ പറ്റില്ല.

 

 

ചിലര്‍ ചില പ്രത്യേക കടാക്ഷങ്ങളില്‍കൂടിയും, അംഗവിക്ഷേപങ്ങളില്‍ കൂടിയും അവര്‍ക്കിഷ്ടപ്പെട്ട പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ ശ്രമിക്കാറുണ്ട്. ഒന്നു രണ്ടു സ്ത്രീകള്‍ എന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നു അഭിമാനപുരസ്സരം ഇവിടെ രേഖപ്പെടുത്തട്ടെ! എന്റെ ഭാര്യയുടെ സമയോചിത ഇടപെടല്‍ മൂലം അതു നടന്നില്ല. അതിലുള്ള ഇച്ഛഭംഗവും, ഭാര്യയോടുള്ള പ്രതിക്ഷേധവും എനിക്കിന്നും മാറിയിട്ടില്ല. ഇനിയെന്നെ ഏതു സ്ത്രീകള്‍ പീഢിപ്പിക്കുവാന്‍ വന്നാലും എന്റെ ഭാര്യയ്ക്കതൊരു പ്രശ്‌നമല്ല. 'ഓന്തു ചാടിയാല്‍ വേലിക്കലോളം-' എന്നെപ്പറ്റിയുള്ള അവളുടെ സമീപകാല വിലയിരുത്തല്‍ അതാണ്. അതുകൊണ്ടാണ് മൈലപ്രായില്‍ എന്നെ ഏകനാക്കിയിട്ട്, മന:സ്സമാധാനത്തോടു കൂടി അവള്‍ അമേരിക്കയിലേക്കു പറന്നത്. 'ഇഷ്ടമല്ലടാ- എനിക്കിഷ്ടമല്ലെടാ ഈ തൊട്ടു നോട്ടം ഇഷ്ടമല്ലാടാ-' എന്ന് ഏതെങ്കിലും പെണ്‍കൊച്ചു പാടിയാല്‍, പിന്നെ അതിന്റെ പിറകെ നടക്കാതിരിക്കുന്നതാണു ബുദ്ധി.

 

ഇല വന്നു മുള്ളില്‍ വീണാലും, മുള്ളു വന്നു ഇലയില്‍ വീണാലും, മുള്ളിന്റെ മുനയൊടിയുവാനാണു ഇക്കാലത്തു സാദ്ധ്യത കൂടുതല്‍!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.