രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഈ സമീപകാലത്തൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് എന്നേപ്പോലെയുള്ള പ്രവാചകന്മാര് പ്രവചിച്ചിരുന്നു. മോദി പ്രഭാവത്തിന്റെ മുന്നില്‍ പയ്യന്സിന്റെ പണി പാളുന്നുണ്ടായിരുന്നോ എന്നായിരുന്നു സംശയം. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ച മോദിജിയും ചാണക്യതന്ത്രങ്ങള്‍ മെനയുന്ന അമിത് ഷായും കൂടി നടത്തിയ ജല്പനങ്ങള് ജനങ്ങള്‍ തിരിച്ചറിഞ്ഞു. താണവനു തുണയാകേണ്ട സര്‍ക്കാര്‍, അവരെ പശുവിന്റെ പേരുപറഞ്ഞ് ജനക്കൂട്ടം തല്ലിക്കൊല്ലുന്നതു കണ്ടപ്പോള്‍, "അവര്‍ അത് അര്‍ഹിക്കുന്നു' എന്നൊരു സമീപനമാണ് കൈക്കൊണ്ടത്. വികലമായ നയങ്ങള്‍കൊണ്ട് പശുപാലകരുള്പ്പടെ എത്രയെത്ര കര്‍ഷകരുടെ വയറ്റത്താണടിച്ചത്. അഹങ്കാരത്തിന് കൈയ്യും കാലുംവെച്ച ഭാവത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗവും പ്രവര്‍ത്തിയും. "നടപ്പാക്കാനാവുന്ന വിധി മാത്രമേ പ്രസ്താവിക്കാന്‍ പാടുള്ളുവെന്നതും, മറ്റുള്ളവയൊക്കെ ചവറ്റുകുട്ടയില്‍ വലിച്ചെറിയണമെന്നും' എത്ര ധാര്ഷ്ട്യത്തോടുകൂടിയാണ് പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നു എത്ര ലാഘവത്തോടുകൂടിയാണ് പറഞ്ഞത്.
ഇതൊക്കെ കേട്ട് മദമിളകിയ കേരളത്തിലെ ബി.ജെ.പി നേതാക്കന്മാര്, ഞാഞ്ഞൂലിനും വിഷംവെയ്ക്കുമെന്ന രീതിയിലാണ് പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും- ബഹുമാനപ്പെട്ട ശോഭാ സുരേന്ദ്രനും മറ്റും കേരളാ മുഖ്യമന്ത്രിയെ "എടാ, പോടാ' എന്നും, പോലീസ് മേധാവികളെ "പട്ടികള്‍' എന്നും മറ്റും അഭിസംബോധന ചെയ്തതു കേട്ടപ്പോള്‍ അവരുടെ അണികള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തിക്കാണും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര വീണ്ടുവിചാരമില്ലാതെ പോയി എന്നുള്ളത് ഒരു പരിധിവരെ ശരിയാണ്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വിശ്വാസത്തിന്റെ മറവില്‍ ശബരിമലയെ ഒരു കലാപഭൂമിയാക്കിയതും, ഭക്തര്‍ക്ക് അസൗകര്യം വരുത്തിയതും ബി.ജെ.പിയും സംഘപരിവാറുമാണെന്ന കാര്യത്തില്‍ വലിയ സംശയത്തിനിടയില്ല. ഇതിനിടയ്ക്ക് കോണ്‍ഗ്രസ് പോയി തലയിട്ടുകൊടുത്തത് എന്തിനാണോ? ശബരിമല വിഷയം ഒരു ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് ബി.ജെ.പിക്കാര്‍ പറഞ്ഞത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ ഇനിയും അതിനു വലിയ പ്രസക്തിയില്ല. "മരണം വരെ നിരാഹാര സത്യാഗ്രഹം' എന്നു പറഞ്ഞാല്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ, മരിച്ചാല്‍ പോലും സമരം അവസാനിപ്പിക്കില്ല എന്നതാണ് അതിന്റെ അര്‍ത്ഥം. 'റൈസിന്' ഉറപ്പുള്ളവര്‍ മാത്രമേ അതിനു ഇറങ്ങിപ്പുറപ്പെടാവൂ. പോലീസ് മേധാവി യതീഷ് ചന്ദ്രയോട് "ഞങ്ങളുടെ മന്ത്രിയുടെ മുന്നില്‍ കൂളിംഗ് ഗ്ലാസ് വച്ചു നില്ക്കാന് നിനക്കെങ്ങനെ ധൈര്യം വന്നെടാ' എന്ന് ആക്രോശിച്ച രാധാകൃഷ്ണന് അനാരോഗ്യകാരണത്താല് പൃഷ്ടത്തിലെ പൊടിയും തട്ടി സുഖവാസത്തിനായി ആശുപത്രയിലേക്ക് പോയി. കോണ്‍ഗ്രസുകാരും ഒരു മൂലയ്ക്ക് 'നിരാ'ഹാര സമരം നടത്തുന്നുണ്ട്. അധികാരം കയ്യില്‍ കിട്ടിയയുടന്‍ തന്നെ വീണ്ടും പണ്ടത്തെപ്പോലെ നേതാക്കന്മാരും മന്ത്രിമാരും കട്ടു മുടക്കാതിരുന്നാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയസാധ്യയുണ്ട്.
രാഹുല്‍ ഗാന്ധി ഈ കഴിഞ്ഞ തവണ പാര്‍ലമെന്റിലെ പ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിനും, അഡാര്‍ ലൗ സ്റ്റൈലില്‍ കണ്ണിറുക്കിയതിനും മറ്റും പുതിയ അര്ത്ഥങ്ങളുണ്ടാവാം. ശബരിമലയുടെ പുറമെ ഇതാ പിറവം പള്ളി- ഒരേ കുടുംബത്തില്‍ പിറന്ന്, ഒരേ രീതിയിലുള്ള ആരാധന നടത്തുന്നവര്‍ തമ്മിലുള്ള കുടുംബ വഴക്ക് - ഇനി എന്റര്ടൈന്മെന്റിനുവേണ്ടി സിനിമ കാണാന്‍ തീയേറ്ററിലൊന്നും പോകണ്ട- സിനിമയെ വെല്ലുന്ന രംഗങ്ങളല്ലേ ശബരിമലയിലും പിറവത്തും മറ്റും അരങ്ങേറുന്നത്.
***** ****** ******
ഈയൊരു തലമുറയുടെ അവസാനത്തോടുകൂടി അമേരിക്കന്‍ പള്ളികള്‍, കേരളത്തിലെ സഭാ ഭരണാധികാരികളുമായുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കും. പൊതുവഴിയില്‍ മൃതശരീരം തടഞ്ഞുവെയ്ക്കാനുള്ള നിയമം ഒന്നും ഇവിടെയില്ല. ഓര്‍ത്തഡോക്സ് ആയാലും കൊള്ളാം - ഈ ഒരു അമേരിക്കന്‍ കണ്ണി മുറിഞ്ഞുപോകാതിരിക്കാന്‍ ഒരു കരുതല്‍ എടുക്കുന്നത് നന്നായിരിക്കും. "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി- ഭൂമിയില്‍ സമാധാനമുള്ളവര്ക്കെന്നും ശാന്തി.'
Comments