എന്തിനും ഏതിനും സമരം പ്രഖ്യാപിക്കുന്ന ഒരു
മാനസിക അവസ്ഥയിലാണ് കേരളത്തിലെ ജന
നേതാക്കള്‍. തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി
അവര്‍ ചില നിരപരാധികളെ കരുവാക്കുന്നു.
തന്റെ ഭര്‍ത്താവിന്റെ കൊലപാതക അന്വേഷണം
സിബിഐക്ക് വിടണം , അല്ലെങ്കില്‍ മരണം വരെ
നിരാഹാര സമരം എന്ന് പ്രഖ്യാപിച്ച കെകെ രമ
അഞ്ചാം ദിവസം സമരം അവസാനിപ്പിച്ചു
ഒഞ്ചിയത്തേക്ക് മടങ്ങി. സമരം വിജയമായിരുന്നു എന്ന്
അവരെ അനുകൂലിക്കുന്നവര്‍
സമര്‍ത്ഥിക്കുന്നുണ്ട്.എന്നാല്‍ പിണറായി വിജയന്
പരിഹസിച്ചത് പോലെ അതൊരു ചീറ്റിപ്പോയ
സമരമായിരുന്നു എന്നുള്ളതാണ് വാസ്തവം
ടിപി വധക്കേസിന് പിന്നിലെ ഗൂഡാലോചനയ്ക്ക്
സിപിഎം നേതാക്കള്‍ക്കുള്ള പങ്കിനെ പറ്റി
അന്വേഷിക്കണമെന്നതായിരുന്നു ആവശ്യം. ഇനി ആര്
കേസ് അന്വേഷിച്ചാലും ഒന്നും സംഭവിക്കാന്‍
പോകുന്നില്ല.അതി നിഷ്ടൂരമായി കൊലചെയ്യപ്പെട്ട
ചന്ദ്രശേഖരന്റെ വിധവ രമയുടെ മാനസികാവസ്ഥ
നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ആ
സാധു സ്ത്രീയെ തങ്ങളുടെ കയിലെ
ചട്ടുകമാക്കുവാനുള്ള രാഷ്ട്രീയക്കാരുടെ കുടില തന്ത്രം
അപലപനീയമാണ്.
മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ യുദ്ധം പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ തന്റെ പിഞ്ചു കുട്ടികള്‍ക്കൊപ്പം സമരം
നടത്തിയ ജസീറയ്ക്ക് ഒരു താല്‍ക്കാലിക ജാന്‍സി
റാണി പട്ടം കിട്ടി.കാര്യങ്ങളുടെ കിടപ്പുവശം
അറിയാതെ ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപയുടെ
പാരിതോഷികം പ്രഖ്യാപിച്ചു.കാശു കൈയില്‍ കിട്ടാതെ
വന്നപ്പോള്‍ ജസീറ തന്റെ തട്ടകം ഒസേപ്പച്ചന്റെ
വസതിക്ക് മുന്നിലേക്ക് മാറ്റി. പിന്നെ പോലീസ്
സ്റ്റെഷനിലേക്ക്, അവിടെ നിന്നും ചൈല്‍ഡ് വെല്‍ഫെയര്‍
സെന്ററിനു മുന്നിലേക്ക്! മാനസിക വിഭ്രാന്തി ബാധിച്ച
ഒരു യുവതി തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷ പോലും
പണയം വച്ച് അരങ്ങേറിയ ഈ കോമാളി
നാടകത്തിനും രാഷ്ട്രീയക്കാരുടെ പിന്തുണ ഉണ്ടായിരുന്നു.
സഭാ നേതാക്ക്നമാരുടെ മരണംവരെയുള്ള നിരാഹാര
പ്രഖ്യാപനമാണ്ഏറ്റവും പരിഹാസ്യമായുള്ളത്.
യേശുക്രിസ്തു നാല്‍പ്പതു ദിവസം ഉപവസിച്ചതിനു
പകരം ഈ മെത്രാന്മാര്ക്ക് നാല് ദിവസമെങ്കിലും
പട്ടിണി കിടക്കാന്‍ പറ്റുമോ?അത്താഴ മേശയില്‍
ഒരുക്കിയിരിക്കുന്ന ഫിഷ് മോളിയുടെയും താറാവു കറിയുടെയും
രുചിയോര്‍ത്ത് നാവില്‍ വെള്ളമൂറുമ്പോള് മന്ത്രിയുടെ
ഉറപ്പിന്മേല് സമരം പിന്‍വലിച്ചിരിക്കുന്നു എന്നാ ഒരു
പ്രഖ്യാപനത്തോട് കൂടി അവര്‍ സ്ഥലം കാലിയാക്കും.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ ശിക്ഷിക്കപ്പെട്ട
പ്രതികള്‍ക്ക് ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യം
ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് , അവരുടെ
ബന്ധുക്കള്‍ ജയിലിനു മുന്നില്‍ നടത്തിയ സമരവും
വിചിത്രമായിരുന്നു. അവരെ ഇതിനോടകം എത്രയോ
വിഐപികള്‍
സന്ദര്‍ശിച്ചുകഴിഞ്ഞിരിക്കുന്നു
സൗകര്യം, രുചികരമായ ഭക്ഷണം, പരിപൂര്‍ണ്ണ
ആരോഗ്യ പരിപാലനം- ഇതൊക്കെ അവര്‍ക്ക് ജയിലില്‍
ഉറപ്പാണ്.
എത്രവലിയ പോലീസ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാലും അന്വേഷണം
ഉന്നതരിലെക്ക് തിരിയുമ്പോള്‍ അത് അവിടെ അവസാനിക്കും. ഇക്കാര്യത്തില്‍
രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടാണ്. എത്രയെത്ര ഉദാഹരണങ്ങള്‍. പാമോലിന്‍ ,
ലാവലിന്‍, സ്വര്‍ണ്ണക്കടത്ത്, സൌരോര്‍ജ്ജം, ഇതെല്ലാം ഉന്നതര്‍ എന്ന
വന്മതില് ഇടിച്ചു നിലച്ചുപോയവയാണ്.
"വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്" എന്നാ രീതിയില്‍ ചീഫ് വിപ്പ്
പിസി ജോര്‍ജ് സ്ഥാനത്തും അസ്ഥാനത്തും ചില വാചക കസര്‍ത്തുകള്‍
നടത്താറുണ്ട്. കാര്യമെന്തായാലും ജോര്‍ജിന്റെ വിക്കുകള്‍
കേട്ടിരിക്കുന്നത് രസകരമാണ്.ഈയടുത്ത കാലത്ത് അദേഹം നടത്തിയ പ്രസ്താവനയോട്
നൂറു ശതമാനം യോജിക്കുന്നു." കേരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ്
നായ്ക്കളെ പിടിച്ചു ഒരു ട്രെയിനില്‍ കയറ്റി മേനക ഗാന്ധിയുടെ വീട്ടില്‍
എത്തിക്കണമെന്നു. കുറച്ചു നാള് അവര്‍ ഈ പട്ടികളെ പോറ്റട്ടെ എന്ന്.
കൃഷിനാശം വരുത്തുന്ന കാട്ട് പന്നികളെ വെടിവച്ചു കൊന്നിട്ട്, അവയെ
മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുന്നതിനു പകരം കുറച്ചു വെളിച്ചെണ്ണയില്‍
വറുത്തെടുത്ത് ഭക്ഷിച്ചാല്‍ എന്താണ് കുഴപ്പം എന്ന്.ബഹു. പിസിജോര്‍ജ് ഈ
അഭിപ്രായ പ്രകടനം നടത്തിയതു ബന്ധപ്പെട്ടവര്‍ ഗൌരവമായി
എടുത്തിരുന്നെങ്കില്‍ എന്നും ആശിച്ചു പോകുകയാണ്.
പണ്ട് ബ്രിട്ടീഷുകരോട് ബാലാബലം പിടിച്ചു നില്ക്കാന് കെല്‍പ്പില്ലെന്നു
അറിഞ്ഞു കൊണ്ട് മഹാത്മാ ഗാന്ധി കണ്ടു പിടിച്ച ' നിരാഹാര സമരം' എന്നാ
ആയുധത്തെ ഇനിയെങ്കിലും അപമാനിക്കല്ലേ എന്ന അപേക്ഷയോടെ
സ്നേഹത്തോടെ
രാജു മൈലപ്ര
Comments