<div>'സര്വ്വകലാവല്ലഭന്' എന്നുള്ളത് ഒരു ആലാങ്കാരിക ഭാഷയാണ്. എല്ലാം തികഞ്ഞ ഒരാളുണ്ടെങ്കില്‍ ആയാള്‍ ഈശ്വരനാകും.മോഹന്‍ലാനിനെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്നതുകൊണ്ടാണ് അവര്‍ ആ പദവി അദ്ദേഹത്തിനു ചാര്‍ത്തി കൊടുത്തത്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍ ആധുനിക സംഗീതോപകരണങ്ങളുടെയും, അത്ഭുതം കാണിക്കുന്ന ശബ്ദക്രമീകരണങ്ങളിലൂടെയും , പല റീടേക്കുകള്‍ കഴിഞ്ഞ് മൂന്നോ നാലോ പാട്ട് പാടിയതോടു കൂടി ഒരു ഗായകപട്ടം കൂടി അദ്ദേഹം സ്വയം അണിഞ്ഞു. സ്റ്റുഡിയോ റിക്കോര്‍ഡിംഗും, ലൈവ് പ്രോഗ്രാവുമായി വലിയ അന്തരമുണ്ട്. അതു കൊണ്ടാണല്ലോ ചില ഗായകര്‍ 'Lip singing'(Synchronizing) നെ ആശ്രയിക്കുന്നത്.
ബഹുമാനപ്പെട്ട മോഹന്‍ലാല്‍ അമേരിക്കയില്‍ ഈ തന്ത്രം പ്രയോഗിച്ച് കൂവല്‍ ഏറ്റു വാങ്ങിയതാണ്. അദ്ദേഹത്തിന്റെ ഗാനമേളയല്ലല്ലോ ജനം പ്രതീക്ഷിച്ചത്. പാടുവാന്‍ നമ്മോടൊപ്പം ഇന്നും ദാസേട്ടന് സജീവമായിത്തന്നെയുണ്ടല്ലോ അതുപോലെ പാന്റിഹോസിട്ട ചില റഷ്യന്‍ പെണ്ണുങ്ങളെ അവരുടെ ശരീരമുഴുപ്പും വടിവും പ്രദര്‍ശിപ്പിച്ച് സ്റേറജിനു തെക്കുവടക്കും കുറുകേയും ചാടിച്ചത് എന്തിനാണെന്നും മനസ്സിലാകുന്നില്ല. ഈ ഓപ്പണിംഗ് സെറിമണിയേക്കാള് എത്രയോ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു ഈയടുത്ത കാലത്തു നടന്ന സ്കൂള്‍ കലോത്സവം ?
ഒരു ഡാന്‍സ് പ്രോഗ്രാമിന് അഞ്ചുലക്ഷത്തില്‍ കൂടുതല്‍ ഒരിക്കലും ലഭിക്കാത്ത ഉര്‍വ്വശി ശോഭനയ്ക്ക് ഇരുപത് ലക്ഷം രൂപയാണ് പ്രതിഫലമായി കൊടുത്തതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കൊട്ടാരക്കര ശ്രീധരന്‍നായര്‍ അഭ്രപാളികള്‍ അനശ്വരമാക്കിയ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന കഥാപാത്രത്തെ ഇത്ര വികലമാക്കിയതും കഷ്ടമായിപ്പോയി.ഇപ്പോള്‍ ഈ പരിപാടിക്കുവേണ്ടി ചിലവായ തുക മുഴുവന്‍ അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്നും മടക്കിക്കൊടുക്കുമെന്നാണ് പറയുന്നത്. അത് അദ്ദേഹത്തിന്റെ മാന്യത-ഒരു കല്യാണസദ്യമൊത്തം കുളമാക്കി, ആളുകളുടെ വയറും, വായും നശിപ്പിച്ച പാചകക്കാരന്, സദ്യയക്കു ചിലവായ പണം ഞാന്‍ തിരിച്ചു തന്നോളാമെന്നു പറഞ്ഞാല്‍ അതൊരു പരിഹാരമാകുമോ ?
ഏതായാലും ദേശീയഗെയിംസിന്റെ സമാപനസമ്മേളനത്തില്‍ കലയെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ, കായികവും, സാംസ്കാരികവും കൈയാളുന്ന ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കറപുരളാത്ത തൂവെള്ള ഖദര്‍ഷര്‍ട്ടിന്റെ പോക്കറ്റില്‍ മോഹന്‍ലാല്‍ ആ തുക നിക്ഷേപിക്കുന്ന അസുലഭ സന്ദര്ഭത്തിനായി കാത്തിരിക്കുന്നു.
മോനേ ദിനേശാ ! വൈകീട്ടെന്താ പരിപാടി ?
Comments