നീയറിഞ്ഞോ മേലെ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്
ആ തുറക്കെട്ടടാ സ്വര്‍ഗ്ഗത്തിലെ, നമ്മുടെ
മുത്തച്ഛന്‍മാര്‍ക്ക് ഇനി ഇഷ്ടം പോലെ കുടിക്കാമല്ലോ!'
`പൂട്ടിയ 418 ബാറുകളും തുറന്നു പ്രവര്‍ത്തിക്കുവാന്‍ പ്രത്യേകമായി ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. കൂടാതെ പുതിയ വൈന്‍/ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനും തീരുമാനിച്ചു. കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ മദ്യനയത്തില്‍ നിന്നും അണുവിട മാറാതെ, പ്രയോഗികമായ ഒരു പുതിയ തീരുമാനം മാത്രമേ എടുത്തിട്ടുള്ളൂ' യുഡിഎഫ് യോഗത്തിനു ശേഷം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി നടത്തിയ പ്രസ് കോണ്‍ഫ്രന്‍സില്‍, യാതൊരു ഉളിപ്പും ഇല്ലാതെ പ്രസ്‌താവിച്ചു.
ഫ്‌ളാഷ് ബാക്ക്: കഴിഞ്ഞ ഒരു വര്‍ഷമായി പാലയുടെ പൊന്നോമന കെ.എം. മാണി, കൂടെ നടക്കുന്ന ശിങ്കിടികളോടു കൂടെക്കൂടെ ചോദിക്കുമായിരുന്നത്രേ, `ഞാനിങ്ങനെയൊക്കെ നടന്നാല്‍ ഇതിലും ഉന്നതമായ ഒരു സ്ഥാനത്തിന് ഞാന്‍ യോഗ്യനല്ലേ' എന്ന്.
അച്ചായന്‍ കാഴ്‌ചയില്‍ മാത്രമല്ല, കാര്യത്തിലും എല്ലാവരുടേയും മുന്നിലാണെന്നു ഏറാന്‍ മൂളികള്‍ ഒന്നിച്ചുമൂളി.
കേരളാ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍, ചാണ്ടി സര്‍ക്കാര്‍ താഴെ പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. ഇടതന്‍മാര്‍ മുഖ്യമന്ത്രി പദം കാട്ടി മാണിയുടെ മനസ്സിളക്കി. രണ്ടു വര്‍ഷമെങ്കില്‍ രണ്ടു വര്‍ഷം. തനിക്കും ആ കസേരയുടെ ഗുണവും മണവുമൊന്നു രുചിക്കണം. ധനകാര്യ മന്ത്രിയായപ്പോള്‍ ഇത്രയും ധനം കുന്നുകൂടിയെങ്കില്‍, മുഖ്യമന്ത്രിയായാല്‍ സമ്പത്ത് മലപോലെ ആകുമല്ലോ എന്നും അദ്ദേഹം മനക്കോട്ട കെട്ടി. ഇറങ്ങുന്നതിനു മുന്‍പ് കുഞ്ഞു മാണിയുടെ ഭാവി ഭദ്രമാക്കണം. പയ്യന്‍സ് തുടക്കത്തില്‍ പൊട്ടനായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങളൊക്കെ നന്നായി പഠിച്ചു വേണ്ടി വന്നാല്‍ ഒരു കേന്ദ്രമന്ത്രി വരെയാകുവാനുള്ള കഴിവ് നേടിയിട്ടുണ്ട്. എന്നാലും 'കാശിന്റെ വഴി' വേണ്ട പോലെ പഠിച്ചിട്ടില്ല.
അവശേഷിച്ചിരിക്കുന്ന രണ്ടുവര്‍ഷം കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രി പദം ഒഴിഞ്ഞ് മാണിയെ അതില്‍ അവരോധിക്കണമെന്നും, അല്ലെങ്കില്‍ അദ്ദേഹം മറുകണ്ടം ചാടാന്‍ സാദ്ധ്യതയുണ്ടെന്നും ഹംസങ്ങള്‍ വഴി ചാണ്ടിയുടെ ചെവിയില്‍ ദൂത് എത്തിച്ചു.
പാലാക്കാരന്‍ വല്യ അച്ചായന്റെ പാര പണി പുതുപ്പള്ളിക്കാരന്‍ കുഞ്ഞച്ചായന്റെ അടുത്തു നടക്കുവാന്‍ പോകുന്നില്ല മകനേ! എന്ന് മുഖ്യന്‍ മനസ്സില്‍ പറഞ്ഞു.
മാണിക്ക് ഒരു പണി കൊടുത്തില്ലെങ്കില്‍ പണി പാളുമെന്നുള്ള കാര്യം അദ്ദേഹം തിരിച്ചറിഞ്ഞു.
തല പുകഞ്ഞാലോചിച്ചു. തലമണ്ടയില്‍ക്കൂടി ബിജു രമേശ് എന്ന അബ്‌കാരിക്കാരന്റെ രൂപത്തില്‍ വെളുത്ത പുക പുറത്തു വന്നു. ബാറു വിഷയത്തില്‍ മന്ത്രി മാണി ഒരു കോടി രൂപാ കൈക്കൂലി വാങ്ങിയെന്നു അയാള്‍ ചാനലുകാരെ വിളിച്ചു വരുത്തി വിളംബരം ചെയ്‌തു. ആദ്യം കാര്യം നിസ്സാരമെന്നു തോന്നിയെങ്കിലും പിന്നീടു പ്രശ്‌നം ഗുരുതരമാണെന്നു മാണിക്കു മനസ്സിലായി. അഴിമതി ആരോപണങ്ങള്‍ ഒന്നിനു പിറകേ ഒന്നായി. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ വിജിലന്‍സിനെക്കൊണ്ടു കേസു ചാര്‍ജു ചെയ്യിച്ചു. ആരോപണങ്ങളോടെ രാജിവെയ്‌ക്കാന്‍ തുടങ്ങിയാല്‍ മന്ത്രിസഭയില്‍ ആരും കാണുകയില്ലെന്നുള്ള ന്യായമായ ന്യായം പറഞ്ഞ് അദ്ദേഹം മന്ത്രിപദത്തില്‍ തുടര്‍ന്നു പോരുന്നു.
കൃത്യമായി തിരക്കഥ തയ്യാറാക്കിയ ഒരു സിനിമ കാണുന്ന സുഖത്തോടെ പിന്നീടു നടന്ന സംഭവങ്ങള്‍ ജനം കണ്ടു രസിച്ചു. കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയാണിതെന്ന് മാണി കട്ടായം പറഞ്ഞു. താന്‍ മുങ്ങിയാല്‍ എല്ലാവരെയും മുക്കും എന്നൊരു ഭീക്ഷണിയും അദ്ദേഹം മുഴക്കി.
അധികാരം കൈവിട്ടു പോകുന്നത് ആര്‍ക്കും അത്ര സുഖമുള്ള കാര്യമല്ല. വിജിലന്‍സ് കൈയാളുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇരു ചെവിയറിയാതെ, എസ്‌കോര്‍ട്ടു പോലുമില്ലാതെ പാലയിലെ പാലസ്സിലെത്തി മാണിരാജാവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അച്ചായന്റെ കാര്യം സേഫാണെന്നും, വിജിലന്‍സ് എന്ന ഉമ്മാക്കി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാണെന്നും കട്ടായം പറഞ്ഞു. പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരാളെ വീട്ടില്‍ ചെന്നു കണ്ടു ക്ഷമ ചോദിക്കുന്ന സംഭവം ഇതു ലോക ചരിത്രത്തില്‍ ആദ്യം. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോളിന്റെ ഭാവി അത്ര ഭാസുരമല്ലെന്നു വിധിയെഴുതുവാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണമെന്നില്ല. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ദോഷഫലങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഒരു കാലമാണിത്. ശനി കണ്ടക രാശിയില്‍ സഞ്ചരിക്കുന്ന സമയമാണിത്. അനാരോഗ്യം മൂലം തൊഴില്‍ രംഗത്തുനിന്നും വിട്ടുനില്‍ക്കേണ്ടി വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം ലഭിക്കാനിടവരും എന്നാണ് നക്ഷത്രങ്ങള്‍ പറയുന്നത്.
പരിഹാരം തല്‍ക്കാലം കാക്കിവസ്‌ത്രം ഉപേക്ഷിച്ച് വെള്ള ഖദര്‍ വസ്‌ത്രം ധരിച്ച് ഹരിപ്പാട് ചെന്നിത്തല ആശ്രമത്തിലും, പുതുപ്പള്ളി ചാണ്ടി പുണ്യവാളന്റെ പള്ളിയിലും നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കുക.
'ഓപ്പറേഷന്‍ കുബേര' ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത രമേശ്‌ജിയുടെ തൊപ്പിയില്‍ ഒരു തൂവലുകൂടി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ മറ്റൊരു കാര്യം എടുത്തു പറയേണ്ടതാണ്.
?ഞായറാഴ്‌ച െ്രെഡ ഡേ ഒഴിവാക്കുക എന്നുള്ളത് എന്റെ സ്വന്തം നിര്‍ദ്ദേശപ്രകാരമാണ്. അന്ന് കുടുംബമെല്ലാം സ്വന്തമായി കഴിയണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാനിതു പറഞ്ഞത്? ഈ പ്രസ്‌താവനയ്‌ക്ക് അദ്ദേഹത്തിനു ഒരു പ്രത്യേക കൈയടി കൊടുക്കണം.
ആദിവാസികളുടെ പട്ടിണി മരണത്തിലും
കടം കയറിയ കര്‍ഷകരുടെ ആത്മഹത്യയിലും
പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ കാര്യത്തിലും കുലുങ്ങാതെ പിടിച്ചു നിന്ന ചെന്താമരക്കണ്ണന്‍ ചാണ്ടി ഭഗവാന്‍, ബാറു തൊഴിലാളി മരിച്ചെന്നു കേട്ടപ്പോള്‍, എന്തുകൊണ്ടോ കണ്ണീരണിഞ്ഞു.
ബാറുകള്‍ തുറന്നത് കാര്യമില്ലാതെയാണെന്നു കരുതരുത്. തൊഴില്‍ വകുപ്പു, ടൂറിസം വകുപ്പു സെക്രട്ടറിമാര്‍ രണ്ടു ദിവസം കൊണ്ട് നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ മേഖലകളില്‍ വമ്പിച്ച സാമ്പത്തീക നഷ്ടമാണത്രേ കേരളമെന്ന പേരു കേട്ടാല്‍ വിദേശടൂറിസ്റ്റുകളുടെ രക്തം തിളക്കുകയാണത്രേ! പുതുവസ്‌തരാഘോഷ വേളയില്‍ കാടാപ്പുറത്തു കൂടി മദാമ്മ കറുത്തമ്മമാര്‍ക്ക് തുണിയില്ലാതെ അഴിഞ്ഞാടണമെങ്കില്‍ വീര്യം കൂടിയ കള്ള് ഉള്ളിലുണ്ടാവണമെന്ന് ഏതു പൊട്ടനാണറിയാത്തത്?
വീരനായ സുധീരന്റെ കാര്യം ഇനി കട്ടപ്പൊക. മദ്യവര്‍ജ്ജനത്തിന്റെ സന്ദേശം നല്‍കി വടക്കുനിന്നു തെക്കോട്ടു ജനപക്ഷയാത്ര തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ചീറ്റിപ്പോയി. ആമ്പിള്ളേര്‍ വ്യാജരസീതുണ്ടാക്കി കോടികള്‍ സ്വന്തം അക്കൗണ്ടിലാക്കി. ആദര്‍ശനവും വിളമ്പിക്കൊണ്ടു നടന്നാല്‍ വല്ല അഗതിമന്ദിരത്തിലുമായിരിക്കും അദ്ദേഹത്തിന്റെ അന്ത്യം. ഉള്ള സമയം കൊണ്ട് പത്ത് പുത്തന്‍ വാങ്ങി പോക്കറ്റിലിടുക വീരാ, ധീരാ, സുധീരാ പണ്ടത്തേപ്പോലെ ലക്ഷംലക്ഷമെന്നും പിന്നിലെ കാണുകയില്ലെ കൈയില്‍ കോടികള്‍ ഇല്ലെങ്കില്‍! പിണങ്ങരുത്, സ്‌നേഹം കൊണ്ടു പറയുന്നതല്ലേ!
മാണിക്കു ക്ലീന്‍ ചിറ്റു കിട്ടിയതു കൊണ്ട് ഇനി ആരില്‍ നിന്നും പാര്‍ട്ടിഫണ്ടന്നോ, പാരിതോഷികമെന്നോ പറഞ്ഞ് ഇഷ്ടം പോലെ പണം വാങ്ങിക്കാം ഇതില്‍ കൂടുതല്‍ എന്തുവരാനാ?
ഇടതു വലതു വ്യത്യാസമില്ലാതെ എല്ലാ ഭരണാധികാരികളും കോടിക്കണക്കിനു രൂപാ കൈക്കൂലി വാങ്ങുന്നുണ്ടെന്നുള്ള കാര്യം. പകല്‍ പോലെ വ്യക്തമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു അവസരവാദിയാണെന്ന് ഒന്നിനു പിറകേ ഒന്നായി തെളിയിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പദത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുവാന്‍ ഏതറ്റം വരെ പോകാനും, ഏതടവും പയറ്റുവാനും തനിയ്‌ക്കൊരു മടിയുമില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, പ്രതിപക്ഷത്തിനും മുന്നറിയിപ്പു നല്‍കി കഴിഞ്ഞിരിക്കുന്നു.
നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആലുകിളിച്ചാല്‍ അത് അവനൊരു തണലാണെന്നുള്ളത് പഴമൊഴി. ഉമ്മന്‍ചാണ്ടിയുടെ ആസനത്തില്‍ ഇപ്പോഴൊരും ആല്‍മരവനമാണ്. അതിന്റെ വള്ളികളില്‍ ഞാണ്ടു കിടന്നു ഘടക കക്ഷികളും മന്ത്രിമാരും ഊഞ്ഞാലുടന്നു.
മണി മണി പോലെ മാണി വാങ്ങിയ മണി, മറ്റുള്ളവര്‍ക്കു ഒരു മാര്‍ഗ്ഗദര്‍ശിയാകട്ടെ എന്ന് ആശംസിയ്‌ക്കുന്നു.
ലഹരി നുരയുന്ന ഒരു ക്രിസ്‌തുമസും, പുതുവത്സരവും എല്ലാവര്‍ക്കും നേരുന്നു!
Comments