അണ്ണാന് മൂത്താലും മരം കയറ്റം നിര്‍ത്തുമോ? എന്നു ചോദിച്ചതുപോലെയാണ് ഈ രവിയണ്ണന്റെ ഒരു കാര്യം. കേരളത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശു കിട്ടുവാന്‍ സാധ്യതയില്ലാത്ത ഈ ജനപ്രിയ നേതാവ് (അണികള്‍ തന്നെ പണി കൊടുക്കുമെന്ന് അണ്ണനറിയാം), മദാമ്മയുടെ പാദപൂജ നടത്തി, പിന്‍വാതിലിലൂടെ വീണ്ടും രാജ്യസഭയിലെത്തുകയാണ്. നമ്മളെ നയിക്കുവാനും, സേവിക്കാനും- കഷ്ടം, മഹാകഷ്ടം! എന്നല്ലാതെ എന്തു പറയുവാന്‍?
ഒരുകാലത്ത് കിളവന്മാരെ കോണ്‍ഗ്രസിന്റെ തലപ്പത്തുനിന്നും ഒഴിവാക്കണമെന്നു ഘോരഘോരം മുദ്രവാക്യം മുഴക്കി നടന്ന, യുവതുര്‍ക്കിയാണ് "വയലാറിന്റെ ഗര്‍ജിക്കുന്ന സിംഹം' എന്നു അനുയായികളെക്കൊണ്ട് വിളിപ്പിച്ചിരുന്ന ഈ ജനസേവകന്- സത്യത്തില്‍ അദ്ദേഹത്തിന്റെ പേരിനു മുന്നിലുള്ള ഈ വയലാര്‍ വിശേഷണം, വയലാര്‍ രാമവര്‍മ്മയെപ്പോലുള്ള മഹാന്മാരെ അപമാനിക്കുന്നതിനു തുല്യമാണ്.
ഷാനിമോള്‍ ഉസ്മാന്, എം. ലിജു തുടങ്ങിയ യുവനേതാക്കന്മാരൊക്കെ അധികാരത്തിന്റെ അപ്പകഷണം എന്നെങ്കിലും വീണുകിട്ടുമെന്നു കരുതി കുറെക്കാലമായി വായും പൊളിച്ചു നടക്കുകയാണ്.
ഇതൊന്നും പോരെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്ന നമ്മുടെ യുവകോമളന് സിദ്ധിക്കുമുണ്ട്. കാന്‍സര്‍ രോഗബാധിതയായ ബീവിയെ തപാല്‍ വഴി തലാക്ക് ചൊല്ലിയിട്ട്, മറ്റൊരു മൊഞ്ചത്തിപ്പെണ്ണിനേയും നിക്കാഹ് കഴിച്ച്, മധുവിധു ലഹരിയില്‍ ആറാടുകയാണ് പഹയന്.
രവിയണ്ണന് പ്രവാസകാര്യ മന്ത്രിയായിരുന്നപ്പോള്‍ പ്രവാസികള്‍ക്കു ദോഷമല്ലാതെ യാതൊരു ഗുണവും ചെയ്തതായി അറിവില്ല. പത്രപ്രവര്‍ത്തകരോ, പൊതുജനങ്ങളോ എന്തെങ്കിലും അദ്ദേഹത്തിനു ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോ, സഹായമോ, സംശയമോ ചോദിച്ചാല്‍ അവരോട് തട്ടിക്കയറുന്ന ഒരു സ്വഭാവം അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ്. ആളൊരു ക്ഷിപ്രകോപിയാണെങ്കില്ത്തന്നെയും മദാമ്മയുടേയും മകന്റേയും മുന്നില്‍ പഞ്ചപുച്ഛമടക്കി നില്ക്കാന് ആള് മഹാകേമനാണ്. മെയ്യനങ്ങാതെ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് മൃഷ്ടാന്ന ഭോജനം കഴിച്ച് അതൊരു ശീലമായിപ്പോയി വയലാര്‍ജിക്ക്.
ഏതായാലും രാജ്യസഭാംഗം ആയിക്കഴിഞ്ഞാല്‍ അണ്ണന് ആദ്യംപറക്കുന്നത് അമേരിക്കയിലേക്കാകും. എയര്‍പോര്‍ട്ടില്‍ ചെന്ന് ഹാരാര്‍പ്പണം നടത്തി തെക്കുവടക്കു കൊണ്ടുനടക്കുവാന്‍ ഇവിടെ രണ്ട് ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടനകളുണ്ടല്ലോ! സത്യം പറഞ്ഞാല്‍ ഈ സംഘടനകൊണ്ട്, ഇതിന്റെ നേതാക്കന്മാരുടെ പടം ഇടയ്ക്കിടെ പത്രത്തില്‍ അച്ചടിച്ചുവരുന്നതല്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? എന്റെ വിവരക്കേടുകൊണ്ടു ചോദിക്കുന്നതാണേ, കാര്യമാക്കേണ്ട!
ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി തുടങ്ങിയ സംഘടനകള്‍ ഇദ്ദേഹത്തെ ബഹിഷ്കരിക്കണം. ഈയടുത്തകാലത്ത് ടോം വടക്കനേയും, നടി ഖുശ്ബുവിനേയും കോണ്‍ഗ്രസിന്റെ വക്താക്കളായി നിയമിച്ചു. ഹിന്ദിയും ഇംഗ്ലീഷും മലയാളവുമല്ലാത്ത ഏതോ സങ്കരഭാഷ സംസാരിക്കുന്ന ടോം വടക്കനു പകരം മറ്റൊരാളെ ഇതുവരെ പ്രതിഷ്ഠിക്കാനായില്ലല്ലോ!
ഖുശ്ബു തരക്കേടില്ല. മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ ഇളനീര്കുഴമ്പെഴുതിയ പോലെ നോക്കിയിരിക്കാമല്ലോ? ഖുശ്ബു മാധ്യമത്തിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നതു സൂക്ഷിച്ചുവേണം. അല്ലെങ്കില്‍ വകുപ്പു വേറെയാകും. - പീഡനം ഈ കോണ്‍ഗ്രസിന്റെ ഒരു ഗതികേടേ?
നമ്മുടെ ഇടതുപക്ഷ വനിതാ എം.എല്‍.എമാര്‍ ഭരണകക്ഷി പുരുഷ മന്ത്രിയുടേയും, എം.എല്‍.എമാരുടേയും അടുത്തുചെന്ന് മുട്ടിയുരുമി നിന്നിട്ട് അതിനെ ലൈംഗികാതിക്രമമായും സ്ത്രീ പീഡനമായും ചിത്രീകരിച്ച് - യഥാര്‍ത്ഥ പീഡനമനുഭവിക്കുന്ന സ്ത്രീകളെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ഈ ആരോപണം മൂലം അവര്‍ ചെയ്തത്.
എക്സപറി ഡേറ്റ് കഴിഞ്ഞ ആന്റണിയും, രവിയണ്ണനും മറ്റും ഭരണത്തില്‍ കടിച്ചുതൂങ്ങാതെ, ഇനിയുള്ള കാലം പാര്‍ട്ടിക്കുവേണ്ടി വല്ല നല്ലകാര്യവും ചെയ്യാന്‍ നോക്കണം. അല്ലെങ്കില്‍ വിശ്രമജീവിതം നയിക്കുവാന്‍ ഇവര്‍ക്കു വല്ല ഗവര്‍ണ്ണര്‍ പദവിയും കൊടുക്കണം. കഷ്ടകാലത്തിനു ഇവരെപ്പോലുള്ളവരുടെ കൈയ്യിലിരിപ്പുകൊണ്ട് കോണ്‍ഗ്രസിനു കേന്ദ്രത്തിലുള്ള പിടിവിട്ടുപോയല്ലോ. കപ്പല്‍ മുങ്ങുമ്പോള്‍ ആദ്യം കടലില്‍ ചാടി രക്ഷപെടുന്ന കപ്പിത്താനെപ്പോലെ, രാഹുല്‍ മോന് ഹിമാലയത്തിലെവിയോടെ തപസ്സനുഷ്ഠിക്കുകയാണ്. അദ്ദേഹത്തിന്റെ തപസിളക്കുവാന്‍ വല്ല മേനകമാരും നൃത്തം ചെയ്യുന്നുണ്ടോ ആവോ? ഏതായാലും രാജകുമാരന് തിരിച്ചെത്തിയാലുടന്‍, പട്ടാഭിഷേകം നടക്കുമെന്നാണ് പിന്നാമ്പുറ വാര്‍ത്ത.
മോന് വരും, വരാതിരിക്കില്ല.
എതായാലും നമ്മുടെ രവിയണ്ണന്റെ ഒരു ഭാഗ്യം- ബെസ്റ്റ് അണ്ണാ, ബെസ്റ്റ്!
Comments