സ്വതസിദ്ധമായ പുഞ്ചിരിയോടെ, വെള്ളിത്താടി തടവികൊണ്ട് മാര്‍ത്തോമ്മ സഭയിലെ സ്വര്‍ണ്ണനാവുള്ള വലിയ തിരുമേനി, മാര്‍ ക്രിസോസ്റ്റം ഈയടുത്ത കാലത്തു നടന്ന ഒരു അഭിമുഖത്തില്‍ ഫലിത രൂപേണ പറഞ്ഞു, 'ഈ അച്ചന്മാരെല്ലാം കള്ളം പറയുന്നവരാണ്. ഇനിക്കെനി കള്ളം പറയുവാന്‍ കഴിയകയില്ല അതുകൊണ്ടാ ഞാനീ പണി നിര്‍ത്തിയത്. അതുപോലെ ദൈവം തമ്പുരാന്‍ ആരോടും പണം ചോദിച്ചതായി അറിവില്ല. എന്നാല്‍ എന്തെങ്കിലും പുതിയ പുതിയ പണപ്പിരിവിനുള്ള മാര്‍ഗ്ഗം തേടുകയാണ് അച്ചന്മാര്‍' മാര്‍ ക്രിസോസ്റ്റം ചിരിക്കുന്നുനമ്മള് ചിന്തിക്കുന്നു. അടുത്ത കാലത്തായി ആരാധനയേക്കാളും മുന്‍ഗണന പിരിവിനാണ് പള്ളിക്കാര്‍ കൊടുക്കുന്നത് എന്നു തോന്നിപ്പോകുന്നു. പ്രത്യേകിച്ചും അമേരിക്കയിലെ മലയാളികള്‍! വരുമാനത്തിന്റെ നല്ലൊരു ശതമാനം പള്ളിക്കു കൊടുത്തില്ലെങ്കില്‍, ദൈവം തമ്പുരാന്‍ ആളെവിട്ട് അടിപ്പിക്കുമെന്നുള്ള ഒരു ഭീഷണി ഇവരുടെ സ്വരത്തിലുണ്ട്.
എന്തെല്ലാം വകുപ്പുകളാണ് ഒരാളെ 'പിരിക്കുവാന്‍' ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭദ്രാസന പിരിവ്, സഭാകന്ദ്രത്തിനുള്ള പിരിവ്, സെമിനാരിക്കു വേറെ! പിന്നെ മാമ്മോദീസ, വിവാഹം, ശവസംസ്ക്കാരം എന്നിവയ്ക്കു പ്രത്യേകം വിവാഹത്തിന് 'പസാരം' എന്ന ഓമനപ്പേരില്‍ ചുങ്കം ചുമത്തുന്നുണ്ട്. ഇതു കൂടാതെ ജന്മദിനം, വിവാഹ വാര്‍ഷികം, ധൂപം വെയ്പ്, കുര്‍ബാനപ്പണം തുടങ്ങി വിവിധ ഇനങ്ങള്‍! ഇതിനെല്ലാം പുറമേ ഓരോ പള്ളിയുടെയും, പട്ടക്കാരന്റേയും മനോധര്‍മ്മമനുസരിച്ച് വരിസംഖ്യ. ഇതെല്ലാം തക്കസമയത്ത് അടച്ചില്ലെങ്കില്‍ നമ്മളെ കുടിശ്ശികക്കാരുടെ കൂട്ടത്തില്‍ കൂട്ടും അവരുടെ പേരുവിവരം നോട്ടീസ് ബോര്‍ഡില്‍ പതിക്കും. വീടിന്റെ ആധാരം പണയംവെച്ച് കടമെടുത്തവര്‍, ലോണിന്റെ തവണകള്‍ മുടക്കിയാല്‍, ചെണ്ടകൊട്ടി മാളോരോടു വിളംബരം ചെയ്തു, വീടും പറമ്പും ജപ്തി ചെയ്യുന്നതുപോലെ! ഇങ്ങനെ ബ്ലാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവരുടെ കുടുംബാംഗങ്ങളുടെ മാമ്മോദീസാ, വിവാഹം, വീടുകൂദാശ, ശവമടക്ക് തുടങ്ങിയ കൂദാശ കര്‍മ്മങ്ങളൊന്നും നടത്തി കൊടുക്കില്ല.
പൊതുയോഗത്തില്‍ പങ്കെടുക്കുവാനും, അഭിപ്രായം പറയുവാനും, വോട്ടു ചെയ്യുവാനുള്ള പ്രിവിലേജസും എടുത്തു കളയും. എന്തെങ്കിലും ഉപകാരം ആര്‍ക്കെങ്കിലും ചെയ്തു കൊടുത്താല്‍ അതിനു തക്ക പ്രതിഫലം കിട്ടണമെന്നു മനുഷ്യര്‍ക്കു നിര്‍ബന്ധമാണ്. അതുപോലെ തങ്ങള്‍ക്ക് എന്തെങ്കിലും 'ദൈവസഹായം' ലഭിച്ചാല്‍ ദൈവം പ്രതിഫലം കൊടുക്കണമെന്നാണ് അവരുടെ വിശ്വാസം. ആദിമ മനുഷ്യന്‍ പ്രകൃതിയുടെ കോപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ മൃഗബലി നടത്തി. കാലം കൂടുതല്‍ പുരോഗമിച്ചതോടെ, ആഡംബര ആരാധനാലയങ്ങള്‍ പണിത് ദൈവത്തെ അതിനുള്ളില്‍ കുടിയിരുത്തി. പണത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ദൈവത്തെ സ്വാധീനിക്കുവാന്‍, നേര്‍ച്ചപ്പെട്ടികളില്‍ നോട്ടുകെട്ടുകളും, സ്വര്‍ണ്ണനാണയങ്ങളും നിക്ഷേപിക്കുവാന്‍ തുടങ്ങി. ഈ നേര്‍ച്ചകാഴ്ചകളൊന്നും സ്വര്‍ഗ്ഗ രാജ്യത്തില്‍ നിത്യജീവന്‍ ലഭിക്കുവാന്‍ വേണ്ടിയല്ല നടത്തുന്നത്. ഇതെല്ലാം എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടി ചെയ്യുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം.
പരീക്ഷ പാസ്സാകുവാന്‍, നല്ല ജോലി ലഭിക്കുവാന്‍, നല്ല വിവാഹം നടക്കുവാന്‍, രോഗം മാറുവാന്‍, മദ്യക്കച്ചവടം മെച്ചപ്പെടുവാന്‍ അങ്ങിനെ നിരവധി കാര്യങ്ങള്‍ക്കു വേണ്ടിയാണ് ദൈവത്തിനു മനുഷ്യര്‍ പണം കൊടുക്കുന്നത്. ഇഷ്ടകാര്യസാദ്ധ്യത്തിനുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരെന്നും, പണമായോ, വിലപ്പെട്ട സാധനങ്ങളായോ പ്രതിഫലം നല്‍കുക കൂടി ചെയ്യണമെന്നുള്ള വിശ്വാസം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കു കൈകൂലി കൊടുക്കുന്നതുപോലെ, ദൈവത്തിനു നല്‍കുന്നതും രണ്ടു തരത്തിലുണ്ട്. ഒന്ന്, ഉദിഷ്ഠകാര്യം സാധിക്കുന്നതിനു പ്രാര്‍ത്ഥനയോടൊപ്പം മുന്‍കൂര്‍ നല്‍കുന്ന നേര്‍ച്ച.
രണ്ടാമത്തെ കൂട്ടര്‍ക്ക് ദൈവത്തെ അത്ര വിശ്വാസം പോരാ. കാര്യം സാധിച്ചാല്‍ ദൈവത്തിനു പ്രതിഫലമായി ഒരു നിശ്ചിത തുക കൊടുത്തുകൊള്ളാമെന്നുള്ള ഒരു കരാര്‍! എല്ലാ ദേവാലയങ്ങളിലും കൂടുതല്‍ സംഭാവന നല്‍കുന്ന ഭക്തന്മാര്‍ക്കാണു മുന്‍നിരയില്‍ സ്ഥാനം. മുടക്കുന്ന പണത്തിന്റെ തോതനുസരിച്ചാണ് ദൈവം കടാക്ഷിക്കുന്നതെങ്കില്‍ പിന്നെ, പണം മുടക്കുവാന്‍ കഴിവില്ലാത്ത സാധാരണക്കാര്‍ ആരാധനാലയങ്ങളില്‍ പോയിട്ടെന്തുകാര്യം? അനുബന്ധം: "അതിനാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍, നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക, രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം തരും.'(മത്തായി 6: 6)
Comments