You are Here : Home / Editorial

ഭിക്ഷകൊടുക്കുമ്പോള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, August 11, 2017 11:37 hrs UTC

വര്‍ഷങ്ങള്‍ക്കു മുമ്പ് 'മാതൃഭൂമി' വാരികയില്‍ ആദരണീയനായ എം.ടി.വാസുദേവന്‍ നായര്‍ 'കിളിവാതിലിലൂടെ' എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു. സമ്പന്നര്‍ക്കായുള്ള ഒരു ക്ലബ് ഒരു ചാരിറ്റി സമ്മേളനം നടത്തിയതിനെ ക്കുറിച്ചു എഴുതിയ ഒരു ലേഖനം ഇന്നും മനസ്സിന്റെ ഏതോ കോണില്‍ മായാതെ നില്‍ക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അമ്പത് സാധുവിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ പുസ്തക വിതരണം-മാതാപിതാക്കളോടൊപ്പം 'സമ്മാനം' സ്വീകരിക്കുവാനെത്തിയ ഓരോ പിഞ്ചുപൈതലിനേയും ഒന്നൊന്നായി പേരു വിളിച്ച് സ്റ്റേജില്‍ കയറ്റി പുസ്തകം നല്‍കി. പത്രക്കാരുടെ ഫോട്ടോ ഫഌഷുകള്‍ രംഗം കൊഴുപ്പിച്ചു. അതു വാങ്ങുവാനെത്തിയ കുട്ടികളുടേയും മാതാപിതാക്കളുടേയും കണ്ണുനിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നില്ല-നിസ്സഹായതയുടെ ഒരു പ്രതിഫലനം. ആ സാധുകുട്ടികള്‍ക്കു നല്‍കിയ പുസ്തകങ്ങളുടെ വിലയേക്കാള്‍ എത്രയോ അധികമാണ് അതിന്റെ പബ്ലിസിറ്റിക്കും, വിശിഷ്ടാതിഥികള്‍ക്കുള്ള സ്വീകരണച്ചിലവിനായും മറ്റും ചിലവാക്കിയത്-മനസ്സില്‍ ഒരു നൊമ്പരമായി ആ വായനയുടെ ഓര്‍മ്മ ഇന്നും നിലനില്‍ക്കുന്നു. ഈയടുത്ത കാലത്ത് വെരി.റവ.പൗലോസ് പാറേക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഡാളസില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ റിപ്പോര്‍ട്ടു വായിച്ചു.

 

 

 

 

വ്യക്തികളോ, സംഘടനകളോ, പള്ളികളോ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, എന്നാല്‍ മറ്റൊരു നിവൃത്തിയുമില്ലാതെ ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുവാന്‍ കൈനീട്ടുന്നവര്‍ നമ്മളേപ്പോലെ തന്നെ മനുഷ്യരാണെന്നും, അവരുടെ മാനം നഷ്ടപ്പെടുത്തും വിധം പ്രചാരണ കോലാഹലങ്ങള്‍ സംഘടിപ്പിക്കുന്നത് ദൈവീക പ്രമാണങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. നൂറു ഡോളര്‍ സംഭാവന നല്‍കുന്നതിന് അഞ്ഞൂറും ആയിരവും ചിലവഴിച്ചു പ്രചരണങ്ങളും, സമ്മേളനങ്ങളുമെല്ലാം സംഘടിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ സംഘടനകള്‍ നാട്ടില്‍ നടത്തുന്ന ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വലിയ ശബ്ദ കോലാഹലങ്ങളോടു കൂടിയാണു നടത്തുന്നത്-നേതാക്കന്മാരുടെ ഡോളര്‍ ചിരിയുമായി നില്‍ക്കുന്ന ഫഌക്‌സുകള്‍, വി.ഐ.പി.മാരുടെ നീണ്ട പ്രസംഗങ്ങള്‍, വിവാഹ സഹായധനം സ്വീകരിക്കുന്ന സാധു പെണ്‍കുട്ടിയുടെ, Walker സ്വീകരിക്കുന്ന വികാലാംഗന്റെ ഫോട്ടോ സഹിതമുള്ള പത്ര/ടെലിവിഷന്‍ വാര്‍ത്തകള്‍. ഒന്നോ രണ്ടോ വീടുവെച്ചു നല്‍കിയിട്ട് അതിന് പബ്ലിസിറ്റി കൊടുക്കുന്നതില്‍ വലിയ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. ഒരു പക്ഷേ അതു മറ്റുള്ളവര്‍ക്കു ഒരു പ്രചോദമായേക്കും. മോര്‍ച്ചറി, ഡയലീസിസ് യൂണിറ്റ് തുടങ്ങി സാധുകുട്ടികളുടെ ഉന്നത വിദ്യാഭ്യാസചിലവു വരെ യാതൊരു പബ്ലിസിറ്റിയുമില്ലാതെ നടത്തുന്ന പല സ്‌നേഹിതരും, പരിചയക്കാരുമെനിക്കുണ്ട്. നൂറുകണക്കിനു വീടുകള്‍ സാധുക്കള്‍ക്കു യാതൊരു സംഘടനാ പിന്‍ബലവുമില്ലാതെ നിര്‍മ്മിച്ചു കൊടുത്ത അമേരിക്കന്‍ മലയാളികളുമുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ടു പിരിക്കുകയല്ലാതെ, അവരുടെ ഫണ്ടില്‍ നിന്നും പണമെടുത്തു സാധുക്കളെ സഹായിക്കുന്നതായി കേട്ടിട്ടില്ല-അഴിമതിയില്‍ കൂടി നേടുന്ന കോടികള്‍ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും മറ്റുമായി വീതിച്ചു നല്‍കും. എന്നാല്‍ അവരുടെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ചില നല്ല കാര്യങ്ങള്‍ സാധുക്കള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ ചെയ്യാറുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.

 

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 'പൊതുജന സമ്പര്‍ക്ക പരിപാടി' പബ്ലിസിറ്റിയോളം ഉയര്‍ന്നില്ലെങ്കിലും അതു കുറച്ചു പേര്‍ക്കൊക്കെ ഗുണം ചെയ്തു. അക്കാര്യത്തില്‍ പിണറായി സര്‍ക്കാരുമൊട്ടും പിന്നിലല്ല. (കൈയേറ്റവും, കൈക്കൂലിയും, നീതി നിഷേധിക്കലുമെല്ലാം ആരു ഭരിച്ചാലുമുണ്ടാകും. അഞ്ചു ആശുപ്ത്രികളില്‍ കയറി ഇറങ്ങിയിട്ടും ആരും തിരിഞ്ഞു നോക്കാതെ മരിച്ചു. മറുനാടന്‍ മലയാളികളുടെ കാര്യം മറക്കുന്നില്ല) മാതാ അമൃതാനന്ദമയി മഠം ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വലിയ പബ്ലിസിറ്റിയൊന്നായുമില്ലാതെ- അവരുടെ പ്രവര്‍ത്തനരീതിയെപ്പറ്റി പലര്‍ക്കും അഭിപ്രായ വ്യത്യാസം കാണും. ആരോടും അവര്‍ പണം പിരിച്ചതായി കേട്ടിട്ടില്ല.

 

 

 

ക്രിസ്ത്യന്‍ സഭകളും സമൂഹവിവാഹം പോലെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. പബ്ലിസിറ്റിയുടെ കാര്യത്തില്‍ അവര്‍ക്കും താല്‍പര്യമുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ചെയ്യണം. എന്നാല്‍ നാലുനക്കാപ്പിച്ച കാശു കൊടുത്തിട്ട്, അതു സ്വീകരിക്കുന്നവനെ അപമാനപ്പെടുത്തുന്ന, വേദനപ്പെടുത്തുന്ന വാര്‍ത്തകളുമായി നാടാകെ പാടി നടക്കരുത്. ചിന്താവിഷയം: ആകയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍, മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്. തീയോ ഭിക്ഷ കൊടുക്കുമ്പോള്‍ രഹസ്യത്തിലായിരിക്കേണ്ടതിനു വലംകൈ ചെയ്യുന്നത് എന്ത് എന്ന് ഇടംകൈ അറിയരുത്. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും(ബൈബിള്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.