“രാജാവ് നീണാള്‍ വാഴട്ടെ!” ബോംബെയിലെ ‘ഇന്റര്‍നാഷണല്‍ ഗ്രാന്‍റ്’ ഹോട്ടലില്‍‘എയര്‍ ഇന്ത്യ’യുടെ ഔദാര്യത്തില്‍ എനിക്കു പതിച്ചു കിട്ടിയ നമ്പര്‍232 മുറിയിലിരുന്നാണ് ഞാന്‍ ഈ കുറിപ്പിനു തുടക്കമിടുന്നത്.ഇവിടെയിരുന്നു പുറത്തേക്കു നോക്കിയാല്‍ അധികം ദൂരത്തല്ലാതെ ‘ഹയാറ്റ്’‘ലീലാ’‘മാരിയറ്റ്’തുടങ്ങിയ വന്‍കിട ഹോട്ടലുകളുടെ ഒരു ശൃംഖല തന്നെ കാണാം.വിരോധാഭാസമെന്നു പറയട്ടെ, ഈ അംബരചുംബികളുടെ നടുവിലായി, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകളുള്ള കുടിലുകളുടെ ഒരു കൂമ്പാരവും. അവിടെ ചെളിവെള്ളത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ അറിയാതെ നീന്തിത്തുടിക്കുന്ന കുരുന്നുകള്‍ക്ക്,വിളിപ്പാടകലെ നില്‍ക്കുന്ന ഈ ഹോട്ടലുകളിലെ സമ്പത്തിന്‍റെ ധൂര്‍ത്ത് ആലോചിക്കുവാന്‍ പോലും പറ്റുമെന്നു തോന്നുന്നില്ല. എന്റെ വിലപ്പെട്ട ഒരു ദിവസം കവര്‍ന്നെടുത്തതിനു ശേഷമാണ് ‘ഫ്രീ അക്കോമഡേഷന്‍’എന്ന ഈ അപ്പക്കഷണം ‘എയര്‍ ഇന്‍ഡ്യാ’എനിക്കു എറിഞ്ഞു തന്നത്. എന്‍റെ ഈ യാത്ര തുടങ്ങിയത് ഇന്നലെ വൈകുന്നേരമാണ്.“ഞങ്ങളുടെ വാഴ്ത്തപ്പെട്ട ദൈവമേ, യാത്ര പുറപ്പെടുന്നമ്പോള്‍ നിന്‍റെ പൈതങ്ങളെ തിരുകരങ്ങളില്‍ ഏല്പിക്കുന്നു.യാത്രയിലുടീളം നീ അവര്‍ക്കു കാവലായിരിക്കേണമേ.അവര്‍ സഞ്ചരിക്കുന്ന വാഹത്തെ നീ അനുഗ്രഹിക്കേണമേ! വിമാനം പറപ്പിക്കുന്ന ഡ്രൈവര്‍ക്ക് ഉറക്കം വരാതെ നോക്കിക്കൊള്ളണമേ ! നിന്‍റെ കുഞ്ഞുങ്ങള്‍ പാലും തേനും ഒഴുകുന്ന ആ കാട്ടില്‍ച്ചെന്ന് ഡോളര്‍ നോട്ടുകള്‍ വാരിയെടുത്ത്,അടിയങ്ങളെപ്പോലെയുള്ള നിന്‍റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരെ സഹായിപ്പാനുള്ള കൃപ നീ അവര്‍ക്കു നല്‍കേണമേ.” ഉപദേശിയുടെ പ്രാര്‍ത്ഥന അങ്ങനെ നീണ്ടു പോവുകയാണ്. യാത്ര പുറപ്പെടാനിറങ്ങുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു ദൈവദാസന്‍ പ്രത്യക്ഷപ്പെട്ട് സമയവും സന്ദര്‍ഭവും നോക്കാതെ ദീര്‍ഘമായ ഒരു പ്രാര്‍ത്ഥന പടച്ചുവിടുന്നത് പതിവാണ്. പ്രാര്‍ത്ഥന ചുരുങ്ങിപ്പോയാല്‍ ദൈവം ആളെ വിട്ടടിപ്പിക്കുമെന്നാണ് പലരുടെയും ധാരണ. തുടര്‍ച്ചയായ മഴമൂലം തിരുവല്ല, ചങ്ങാനാശേരി, കോട്ടയം ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നതിനാല്‍ യാത്ര പതിവിലും വളരെ നേരത്തെയാക്കി.മാര്‍ഗമധ്യേ പ്രത്യേക തടസങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ നെടുമ്പാശ്ശേരിയിലും നേരത്തെ തന്നെഎത്തി. സെക്യൂരിറ്റി ചെക്കു കഴിഞ്ഞ്, ബോര്‍ഡിംഗും കാത്ത് ഒരു അവധിക്കാലത്തിന്റെ ആന്ദകരമായ അനുഭവങ്ങള്‍ അയവിറക്കി ഉറക്കച്ചടവോടെ ഇരിക്കുമ്പോഴാണ് അസുഖകരമായ ആ അറിയിപ്പ് കേട്ടത്. ‘ടെക്നിക്കല്‍ പ്രോബ്ളംസ് മൂലം വിമാനം വൈകിയേ പുറപ്പെടൂ’എന്ന്. ആ നിമിഷം മുതല്‍ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ എയര്‍ ഇന്‍ഡ്യയുടെ അടിമകളാവുകയായിരുന്നു. വിമാനം വൈകുന്നതിന്റെ സത്യസന്ധമായ ഒരു കാരണം നല്‍കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.‘സൌകര്യമുള്ളപ്പോള്‍ പോകും. മിണ്ടാതെ അവിടെയെങ്ങാനും അടങ്ങിയിരുന്നോണം’എന്നൊരു ഭാവം. മിനിറ്റുകള്‍ക്കകം മുന്നൂറോളം പേര്‍ക്കുള്ള പ്രഭാത ഭക്ഷണം റെഡി. വിമാനം വൈകുമെന്ന് ആരോ മുന്‍കൂട്ടി പ്രവചിച്ചതുപോലെ! ബോര്‍ഡിംഗു പാസു കാണിക്കുമ്പോള്‍ ഒരു കഷണം റൊട്ടിയും അരക്കപ്പു കാപ്പിയും എന്തൊരു മഹാമസ്കത! അഭയാര്‍ഥി ക്യാമ്പില്‍ അകപ്പെട്ടതുപോലെ ഒരു തോന്നല്‍. ആര്‍ക്കും ഒന്നും മനസിലാവരുത് എന്ന തരത്തില്‍ അറിയിപ്പുകള്‍ വന്നുകൊണ്ടേയിരുന്നു. ഏകദേശം മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോര്‍ഡിംഗു തുടങ്ങി.പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ രണ്ടു പൈലറ്റുമാര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന മനോഹരമായ കാഴ്ചയാണ് യാത്രക്കാര്‍ കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുന്നത്. ‘ടെക്നിക്കല്‍ പ്രോബ്ളംസ്’എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും മനസിലായി. അഞ്ചു മണിക്കൂര്‍ വൈകി വിമാനം ബോംബെയിലെത്തിയപ്പോഴേക്കും, ഞങ്ങളുടെ കണക്ടിംഗ് ഫ്ളൈറ്റ് പാരീസിനോട് അടുത്തു കഴിഞ്ഞിരുന്നു. യാത്രക്കാരുടെ മുറുമുറുപ്പും പരാതി പറച്ചിലുമൊന്നും എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥന്‍മാരില്‍ ഒരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല. അവര്‍ക്കൊന്നും അറിഞ്ഞു കൂടാ. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നു.അത്രമാത്രം.പാവങ്ങള്‍. പെട്ടെന്ന് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കോട്ടയത്തുകാരന്‍ ഒരു പാപ്പച്ചന്‍ ഞങ്ങളുടെ നേതാവായി സ്വയം അവരോധിച്ചു. പറന്നു പോയ വിമാനം തിരിച്ചു കൊണ്ടുവരുവാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്നാണ് അദ്ദേഹം ആദ്യം അന്വേഷിച്ചത്. ആ അന്വേഷണം ഉദ്യോഗസ്ഥര്‍ ഹിന്ദിയില്‍ ചിരിച്ചു പുഛിച്ചു തള്ളിയപ്പോള്‍ ഒരു ദിവസത്തെ കുടികിടപ്പ് അവകാശത്തിനായി അപേക്ഷിച്ചു. എല്ലാവര്‍ക്കും ഹോട്ടല്‍ അക്കോമഡേഷന്‍ ഫ്രീ. തന്റെ ഒറ്റ ഒരാളുടെ കഴിവുകൊണ്ടാണ് ഇത് സാധിച്ചെടുത്തത് എന്ന ഭാവത്തില്‍ പാപ്പച്ചന്‍ എല്ലാവരെയും നോക്കി ഒരു സ്ഥാനാര്‍ഥിച്ചിരി പാസാക്കി. പാസ്പോര്‍ട്ട് വാങ്ങിവെച്ചിട്ട് തടവുകാരെ കൊണ്ടുപോകുന്നതു പോലെ ഒരു ബസില്‍ എല്ലാവരെയും ഹോട്ടലില്‍ എത്തിച്ചു. എയര്‍ ഇന്‍ഡ്യ പാസഞ്ചേഴ്സ് എല്ലാവരും ഒരു കോണില്‍ ഇരിക്കണമെന്നും, പേരു വിളിക്കുമ്പോള്‍ മാത്രം മുന്നോട്ട് വന്നാല്‍ മതിയെന്നും ഹോട്ടലുകാര്‍ അറിയിച്ചു. ദോഷം പറയരുതല്ലോ ഹോട്ടലിന്റെ പേരു പോലെ തന്നെ, അവിടത്തെ താമസവും ‘ഗ്രാന്‍ഡ്’ആയിരുന്നു. ഒരു ദിവസത്തെ താമസമുണ്ടാകുമെന്നുള്ള വിവരം ബന്ധപ്പെട്ടവരെ അറിയിക്കണമല്ലോ. ആകെയുള്ളത് ഒരു എസ്.ടി.ഡി ബൂത്തുമാത്രം. ഒരു ചെറുപ്പക്കാരിയാണ് ആദ്യം ഫോണില്‍ പിടിമുറുക്കിയത്. ന്യൂജേഴ്സിയിലുള്ള ഭര്‍ത്താവിനെ വിളിച്ച് വിവരം പറയുകയാണ്. മാവേലിസ്റോറിലെ ക്യൂ പോലെ അവളുടെ പിന്നില്‍ നീണ്ട നിര ആ തരുണീമണി ഗൌനിച്ചതേയില്ല. “അയ്യോ! അങ്ങിനെ പറയാതെ. ഞാന്‍ നാളെ അങ്ങുവരും. ഒന്നു ക്ഷമിക്കു കുട്ടാ.” ആ മൂരിശൃംഗാരം പരിസരബോധമില്ലാതെ നീളുകയാണ്. “ശ്ശോ അങ്ങിനോന്നും പറയാതെ! എനിയ്ക്കു നാണമാവുന്നു. മേനി നോവുന്നു.” “അവള്‍ക്ക് കിന്നരിക്കാന്‍ കണ്ട ഒരു രേം. ചെപ്പക്കുറ്റി തീര്‍ത്തൊരെണ്ണം കൊടുക്കണം.” ഫിലാഡല്‍ഫിയക്കാരന്‍ ബേബിക്ക് കലി കയറി.യാത്രക്കാരുടെ കൂട്ടത്തില്‍ ഒരു തിരുമേനിയുമുണ്ടായിരുന്നു. ഒരു ഡോക്ടറുടെ മകളുടെ വിവാഹകൂദാശാകര്‍മം നിര്‍വഹിക്കുന്നതിനുവേണ്ടി പുറപ്പെട്ടതാണ്. അദ്ദേഹം ബോംബെ ഏയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍, അവിടെ വിവാഹം കഴിഞ്ഞിരിക്കണം. അടുത്ത ദിവസം അതിരാവിലെ തന്നെ വീണ്ടും യാത്ര. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചതുപോലെ എനിക്കു കിട്ടിയ സീറ്റിന്റെ മുകളില്‍ നിന്നും വെള്ളം വീഴുന്നു. ‘എയര്‍ ഇന്‍ഡ്യ’ ചോരുന്നു. എന്‍റെ തൊട്ടുമുന്നിലിരിക്കുന്ന തടിയന്‍ സ്വന്തം വീട്ടിലെ ലിവിംഗ്റൂമിലെ റിക്ളയറിലിരിക്കുന്നതുപോലെ സീറ്റു മലര്‍ത്തിയിട്ടാണു കിടപ്പ്. വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്നു കഴിഞ്ഞാല്‍, അതു പിന്നെ അവരുടെ തന്തയുടെ വകയാണെന്നാണു ചിലരുടെ വിചാരം. മറ്റുള്ള യാത്രക്കാരെപ്പറ്റി ഒരു ചിന്തയുമില്ല. ‘ഗ്രാന്‍ഡ്’ഹോട്ടലിന്റെ റിസപ്ഷില്‍ അന്വേഷിച്ചപ്പോള്‍, മുറി വാടക പ്രതിദിനം ഏഴായിരം രൂപയാണെന്നു അറിയുവാന്‍ കഴിഞ്ഞു. ഒരൊറ്റ കൊച്ചിന്‍ - ബോംബെ ഫ്ളൈറ്റ് താമസിച്ചതുമൂലം മുറിവാടക ഇനത്തില്‍ മാത്രം ചെലവായത് മൂന്നു ലക്ഷത്തോളം രൂപാ. ഭക്ഷണത്തിനും മറ്റുമുള്ള ചെലവുകള്‍ വേറെ. അങ്ങനെ എത്രയെത്ര ലേറ്റ് ഫ്ളൈറ്റുകള്‍. ബോംബെയിലെ ഹോട്ടല്‍ ലോബിയും എയര്‍ ഇന്‍ഡ്യ മാനേജ്മെന്റും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്നു ചില വിവരദോഷികള്‍ പറഞ്ഞു പരത്തുന്നു. ഓ ചുമ്മാ വെറുതേ ഓരോന്ന്! എന്തുകൊണ്ടും മഹാരാജാവിന്റെ ചിഹ്നം എയര്‍ ഇന്‍ഡ്യയ്ക്ക് തികച്ചും അനുയോജ്യമാണ്. പ്രജകളായ നമ്മള്‍ക്ക് ഒരുമിച്ച് ഉച്ചത്തില്‍ വിളിക്കാം - “രാജാവ് നീണാള്‍ വാഴട്ടെ.” രാജു മൈലപ്ര അശ്വമേധം ചീഫ് എഡിറ്റര്‍
Comments