You are Here : Home / Editorial

'സ്വാമിയേയ് ശരണമയ്യപ്പാ!'

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Tuesday, October 02, 2018 01:54 hrs UTC

ഈയടുത്ത സമയത്ത് സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചു. സുപ്രീം കോടതി വിധികളെല്ലാം തന്നെ സുപ്രധാനമായിരിക്കണമല്ലോ! അതിനാലായിരിക്കണമല്ലോ ആ ഒരു കോടതിയ്ക്കു മാത്രം 'സുപ്രീം' പദവി ലഭിച്ചത്. ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും, അയ്യപ്പദര്‍ശനം നടത്താമെന്നുള്ളതാണ് ആ വിധി. ഇതിന് അനുകൂലമായും പ്രതികൂലവുമായുള്ള പ്രതികരണങ്ങള്‍ മാദ്ധ്യമങ്ങളെ നിരന്തരം മലീനസമാക്കിക്കൊണ്ടിരിക്കുകയാണ്. പിന്നെ ഈ ഞാന്‍ മാത്രം എന്തിനു പ്രതികരിക്കാതിരിക്കണം? വിധിയുടെ ഉദ്ദേശശുദ്ധിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും, പത്തിനും അന്‍പതിനും മദ്ധേ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയ്ക്കു പോകുന്നത് അത്ര ബുദ്ധിയല്ല എന്നതാണ് എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നത്. അമ്പത് എന്നുള്ളത് അറുപതായി വര്‍ധിപ്പിച്ചാലും തരക്കേടില്ല കാരണം നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഈ ആര്‍ത്തവത്തിന് അമ്പതില്‍ തന്നെ കര്‍ട്ടന്‍ വീഴണമെന്നില്ല. കല്ലും, മണ്ണും, പാമ്പും, തേളും, വന്യമൃഗങ്ങളും വിലസുന്ന ഇടങ്ങളാണ് കാനനപാത. എല്ലാക്കാര്യത്തിലും തുല്യത നല്ലതു തന്നെയെങ്കിലും, ഇതൊക്കെ താങ്ങുവാനുള്ള കരുത്ത് അബലകള്‍ക്ക് കാണുമോ എന്നുള്ളതാണ് എന്റെ ബലമായ സംശയം. പമ്പാസ്‌നാനവും ഒരു പ്രശ്‌നമാണ്. എത്ര വ്രതം നോക്കിയാലും ഞരമ്പുരോഗി എന്നും ഞരമ്പു രോഗി തന്നെ ആയിരിക്കും.

ഒളിക്യാമകളുടെ കളിയായിരിക്കും ശരീരപുഷ്ടിയുള്ള സ്ത്രീകള്‍ അവിടെ സ്‌നാനം നടത്തുമ്പോള്‍! പിന്നെ Facebook ആയി, ഇന്റര്‍നെറ്റ് ആയി, ബ്ലാക്ക് മെയിലിംഗും വൈറ്റ് മെയിലിംഗും-ധിം തരികിട തോം! ഇതിനേക്കാളൊക്കെ ഉള്ള ഒരു പ്രധാന പ്രശ്‌നം പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള പരിധിയാണ് പുരുഷന്‍ ഇടംവലം നോക്കാതെ ചിലപ്പോള്‍ കാര്യം സാധിച്ചെന്നിരിക്കും-അങ്ങിനെ ചാടിക്കയറി ഇടപാടു നടത്താവുന്ന ഒരു സംവിധാനമല്ലല്ലോ സ്ത്രീശരീരത്തിന്. ശൗചാലയം എന്നൊക്കെ ഒരു പേരെയുള്ളൂ. വൃത്തി എന്നൊരു സാധനം അതിന്റെ ഏഴയലത്തു കൂടി കടന്നു പോയിട്ടില്ല. നമ്മുടെ പെരിയസ്വാമി പാര്‍ത്ഥസാരഥി പിള്ള ഇല്‍ക്കണ്ഠപ്പെടുന്നതുപോലെ പമ്പാനദിയും മറ്റും സാനിറ്ററി പാഡു കൊണ്ടു നിറഞ്ഞാലോ. വിധി സ്വാഗതാര്‍ഹമാണെങ്കിലും അതു നടപ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ വേണം. സ്ത്രീകള്‍ക്കും കുടുംബസമേതം പോകുന്നവര്‍ക്കും ഒരു പ്രത്യേക സീസണ്‍-അവരുടെ സുരക്ഷതയ്ക്കും, സൗകര്യങ്ങള്‍ക്കുമുള്ള സംവിധാനങ്ങള്‍-അങ്ങിനെ എന്തെല്ലാം. കാലം കഴിയും തോറും, പുരുഷനും സ്ത്രീക്കും വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഒരുമിച്ച് ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താമെന്നാണ് എന്റെ ഒരു വിശ്വാസം. പിന്നെ ഭഗവാന്റെ ബ്രഹ്മവ്രതം-ഏതെങ്കിലും ഒരു പെണ്ണുംപിള്ള 'അഡായാര്‍ ലൗ' സ്റ്റൈലില്‍ കണ്ണിറുക്കി കാണിച്ചാലൊന്നും അതു തെറിച്ചു പോവുകയില്ല. വിധി വന്നെന്നും പറഞ്ഞ് ചാടിക്കയറി ഉടന്‍ തന്നെ ശബരിമലയിലേക്കും വെച്ചു പിടിക്കല്ലേ! കാര്യങ്ങളുടെ വരും വരാഴികളെപ്പറ്റി ശരിക്ക് ചിന്തിച്ച ശേഷം മാത്രമേ ഒരു തീരുമാനമെടുക്കാവൂ.

 

ഈ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞു വന്നപ്പോള്‍ എനിക്കു വീണ്ടും സംശയം. ഫ്രാങ്കോ ബിഷപ്പിന്റെ ലൈംഗീക കാര്യക്ഷമത പരിശോധിച്ച് കുഴപ്പമൊന്നുമില്ല എന്നാണ് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞത് എന്നാണു വാര്‍ത്ത- ഈ ലൈംഗീക കാര്യക്ഷമത പരിശോധിക്കുന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും അങ്ങോട്ടു പിടി കിട്ടുന്നില്ല. ഏതായാലും ഫ്രാങ്കോക്ക് ഈ പരിശോധന ഇഷ്ടപ്പെട്ട മട്ടാണ്. ഒരു പരിശോധന കൊണ്ടൊന്നും കാര്യമില്ല- കൂടെക്കൂടെ ഈ കാര്യക്ഷമത പരിശോധിച്ച് ഉറപ്പു വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ. അദ്ദേഹത്തിന്റെ ന്യായമായ അപേക്ഷയും ഏതെങ്കിലും കോടതി അംഗീകരിച്ചു കൊടുക്കട്ടെ! ജയിലിനു പുറത്തായിരുന്നപ്പോള്‍! ഈ 'ക്ഷമത' അദ്ദേഹം കൂടെക്കൂടെ പരീക്ഷിച്ചിരുന്നു. അങ്ങിനെയാണല്ലോ അകത്തായത്. ഓരോരോ കാര്യങ്ങളേ!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.