`മനുഷ്യനെ മൃഗത്തോടുപമിച്ചാല്‍, മൃഗത്തിന് അത് അപമാനമാണെന്ന് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പ്രസ്താവിച്ചിട്ടുണ്ട്. ആ പ്രസ്താവനയെ അക്ഷരംപ്രതി ശരിവെയ്ക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ അരങ്ങേറിയത്. മനസ്സാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്ത മലയാളികളുടെ മനസ്സിനെ നടുക്കിയ ഒരു ക്രൂര കൊലപാതകത്തിനാണ് കേരളം മൂകസാക്ഷിയായത്. ഉന്നത പോലീസ്, രാഷ്ട്രീയ ബന്ധങ്ങള്‍ കാവല്‍ നില്ക്കുന്ന ഒരു വ്യവസായിയുടെ പണക്കൊഴുപ്പിന്റെ ഹുങ്കിനു മുന്നില്‍, ചന്ദ്രബോസ് എന്ന ഒരു പാവം സെക്യൂരിറ്റി ജീവനക്കാരന്റെ ജീവന് അടിയും തൊഴിയുമേറ്റ് പൊലിഞ്ഞുപോയി. അതോടൊപ്പം നിര്‍ധനരായ ഒരു കുടുംബത്തിന്റെ ഭാവിയുംകൂടിയാണ് ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടത്.
ഓട്ടോ ഓടിച്ചാണ് ചന്ദ്രബോസ് കുടുംബം പുലര്‍ത്തിയിരുന്നത്. പിന്നീട് പെയിന്റര്‍. അനാരോഗ്യം മൂലം അത് തുടരാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സെക്യൂരിറ്റി പണി ചെയ്തു പോരുകയായിരുന്നു.
ഗേറ്റ് തുറക്കുവാന്‍ വൈകിയെന്നതിന്റെ പേരില്‍ ആ സാധുവിനെ ഇരുമ്പു വടികൊണ്ട് അടിച്ചും, കാര്‍ കയറ്റിയും മുതലാളി തന്റെ അരിശം തീര്‍ത്തു.
സംസാരശേഷി നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ചന്ദ്രബോലിന് സംസാരശേഷി ഉണ്ടായിരുന്നുവെന്നും, തന്നോടും ബന്ധുക്കളോടും അയാള്‍ സംസാരിച്ചിരുന്നുവെന്നും മെഡിക്കല്‍ ടീമിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പ്രസ്താവിച്ചു. അതില്‍ നിന്നുതന്നെ ഈ കേസിന്റെ ഗതി എങ്ങോട്ടായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇനി തെളിവെടുപ്പെന്നും പറഞ്ഞ് ഈ കൊലയാളിയെ ആഢംബര കാറുകളില്‍ തെക്കുവടക്ക് കൊണ്ടുനടന്ന് പോലീസ് പരിചരിക്കും. ജാമ്യം കിട്ടാനുള്ള എല്ലാ വാതിലുകളും തുറന്നിടും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു വാര്‍ത്തയുടെ മറവില്‍ ഈ കൊടുംക്രൂരത തമസ്കരിക്കപ്പെട്ടും. ജാമ്യം ലഭിക്കുന്ന പ്രതി വിദേശ രാജ്യങ്ങളില്‍ പോലീസുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, താരങ്ങള്‍ക്കും രാജകീയ വിരുന്നൊരുക്കും. ആറുമാസം കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടി `നിയമം നിയമത്തിന്റെ വഴിക്കുപോകും' എന്ന പതിവുളള തുരുമ്പു പിടിച്ച അഴകൊഴമ്പന്‍ മറുപടി കൊണ്ട് ഈ നിഷ്ഠൂര സംഭവത്തിന് കര്‍ട്ടനിടും.
ഈ കുടുംബത്തിനുവേണ്ട സാമ്പത്തിക സഹായം അടിന്തിരമായി എത്തിക്കുവാന്‍ സര്‍ക്കാര്‍ വേണ്ട നടപടികല്‍ ഉടന്‍ സ്വീകരിക്കണം. ശതകോടികളുടെ സമ്പത്തുള്ള മുതലാളിയുടെ പക്കല്‍ നിന്നും ഈ തുക തിരിച്ചുപിടിക്കാനുള്ള നിയമ നടപടികള്‍ കൈക്കൊള്ളണം. ചന്ദ്രബോസിന്റെ വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ തുടര്‍ പഠത്തിനുവേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. മനസാക്ഷി മരവിച്ച ഈ കോടികളുടെ അനുയായികള്‍ ഈ കുടുംബത്തെ ഇനിയും ദ്രോഹിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.
എവിടെ നടക്കുവാന്‍? ദേശീയ ഗെയിംസില്‍ പ്രധാന വേദിയില്‍ ഇരിപ്പിടം കിട്ടിയില്ല എന്ന കാരണവും പറഞ്ഞ് കരഞ്ഞുകൊണ്ട് നടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മളെ നയിക്കുന്നത്. ഇത്ര നിസാര കാര്യങ്ങളൊക്കെ ശ്രദ്ധിക്കുവാന്‍ അവര്‍ക്ക് എവിടെ സമയം? അല്ലെങ്കില്‍ തന്നെ ഇവരില്‍ പലരും ഈ മുതലാളിയുടെ ഔദാര്യം കൈപ്പറ്റിയിട്ടില്ലെന്ന് ആര്‍ക്കറിയാം?
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനകളായ ഫൊക്കാന, ഫോമ തുടങ്ങിയവയുടെ ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് ഈ കുടുംബത്തെ ഒരുകൈ സഹായിക്കാനാകുമെന്ന് പ്രത്യാശിക്കുന്നു. പൂര്‍ണ്ണമായും അവരുടെ ചുമതല ഏറ്റെടുക്കുവാനൊന്നും സാധിക്കില്ലെന്ന് അറിയാം. എങ്കിലും ഇത്തരം സംഭവങ്ങളോട് നമുക്കുള്ള പ്രതികരണം ഒന്നറിയിക്കാന്‍ വേണ്ടിയെങ്കിലും!
Comments