(ഇതൊരു ഭാവനാസൃഷ്ടിയാണ്. ജീവിച്ചിരിക്കുന്നവരോ, കാലപുരി പൂണ്ടവരുമായോ യാതൊരു ബന്ധവും ഈ കഥയില്ലാത്ത കഥയ്ക്കില്ല. എന്തെങ്കിലും സാദൃശ്യം ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും ടെക്നിക്കല്‍ മാത്രമാണ്.)
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി`ജി'യും ഉപാദ്ധ്യക്ഷനായ മകന് രാഹുല്‍ ഗാന്ധി`ജി'യും, ഇപ്പോഴും നല്ല ബന്ധത്തില്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും (കോണ്‍ഗ്രസില്‍ മിക്കവാറും എല്ലാം എക്സ്പെയറി ഡേറ്റ് കഴിഞ്ഞ നേതാക്കന്മാരാണ്.) എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗ് `ജി' പ്രസ്താവിച്ചു. പ്രസ്താവന മറിച്ചായിരുന്നെങ്കില്‍, വിജയ് `ജി' പരാജയത്തിന്റെ പാട്ടും സിംഗിക്കൊണ്ട് പാടിയിറങ്ങുന്ന കരളലിയിക്കുന്ന കാഴ്ച നമ്മള് കാണേണ്ടിവന്നേനെ! കടവുകള്‍ കാപ്പാത്തു. അമ്മയും മകനും തമ്മിലുള്ള `ഗ്യാപ്പ്' വെറും `ജനറേഷന് ഗ്യാപ്പ്' മാത്രമണത്രേ!
ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തറപറ്റിയ തോല്‍വിയുടേയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ ചൂലുകൊണ്ടുള്ള ചുട്ടയടിയുടേയും, ചൂടേറ്റ് നാണംകെട്ട പയ്യന്, രായ്ക്കുരാമാനം ആരും അറിയാതെ മമ്മിയുടെ ഗോദ്റെജ് സ്റ്റീല്‍ അലമാരയില്‍ നിന്നും, കുറച്ചു കാശുമടിച്ചുമാറ്റി സ്ഥലംവിട്ടു. 'മേരാ പ്യാര ബേട്ടാ' ഇപ്പോള്‍ എവിടെയാണെന്നു മാതാ`ജി'ക്ക് ഒരു ഇന്ഫര്മേഷനുമില്ല. കുമരകത്ത് കരിമീന്‍ വറുത്തതും, കൊഞ്ച് പൊള്ളിച്ചതും കൊറിച്ചുകൊണ്ട്, ഇളനീരും നുണഞ്ഞ് സുഖചികിത്സ നടത്തുകയാണെന്നും മറ്റുമാണ് ഒടുവില്‍ കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ബജറ്റ് സമ്മേളനത്തിന്റെ മുന്നില്‍ നിന്ന്, മോഡി സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് പടപൊരുതേണ്ട പടനായകന് ഒളിച്ചോടിയതുമൂലം, തലയില്‍ തുണിയിട്ട് നടക്കേണ്ട ഗതികേടിലാണ് തങ്ങളിപ്പോള്‍ എന്നൊരു പ്രമേയം ഇതിനിടെ ചില വിവരംകെട്ട കെ.എസ്.യു പിള്ളേര് പാസാക്കി.
ഏതായാലും ആരും അധികം കവലപ്പെടേണ്ട കാര്യമില്ലെന്ന് ഈ കഴിഞ്ഞദിവസം മറ്റൊരു `മുതിര്‍ന്ന' കോണ്‍ഗ്രസ് നേതാവ് ടിവി/പത്രദ്വാരാ മാളോരെ അറിയിച്ചിട്ടുണ്ട്. ഇന്നേക്ക് അഞ്ചാം ദിവസം മറ്റൊരു രാഹുല്‍`ജി' നീണ്ടുനിവര്‍ന്ന് മടങ്ങിവരുമത്രേ! `മുസ്ലി പവര്‍' കഴിച്ച് നാഡീബലം വരുത്തിയ വില്ലാളിവീരനെപ്പോലെ! `ആടാം പാടാം രാഹുല്‍`ജി' അങ്കം വെട്ടിയ കഥകള്‍, ധീരകഥകള്‍, വീരകഥകള്‍' എന്നിങ്ങനെ അണികള്ക്കിനി പാടിനടക്കാം. മഹിളാ കോണ്‍ഗ്രസുകാരെ കൂടെ കൂട്ടിയാല്‍ കണ്ണിനൊരു കുളിര്‍മ കിട്ടിയേനേ! കമ്യൂണിസ്റ്റ് ലേഡി സഖാക്കള്‍ ആലപ്പുഴയില്‍ കുമ്മിയടി കാണിച്ച് കയ്യടി വാങ്ങിയത് കണ്ടില്ലേ? അങ്ങനെയാ ആമ്പിള്ളേര്! സോറി പെമ്പിള്ളേര്!
രാഹുല്‍`ജി'യുടെ തിരിച്ചുവരവിന് ചരടുവലിച്ചത് ചേച്ചി പ്രിയങ്കാ`ജി'യാണത്രേ! ആ മയിത്താണ്ടി എവിടെയെങ്കിലും പോയി തുലയട്ടെ' എന്ന് അളിയന്`ജി' പറഞ്ഞതാണ്. But Blood is thicker than water. Just remember that' എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ ഒരു ഡയലോഗ് കാച്ചി വഘേര`ജി'യുടെ വായടച്ച് കളഞ്ഞത്രേ ഈ പെണ്‍പുലി. വെറും പുലിയല്ല, പുല്പ്പുലി.
പഴയ ഒരു മാര്‍ഗ്ഗമാണ് പ്രിയങ്കാ ഗാന്ധി`ജി' സ്വീകരിച്ചത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള `വീക്ഷണം' പത്രത്തില്‍ താഴെപ്പറയുന്ന പ്രകാരം ഒരു പരസ്യം കൊടുത്തുപോലും!
`മേരാ ബഹുത്ത് പ്യാര് രാഹുല്‍ മോന് ഭായി`ജി' ഈ അറിയിപ്പ് കണ്ടാലുടന്‍ ഞങ്ങളുടെ പൊന്നുമോന് സകല പിണക്കവും മറന്ന് തിരിച്ചുവരണം. മോന് പോയതില്‍പ്പിന്നെ ഇന്നുവരെ മദര്‍`ജി' ജലപാനം തൊട്ടിട്ടില്ല. ശുദ്ധമായ പശുവിന് പാലില്‍ അമുല്‍ പൊടിയും കലക്കി നിന്നേയും കാത്ത് വഴിയിലേക്ക് കണ്ണുംനട്ട് ഒറ്റയിരിപ്പാണ്. `പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം' എന്ന പാട്ട് ഇടയ്ക്കിടയ്ക്ക് മൂളുന്നുണ്ട്.
തോമസ് മാഷ് കേരളത്തില്‍ നിന്നും കുടംപുളിയിട്ട് കറിവെച്ച നല്ല ഒന്നാന്തരം തിരുത ചെമ്മീന്കറികൊണ്ട് കാഴ്ചവെച്ചിട്ടുപോലും മാതാജി ഒരുരുള ചോറുപോലും കഴിച്ചിട്ടില്ല. ചേര്‍ത്തലക്കാരനായ ആന്റണി`ജി'യും, വയലാര്‍`ജി'യും ഇവിടെ വരാന്തയിലിരുന്ന് മാതാജി കേള്ക്കത്തക്കതുപോലെ നെഞ്ചത്തടിച്ച് കരയുകയാണ്. ഇപ്പോള്‍ അവര്‍ക്കു പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ! പുന്നാര അളിയനെ കാണാതെ ഇവിടെ ചേട്ടനും ആകെ വിഷമത്തിലാണ്. 'പ്രിയങ്കയെ വിളിക്കൂ! കോണ്‍ഗ്രസിനെ രക്ഷിക്കൂ!' എന്നൊക്കെ ചില വിവരംകെട്ട പിള്ളേര് വിളിച്ചുപറയുന്നതുകേട്ട് ബേട്ടാ ബേജാറാവണ്ട! ഈ ചേച്ചി മോന് ഒരിക്കലും ഒരു ദുശ്മന്‍ ആവുകയില്ല. ഇതു സത്യം, സത്യം സത്യം! ഇപ്പോള്‍ കോണ്‍ഗ്രസിലുള്ള കിഴങ്ങന്മാരെ നയിക്കുവാന്‍ മോനെപ്പോലെ തലയില്‍ ആള്‍താമസമില്ലാത്ത ഒരാളുതന്നെ ധാരാളം! അധികം താമസിയാതെ തന്നെ അമ്മതമ്പുരാട്ടി സിംഹാസനം ഒഴിഞ്ഞിട്ട് മോനെ യുവരാജാവായി വാഴിക്കും. അതുകൊണ്ട് ആരാംസേ ഘര്‍ വാപസി.
സ്നേഹത്തോടെ നിന്റെ മുത്തശ്ശിയുടെ മൂക്കും മുഖഛായയുമുള്ള പ്രിയങ്ക ചേച്ചി.
കേരളാ നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം നടന്ന ദിവസം സഭയിലുണ്ടായിരിക്കേണ്ട ഭരണപക്ഷ എം.എല്‍.എ ഹൈബി ഈഡന് കലോത്സവത്തില്‍ മത്സരിക്കുന്ന സഹധര്‍മ്മിണിക്ക് മേയ്ക്കപ്പിട്ട് കൊടുത്തതിനുശേഷം, തന്റെ പ്രിയപ്പെട്ട നേതാവിനെ ഈ ദൂതറിയിച്ചു. (ഈഡനെപ്പോലെ ഉത്തരവാദിത്വമുള്ള യുവ നേതാക്കന്മാരാണ് ഭാവിയില്‍ കേരളത്തിന്റെ ഭരണചക്രം തിരിക്കുവാന്‍ പോകുന്നതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴേ വല്ല കയത്തിലും ചാടി ജീവന് രക്ഷിക്കുവാന്‍ തോന്നുന്നു). ഇതുകേട്ട രാഹുല്‍'ജി'ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ലത്രേ! രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകി- തുള്ളിക്കൊരുകുടം പേമാരി.
ഏതായാലും അദ്ദേഹം വീണ്ടും വരുന്നു! കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുവാന്‍!
Comments