You are Here : Home / Editorial

വീണ്ടുമൊരു വിളവെടുപ്പു കാലം

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Sunday, August 06, 2017 02:54 hrs UTC

ആയിരം ഡോളര്‍ മുടക്കി, അഞ്ചു ഡോളറിന്റെ തക്കാളി കിട്ടി

 

 

ആദിയില്‍ നേഴ്‌സസിന്റെ സാരിത്തുമ്പില്‍ തൂങ്ങി അമേരിക്കയിലെത്തിയ പല പുരുക്ഷകേസരികളും അലസന്മാരും മടിയന്മാരുമായിരുന്നു. സ്ഥിരമായി രണ്ടു ജോലി ചെയ്തിരുന്ന നഴ്‌സസിനു നല്ല ശമ്പളമുണ്ടായിരുന്നതു കൊണ്ട് കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടന്നു പോന്നു. വൈകുന്നേരങ്ങളില്‍ ഏതെങ്കിലുമൊരാളുടെ അപ്പാര്‍ട്ടുമെന്റില്‍കൂടി വെള്ളമടി, ചീട്ടുകളി തുടങ്ങിയ വിനോദപരിപാടികള്‍ ആണുങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. അക്കൂട്ടത്തില്‍ പലരും നല്ല കൊമ്പന്‍മീശക്കാരും ഉണ്ടായിരുന്നു. പട്ടാള ജീവിതത്തിലെ വീരകഥകള്‍ അവര്‍ ഇടയ്ക്കിടെ പൊടിച്ചുകൊണ്ടിരുന്നു. 'ഇതു വല്ലമാണോ വെള്ളമടി. പട്ടാളത്തിലെ 'റം' ആയിരുന്നു 'റം'. ഇതു വെറുതേ സോഡാ കുടിയ്ക്കുന്നതു പോലെ' അമേരിക്കന്‍ മദ്യങ്ങളോട് അവര്‍ക്കു പുച്ഛമായിരുന്നു. കാലമറിയാതെ, കഥയറിയാതെ പലരും കുട്ടികള്‍ക്കു ജന്മം കൊടുത്തു. 79 സെന്റു കട(ഇന്നത്തെ 99 സെന്റു കടകള്‍), ഗാര്‍ഡ് ഡ്യൂട്ടി, ഗ്രോസറിക്കടകള്‍ അങ്ങിനെ പലയിടങ്ങളിലും അവര്‍ ജോലിക്കു കയറിപ്പറ്റി. പലരും അപ്പാര്‍ട്ട്‌മെന്റ് വിട്ട് സ്വന്തമായി വീടുവാങ്ങി, കാറു വാങ്ങി വീടിനു പുറകില്‍ കുറച്ചു സ്ഥലംവെറുതെ പുല്ലു പിടിച്ചു കിടക്കുന്നു. ഈ പുല്ലു പറിച്ചുകളഞ്ഞിട്ട് അവിടെ കുറച്ചു പച്ചക്കറികള്‍ നട്ടലോ എന്നൊരു ആശയം, പലരും പലരുമായി പങ്കുവെച്ചു.

 

 

 

 

പലരും ലാന്‍ഡു ചെയ്തത് ന്യൂയോര്‍ക്കിലായിരുന്നു. അവിടെയാണെങ്കില്‍ കഷ്ടിച്ചു നാലോ അഞ്ചോ മാസത്തെ ചൂടു കിട്ടും. ഇതിനോടകം ആരോ വിരുതന്മാര്‍ നാട്ടില്‍ നിന്നും കുറേ ചീരയരി കൊണ്ടുവന്നു ബാക്ക് യാര്‍ഡില്‍ വിതറി. അത്ഭുതമെന്നു പറയട്ടെ ചീരകാടു പോലെയങ്ങു വളര്‍ന്നു. നല്ല ഒന്നാന്തരം നാടന്‍ ചീര അമേരിക്കയില്‍. പിന്നാലെ ദേ വരുന്നു വെണ്ട, വഴുതനങ്ങാ, പടവലങ്ങ തുടങ്ങിയവരുടെ വിത്തുകള്‍ പീറ്റ് മോസ്, എല്ലു പൊടി, മിറക്കിള്‍ ഗ്രോ തുടങ്ങിയ വളങ്ങളുടെ പിന്‍ബലത്തില്‍ കൃഷിയോടു കൃഷി. ഇതിനിടെ ചില ഭക്തന്മാര്‍ അവരുടെ വളവുകള്‍ പള്ളിയില്‍ കൊണ്ടുവന്നു തുടങ്ങി. അതു ലേലം ചെയ്തു പള്ളിക്ക് വരുമാനമുണ്ടാക്കി. അങ്ങിനെ അമേരിക്കയിലെ മിക്കവാറും എല്ലാ മലയാളി ചര്‍ച്ചുകളിലും, നാട്ടിലെപ്പോലെ തന്നെ 'ആദ്യഫലലേലം' എന്നൊരു ഏര്‍പ്പാടുണ്ടാക്കി. ഏതുവിധേനയും പത്തു പുത്തനുണ്ടാക്കുവാന്‍ പള്ളിക്കാര്‍ വിരുതരാണല്ലോ! അത്ര വലിയ വിജയമൊന്നുമല്ലായിരുന്നെങ്കിലും ഈയുള്ളവനും ഈ രംഗത്തു കുറച്ചു പയറ്റി. കാലം കടന്നു പോയി. ജോലിയില്‍ നിന്നും വിരമിച്ച ശേഷം കുറേക്കാലം നാട്ടില്‍ പോയി നില്‍ക്കുവാനുള്ള ആഗ്രഹം പൂര്‍ത്തീകരിച്ചു. മാര്‍ച്ചു മാസത്തോടു കൂടി എന്റെ പ്രിയതമ നാട്ടിലെത്തി എന്നെ തിരികെ ന്യൂയോര്‍ക്കിലേക്കു കൂട്ടി കൊണ്ടു വന്നു.

 

 

 

അവിടെ നിന്നും കുറേ പച്ചക്കറി വിത്തുകള്‍ കൊണ്ടുവരുവാന്‍ അവള്‍ മറന്നില്ല. ഈ വിവരം എന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഏപ്രില്‍ അവസാനത്തോടു കൂടി അവള്‍ വിവരം എന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിത്തുകളെല്ലാം പാകികിളിപ്പിച്ച് വീണ്ടും കൃഷിതുടങ്ങണം. 'ഈ വയസുകാലത്ത് എന്നെക്കൊണ്ട് അതിനൊന്നും പറ്റുകയില്ല. അഞ്ചോ പത്തോ ഡോളറു കൊടുത്താല്‍, വിഷമയമില്ലാത്ത നല്ല ഒന്നാന്തരം പച്ചക്കറികള്‍ ഇവിടെ കിട്ടുമല്ലോ! ന്യൂജേഴ്‌സിയിലാണെങ്കില്‍ പട്ടേലന്മാരുടെ പച്ചക്കറികളുടെ ചന്തയാണ്' എന്റെ ഈ ന്യായവാദങ്ങളൊന്നും അവളുടെ മുന്നില്‍ വിലപോയില്ല. 'ഇങ്ങേരുടെ ഒരു പരുവം നോക്കിക്കേ! നാട്ടില്‍പ്പോയി കണ്ടതെല്ലാം വാരിവലിച്ചു തിന്നും കുടിച്ചും കാട്ടുപന്നിയെപ്പോലെയായി. ഇവിടെ ഇങ്ങനെ അനങ്ങാതിരുന്നാല്‍ വല്ല മഹാരോഗവും പിടിക്കും. അതുകൊണ്ടു മേലൊക്കെ ഒന്ന് അനങ്ങാനാ ഞാന്‍ പറഞ്ഞത്' പിറവത്ത് പിറന്ന ഇവള്‍ എന്നാണ് കാട്ടുപന്നിയെ കണ്ടിട്ടുള്ളതെന്ന് ഞാന്‍ ആലോചിച്ചു. 'ആരാ കാണാനാ ഇങ്ങനെ നാട്ടില്‍പ്പോയി തമ്പടിച്ചു താമസിക്കുന്നത് ആര്‍ക്കറിയാം അവിടെ വല്ല ബന്ധോം കാണുമോയെന്ന്?'

 

 

 

ആ ചോദ്യത്തില്‍ സംശയത്തിന്റെ ചീനവല വിരിച്ചിരുന്നു. വിശദീകരണത്തിനു നില്‍ക്കാതെ, കാര്‍ഷീക മേഖലയിലേക്കു കടക്കുന്നതാണ് നല്ലതെന്ന് എന്റെ എളിയ ബുദ്ധി ഉപദേശിച്ചു. അമേരിക്കന്‍ ഷവല്‍, പിക്കാസ്, കൂന്താലി, കുന്തം കുടച്ചക്രം എല്ലാം അവിടെക്കിടപ്പുണ്ട്. എല്ലാം തുരുമ്പു പിടിച്ചിരിക്കുന്നു. നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സാധനങ്ങള്‍, കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നാല്‍, അതു പിന്നീട് ഉപയോഗ ശൂന്യമായിപ്പോകുമെന്നു പണ്ടു ഡോ.റോയി തോമസ് പറഞ്ഞ കാര്യം ഓര്‍മ്മയില്‍ വന്നു. Head of the Departmentല്‍ നിന്നുള്ള ഓര്‍ഡറാണ്. വിധി നടപ്പാക്കിയേ പറ്റൂ. ആദ്യത്തെ വെട്ടിനു തന്നെ കൂന്താലിയുടെ കൈ ഒടിഞ്ഞു എന്റെ നടുവും. 'അതൊന്നും സാരമില്ലെന്നേകുറച്ചുനാള്‍ ഒന്നും ചെയ്യാതെ അനങ്ങാതെയിരുന്നതല്ലേ? അത് അത്ര കാര്യമാക്കാനൊന്നുമില്ല. കുറച്ചു കഴിയുമ്പോള്‍ അതങ്ങു മാറിക്കൊള്ളും' എന്റെ നടുവേദനയെ അവള്‍ നിസാരവല്‍ക്കരിച്ചു. എതിര്‍ക്കാന്‍ നിന്നാല്‍ പിണറായി വിജയന്‍ പത്രക്കാരോടു പറഞ്ഞതു പോലെ 'കടക്കൂ പുറത്ത്' എന്നോ മറ്റോ അവള്‍ പറഞ്ഞാല്‍ നാണക്കേടാവും. പിന്നെ നിന്നില്ലവെച്ചു പിടിച്ചു. 'ഹോം ഡിപ്പോ'യിലേക്ക് വിവിധതരം മണ്ണുകള്‍, വളങ്ങള്‍, പണിയായുധങ്ങള്‍ എല്ലാം വാങ്ങി. വാലറ്റിന്റെ വലുപ്പം നല്ലതുപോലെ കുറഞ്ഞു. വിത്തുകളെല്ലാം കൂടി ഒരു അലുമിനിയം ട്രേയിലാണു പാകിയത്. കുറെയൊക്കെ കിളിച്ചു വന്നു. അവയുടെ ആകൃതിയും പ്രകൃതിയും എല്ലാം ഒന്നു തന്നെ. തിരിച്ചറിയാന്‍ പറ്റുന്നില്ല. വരുന്നതു വരട്ടെ എന്നു കരുതി വിത്തുകള്‍ പലയിടത്തായി നട്ടു. എന്റെ കഷ്ടകാലത്തിനു അക്കൂട്ടത്തില്‍ ഒന്നുരണ്ടു പാവലും പടവലവും ഉണ്ടായിരുന്നു. ഭാര്യക്കു സന്തോഷമായി. 'പാവലും പടവലവും പടര്‍ത്തുവാന#് ഒരു പന്തലു വേണം' ഭാര്യയുടെ നിര്‍ദ്ദേശം. ഇവള്‍ക്കു പണ്ടു കൃഷിഭവനിലായിരുന്നോ ജോലി എന്നെനിക്കൊരു സംശയം. കാക്കകൂടു കെട്ടുന്നതുപോലെ അവിടെനിന്നും ഇവിടെ നിന്നും കുറേ കമ്പും, കമ്പിയും, കയറുമെല്ലാം കൊണ്ട് പന്തലുപോലെ ഒരു സാധനമുണ്ടാക്കി. ഇതിനിടയില്‍ എന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവും, ഒടിവും, ചതവുമുണ്ടായി. അങ്ങിനെ അവസാനം അദ്ധ്വാനത്തിന്റെ ഫലം കായിച്ചു തുടങ്ങി.

 

 

 

 

നൂലു കനത്തില്‍ രണ്ടു ഒണക്ക പടവലങ്ങാ അണ്ണാന്‍രെ നട്ടു പോലത്തെ മൂന്നാലു പാവയ്ക്കാ. എന്റെ ഏദന്‍തോട്ടത്തെക്കുറിച്ച് ഭാര്യ അവളുടെ അഭിപ്രായം പറഞ്ഞുഎല്ലാം പ്രിന്റബിളല്ല. 'ഈ ഉണങ്ങിയ വഴുതനങ്ങാ കണ്ടിട്ട് ചില വല്യപ്പന്മാരുടെ ഏതാണ്ടു പോലിയിരിക്കുന്നു.' ഇവളെന്നാണോ വല്ല്യപ്പന്മാരുടെ ഏതാണ്ടു കണ്ടത് എന്നെനിക്കൊരു സംശയം. അപ്പോഴാണ് അറുപതു കഴിഞ്ഞാല്‍ മിക്ക പുരുഷന്മാരും ഉണങ്ങിയ വഴുതനങ്ങാപ്പരുവത്തിലാകുമെന്ന സത്യം ഞാനോര്‍ത്തത്. ദോഷം പറയരുതല്ലോ. ഏതാണ്ട് ആയിരം ഡോളര്‍ മുടക്കിയപ്പോള്‍, അഞ്ചു ഡോളറിന്റെ നല്ല ഒന്നാന്തരം തുടുത്തു പഴുത്ത തക്കാളി കിട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.