You are Here : Home / Editorial

ഈ മണിയാശാന്റെ ഒരു തമാശ

Text Size  

Story Dated: Sunday, September 09, 2018 11:15 hrs UTC

 

 
 
ഈ മണിയാശാന്റെ ഒരു കാര്യമേ! മണി മണിപോലെ സംസാരിക്കും. പറയുന്നതു വിഡ്ഡിത്തരമാണെങ്കിലും, പറയുന്ന ആശാനും, കേള്‍ക്കുന്ന ശിഷ്യന്മാരും ഒരുപോലെ ആസ്വദിക്കും. 

പറച്ചിലു മാത്രമല്ല, ചില പ്രാക്ടിക്കല്‍ ജോക്‌സും വശമുള്ള ആളാണ് ആശാന്‍. പഴയ വണ്‍ ടു ത്രീ....പ്രാക്ടിക്കല്‍ ജോക്‌സ് ഓര്‍ക്കുന്നില്ലേ?

ഇത് ഒരു ബ്രാന്റ് ന്യൂ വണ്‍- ചിരിച്ച് ചിരിച്ച് ഹെന്റമ്മോ -കരഞ്ഞുപോകും. 

"ഇടുക്കി ഡാം തുറക്കുന്നില്ലെന്നു പറഞ്ഞത്, അതു തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരെ കളിയാക്കാനായിരുന്നു.'- ഈ പത്രക്കാരെ പറ്റിച്ച കാര്യം പറഞ്ഞിട്ട് മണി ചിരിയോട് ചിരി. - കൂടെ ആ നാല്‍പ്പത് ശിഷ്യന്മാരും ചിരിച്ചു. 

"വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപിക്കുന്നത്- സാമാന്യബുദ്ധിയുള്ള ആളാണ് ഞാന്‍- അതുകൊണ്ടാണല്ലോ ഈ മന്ത്രിപ്പണി എന്നെ ഏല്‍പിച്ചത്- നൂറ്റാണ് കൂടുമ്പോഴാണ് പ്രളയം വരുന്നത്- അതില്‍ കുറെപ്പേര്‍ മരിക്കും. - കുറെപ്പേര്‍ ജീവിക്കും' ഹല്ല പിന്നെ.!

തൊട്ടാല്‍ പൊള്ളുന്ന വിദ്യുഛക്തി വകുപ്പ് കൈയ്യാളുന്ന മന്ത്രിയാണ് ഈ തമാശ കാണിച്ചതെന്നോര്‍ക്കുമ്പോള്‍ വിവരമില്ലാത്തത് മന്ത്രിക്കാണോ, അതോ അദ്ദേഹത്തെ നിയമിച്ചവര്‍ക്കോ?

****** ******* ****** ****** ******* ******

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ. ശശിയുടെ പീഡനക്കേസ് നിറഞ്ഞ സദസ്സില്‍ മൂന്നാം വാരത്തിലേക്ക് കടക്കുന്നു. - ശശിയണ്ണന്‍ പൂര്‍ണ്ണമായി ഇതു നിഷേധിച്ചിട്ടുണ്ട്. "ടോപ് ടു ബോട്ടം' കമ്യൂണിസ്റ്റ് നേതാക്കന്മാര്‍- ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ- ശശിക്കു ചുറ്റും ഒരു രക്ഷാകവചം സൃഷ്ടിച്ചിട്ടുണ്ട്- കൂട്ടത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനുമുണ്ട്. തെറ്റുകള്‍ മാനുഷികമെന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ അത്ര വലിയ ആനക്കാര്യമാണോ എന്നാണവര്‍ ചോദിക്കുന്നത്. "മനുഷ്യരാണെങ്കില്‍ പല തെറ്റും സംഭവിക്കും. പാര്‍ട്ടിയുണ്ടായ കാലം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ തെറ്റുകള്‍ പാര്‍ട്ടിക്കകത്ത് ഉള്ളവര്‍ക്കും പറ്റുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്'- ജോസഫൈന്‍ നയം വ്യക്തമാക്കി. 

****** ******* ****** ****** ******* ******

"പരാതിയോ ?, എനിക്കെതിരേയോ? ഇങ്ങനെയൊരു പരാതിയുള്ളതായി ഞാനറിയുന്നത് ഇന്നലെയാണ്. മൂന്നാഴ്ചയായി പരാതി ലഭിച്ചിട്ട് എന്ന് നിങ്ങള്‍ പറയുമ്പോഴാണ് കേള്‍ക്കുന്നത്?' അയ്യോ പാവം- ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ശശി സാറിനെപ്പറ്റി പത്രക്കാര്‍ ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ എഴുതി വിടുന്നത് ദോഷമാണ്.'
എന്നാല്‍ താന്‍ അത്ര പഞ്ചപാവമൊന്നുമല്ലെന്നു ശശി തന്റെ പ്രസ്താവനകളിലൂടെ തറപ്പിച്ചു പറയുന്നു. 'എനിക്കെതിരേ ആരോപണമുണ്ടെങ്കില്‍, അതു കമ്യൂണിസ്റ്റ് ആരോഗ്യത്തോടെ, കമ്യൂണിസ്റ്റ് വര്‍ദ്ധിത വീര്യത്തോടെ നേരിടും'. 
എന്താണാവോ ഈ കമ്യൂണിസ്റ്റ് ആരോഗ്യവും, വീര്യവും? അതൊരു ക്യാപ്‌സ്യൂള്‍ പരുവത്തിലാക്കി കിട്ടിയിരുന്നെങ്കില്‍ പലര്‍ക്കും പ്രയോജനപ്പെട്ടേനേ! 'ബ്‌ളും' ഗുളികയുടെ കാര്യം ബ്ലൂമായിപ്പോയേനേ!

****** ******* ****** ****** ******* ******

ഈ കമ്യൂണിസ്റ്റ് ഗുളിക കഴിച്ച ആരോഗ്യത്തിലും വീര്യത്തിലും എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് ഒരു ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, ഒരു യുവതിയോട് ഒന്ന് മുട്ടിനോക്കാന്‍ ശ്രമിച്ചു. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ആരെന്തു പറഞ്ഞാലും ആ ശിക്ഷ ഇച്ചിരെ കഠിനമായിപ്പോയി.

****** ******* ****** ****** ******* ******

വെള്ളപ്പൊക്കത്തിനുശേഷം മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഈ നൂറ്റാണ്ടിലെ ഒരു വലിയ തമാശയാണ്- സഹായികളുടെ സഹായത്തോടെ ഒരു ഗ്ലൗസ് ഇടുവാന്‍ മന്ത്രി അര മണിക്കൂര്‍ എടുത്തു. ഒരു മന്ത്രിയോ, നേതാവോ ചെറിയൊരു തൂമ്പകൊണ്ട് അല്പം ചെളി മാറ്റുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റി കുറഞ്ഞത് പത്തുപന്ത്രണ്ട് ശുഭ്രവസ്ത്രധാരികളെങ്കിലും കാണും- ഫോട്ടോയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാന്‍ ഇവര്‍ തള്ളുന്ന തളളാണ് തള്ള്. 

****** ******* ****** ****** ******* ******

ബിഷപ്പ് ഫ്രാങ്കോ പുണ്യവാളനെതിരേ, കന്യാസ്ത്രീകള്‍ പ്ലാക്കാര്‍ഡുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. അദ്ദേഹത്തിനെതിരേ അപവാദങ്ങള്‍ പറഞ്ഞതുകൊണ്ടാണ് പ്രളയമുണ്ടായതെന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരുമുണ്ട്. 

കേരളാ പോലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വീമ്പിളക്കുന്നത്. ഒരാഴ്ചയോളം അദ്ദേഹത്തിന്റെ അരമനയ്ക്കുചുറ്റും മണ്ടി നടന്നിട്ട്, ഒരു കൂടിക്കാഴ്ചപോലും നടത്തുവാന്‍ കഴിവില്ലാതെ പോയ പോലീസ് ഇതു പറയുമ്പോള്‍ പാടാത്ത വീണയും പാടും. 

****** ******* ****** ****** ******* ******

പ്രളയത്തില്‍ കോളടിച്ചത് കുറ്റാരോപിതരായ നാല് ഓര്‍ത്തഡോക്‌സ് പുരോഹിതന്മാരാണ്. അവരെ സംബന്ധിച്ചടത്തോളം ഈ ദുരന്തം ഒരു 'blessing in disquise' ആണ്. കാരണം, അവരുടെ വാര്‍ത്തകള്‍ എല്ലാം ഈ പ്രളയത്തില്‍ മുങ്ങിപ്പോയി. 

****** ******* ****** ****** ******* ******

'കള്ളന്‍ കയറിയതിന്റെ ഏഴാംപക്കം പട്ടി കുരച്ചെന്നു'പറഞ്ഞപോലെ മാറ്റിവെച്ച ഓണമൊക്കെ പല അമേരിക്കന്‍ മലയാളി സംഘടനകളും ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം, ചിലവു കഴിഞ്ഞ് ബാക്കിയുള്ള തുകയെല്ലാം മുഖ്യമന്ത്രിയെ നേരിട്ട് ഏല്‍പിക്കുമെന്നും കേള്‍ക്കുന്നുണ്ട്. 
'കടക്കു പുറത്ത്' എന്നു മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പറയിക്കരുത്. 

ഒടുവില്‍ കിട്ടിയത്: 
വെള്ളപ്പൊക്കം കഴിഞ്ഞു. കിണറുകളും ആറുകളും വറ്റി വരള്‍ച്ച തുടങ്ങിക്കഴിഞ്ഞു. 
കുടിവെള്ളത്തിനായി സ്ത്രീകള്‍ മൈലുകള്‍ താണ്ടുമ്പോള്‍, 'കുടി'വെള്ളത്തിനായി പുരുഷന്മാര്‍ മദ്യശാലകളുടെ മുന്നില്‍ നീണ്ട നിരകള്‍ തീര്‍ക്കുന്നു!

'സഫറോം കീ സിന്ദഗി ജോ കഭി നഹി
ഖതം ഹോജാത്തി ഹേ. ശംഭോ - മഹാദേവ....'

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.