ഈ ആഴ്ച്ച അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നു.പല തവണ അമേരിക്കന്‍ വിസാ നിഷേധിക്കപ്പെട്ട മോദിയെ,അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നേരിട്ട് ഇന്ത്യയില്‍ എത്തി ക്ഷണിക്കുകയായിരുന്നു എന്നുള്ള കാര്യം ഓരോരുത്തര്‍ക്കും അഭിമാനത്തിനു വക നല്‍കുന്നു.നൂറു ദിവസം ഭരണം തികച്ച മോദി സര്‍ക്കാരിനെ പ്രതിപക്ഷ കക്ഷികള്‍ പലവിധത്തിലും തരം താഴ്ത്തിക്കെട്ടാന്‍ ഒരു വിഫലശ്രമം നടത്തി.ഒരു വിധ ആക്ഷേപങ്ങള്‍ക്കും,ആരോപണങ്ങള്‍ക്കും മോദി മറുപടി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.ഉപതെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ തോല്‍വി സംഭവിച്ചതോടെ 'മോദി തരംഗം' അവസാനിച്ചു എന്നു പ്രവചിക്കുവാനും പ്രചരിപ്പിക്കുവാനുമായിരുന്നു ചിലര്‍ക്ക് താല്പര്യം.
അതുപോലെ തന്നെ പ്രധാനമന്ത്രി മറ്റു വകുപ്പുമന്ത്രിമാരുടെ തീരുമാനങ്ങളില്‍ ഇടപെട്ടു ഒരു ഏകാധിപതിയാകുവാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുകയുണ്ടായി.മന്‍മോഹന്‍സിംഗ് എന്നൊരു മിണ്ടാപ്രാണിയെ മുന്നില്‍ നിര്‍ത്തി അമ്മയും മകനും കൂടിയാണ് ഭാരതത്തിന്‍റെ ഭരണചക്രം തീരുമാനിച്ചിരുന്നത്.ഫലമോ?എല്ലാ വകുപ്പിലും കോടികളുടെ അഴിമതികള്‍.ഒരു പ്രതിപക്ഷ പദവി പോലും ഇന്നു കോണ്‍ഗ്രസ്സിനില്ല കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഭരണവും അത്ര മെച്ച്ചമൊന്നുമല്ല.എല്ലാ വകുപ്പുതല മന്ത്രിമാരും സ്വന്തം ഇഷ്ട്ടപ്രകാരം തീരുമാനങ്ങള്‍ നടപ്പാക്കുന്നു.എത്രയെത്ര അഴിമതികഥകളാണ് ദിവസവും ചുരുളഴിയുന്നത്.എല്ലാ വര്‍ഷവും മന്ത്രിമാരുടെ സ്വത്തുവിവരം പൊതുജനത്തെ അറിയിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പോലും സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടില്ല.കാരണം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവരുടെ 'സമ്പാദ്യം' പത്തിരട്ടി വര്‍ദ്ധിച്ചു.
ചുമ്മാതെ ചൊറിഞ്ഞു കൊണ്ടു മന്ത്രിക്കസേരയിലിരിക്കുന്നവര്‍ക്ക് പോലും ട്ട,ണ്ണ,ക്ഷ എഴുതാനറിയാത്ത മുപ്പതു പേഴ്സണല്‍ സ്റ്റാഫ് ഉണ്ട്.ഇവരുടെ മാസ ശമ്പളം ഒരു ലക്ഷമോ അതിലധികമോ ആണ്.അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ആജീവനാന്ത പെന്‍ഷനും,കാലന്‍ കയറു മുറുക്കിയാല്‍ ആശ്രിതര്‍ക്ക് സംരക്ഷണവും! കേരളത്തില്‍ ഇത്തവണയും ബി.ജെ.പി അക്കൗണ്ട് തുറന്നില്ല എന്നു വീമ്പിളക്കാമെങ്കിലും,അവരുടെ വോട്ടിന്‍റെ ശതമാനത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ് അവഗണിച്ചു കൂടാ!തിരുവനന്തപുരത്ത് ഓ.രാജഗോപാല്‍ വിജയിച്ചിരുന്നെങ്കില്‍ നമുക്ക് നന്മ നിറഞ്ഞൊരു കേന്ദ്രമന്ത്രിയെ ലഭിച്ചേനെ!അതിനു പകരം ജയിച്ചതോ?ശശിതരൂര്‍ എന്ന ആഗോള നേതാവ്!അദ്ദേഹത്തിനു ഏതു ലോക നേതാക്കളുമായും എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടുവാനുള്ള സ്വാധീനം ഉണ്ടത്രേ!പട്ടിക്ക് മീശ കിളിച്ചത് കൊണ്ടു ---- പ്രയോജനം?
സ്വന്തം പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നല്‍കാത്ത കേരളത്തിനോട് പോലും വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മനയം കാണിച്ചിട്ടില്ല.IIT,ഐംസ്,വിഴിഞ്ഞം പദ്ധതി തുടങ്ങിയ പലകാര്യങ്ങളും നടക്കുന്നു.നാഷണല്‍ ഹൈവേ പോലുള്ള പലപദ്ധതികളും നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത് കേരളസര്‍ക്കാരിന്‍റെ അനാസ്ഥകൊണ്ടും പിടിപ്പുകേടും കൊണ്ടാണ്.വിദേശനയം,അതിര്‍ത്തിസംരക്ഷണം,സ്ത്രീസുരക്ഷ,സൗജന്യ മരുന്നു വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ മോദി സര്‍ക്കാര്‍ അതീവ പ്രാധാന്യം കൊടുക്കുന്നു.അവയെല്ലാം കാര്യക്ഷമമാക്കുവാനുള്ള ക്രിയാത്മക പരിപാടികളും വിജയകരമായി തുടങ്ങിക്കഴിഞ്ഞു.ഡോ.ഡി.ബാബുപോളിന്‍റെ ഒരു അഭിപ്രായത്തോട് ഞങ്ങളും യോജിക്കുന്നു."മോദിയുടെ നൂറുനാള്‍ മൂന്നുപതിറ്റാണ്ടിനിടയില്‍ നാം കണ്ട മറ്റേതു പ്രധാനമന്ത്രിയുടെയും ആദ്യ നാളുകളെ അപേക്ഷിച്ചു ഭേദം എന്നേ പറയാനാവൂ" അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന മോദിയെ ഇവിടെയുള്ള ഭാരതീയര്‍ ഉജ്ജ്വലമായി സ്വീകരിക്കണം.മോദി എന്ന വ്യക്തിയെ അല്ല മറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് നമ്മള്‍ ആദരിക്കുന്നത്!
Comments