രാഷ്ട്രീയ പണ്ഡിതന്മാരുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി, 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 67-സീറ്റും നേടിക്കൊണ്ട് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ചു.
വലിയ പ്രതീക്ഷകളോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ മോഡി, ഭരണത്തിന്റെ ആദ്യത്തെ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങളെ നിരാശപ്പെടുത്തി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കാതെ, വലിയ കോര്‍പ്പറേറ്റുകളേയും വമ്പന്മാരേയും വഴിവിട്ട് സഹായിക്കുന്ന ഒരു സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കുവാന്‍ 10 ലക്ഷം രൂപയുടെ വിദേശ കോട്ട് ധരിച്ചെത്തിയ മോഡിയെ, മഫ്ളര്‍ ധാരിയായ കേജരിവാളുമായി ജനം താരതമ്യപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനിലും, പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സത്യത്തില്‍, മോഡി തരംഗത്തിനല്ല ജനങ്ങള്‍ വോട്ട് നല്‍കിയത്. അഴിമതിയില്‍ മുങ്ങിനില്ക്കുന്ന കോണ്‍ഗ്രസിനോടുള്ള പ്രതിക്ഷേധമാണ് അവര്‍ ബാലറ്റ് പേപ്പറിലൂടെ പ്രകടിപ്പിച്ചത്.
പരാജയം മണത്തറിഞ്ഞ നരേന്ദ്ര മോഡി, തെരഞ്ഞെടുപ്പിന് 19 ദിവസം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന കിരണ്ബേദിയെന്ന മുന്‍ ഐ.പി.എസ് ഓഫീസറെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കി തന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ തിരിച്ചടിയായി. 3 ദിവസം ഡല്‍ഹിയില്‍ താമസിച്ച് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും പ്രവര്‍ത്തിച്ച മണ്ഡലങ്ങളിലെല്ലാം അവരുടെ സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.
എത്ര തിരിച്ചടിയുണ്ടായാലും കോണ്‍ഗ്രസിന് അതില്‍നിന്നൊരു പാഠം പഠിക്കുവാന്‍ ശ്രമിക്കാത്തത് വലിയ കഷ്ടമാണ്. ഇലക്ഷനു മുമ്പുതന്നെ പരാജയം സമ്മതിച്ചുകൊടുക്കുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുകയാണ്. ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വം കോണ്ഗ്രസിനില്ലെന്നുള്ളത് വലിയ കഷ്ടമാണ്. സോണിയയും രാഹുല്‍ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസിനു ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ഭാവിയുമില്ല. നെഹ്റു കുടുംബത്തിന് വിടുവേല ചെയ്യുവാന്‍ കോണ്‍ഗ്രസ് നേതാക്കന്മാര് മത്സരിക്കുകയാണ്. `പ്രിയങ്കയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ..' എന്ന മുദ്രാവാക്യവുമായി ചില പ്രകടനങ്ങളൊക്കെ നടക്കുന്നുണ്ട്.- ഇന്നുവരെ ഒരു പഞ്ചായത്ത് മെമ്പറുപോലും ആകുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രിയങ്കയുടെ കൈയ്യില്‍ ഇന്ത്യയുടെ ഭരണം സുരക്ഷിതമാണെന്നു കരുതുന്ന ഇവര്ഏതു വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്?
ശക്തമായ ഒരു ഭരണം കാഴ്ചവെയ്ക്കുവാന്‍ കേരളത്തിലെ യു.ഡി.എഫിനോ, എല്‍.ഡി.എഫിനോ താത്പര്യമില്ല എന്നുവേണം കരുതാന്‍. എത്രയെത്ര അഴിമതികളാണ് ദിനംപ്രതി പുറത്തുവരുന്നത്. മാറിമാറി ഭരിക്കുന്ന മുന്നണികള്‍ ഖജനാവ് കൊള്ളയടിക്കുകയാണ്.
കേജരിവാളിനെപ്പോലൊരു നേതാവ് ഒരു മൂന്നാം മുന്നണിയുടെ നേതാവായി വരുമെന്ന് പ്രത്യാശിക്കാം.
Comments