സഖാവ് സീതാറാം യെച്ചൂരി സി.പി.എമ്മിന്റെ അമരക്കാരനായപ്പോള്‍ അച്ചുമാമ്മന് ഒന്നുചിരിച്ചു.
"ചെന്തെങ്ങു കുലച്ചപോലെ
ചെമ്പകം പൂത്തപോലെ!'
പണ്ടും അദ്ദേഹം സ്വന്തം പാര്ട്ടിക്കാരാരോ പരാജയപ്പെട്ടപ്പോള്‍, ഇതുപോലെ ഒരു "ആക്കി' ചിരി ചിരിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.
ആലപ്പുഴ സമ്മേളനത്തില്‍ നിന്നും അവഹേളനം സഹിക്കവയ്യാതെ മ്ലാനവദനനായി ഇറങ്ങിപ്പോയ വി.എസിന്റെ മുഖത്ത്, പിന്നീട് ആത്മാര്‍ത്ഥമായ ഒരു ചിരി പടരുന്നത് യെച്ചൂരിയുടെ വിജയവാര്‍ത്ത അറിഞ്ഞപ്പോഴാണ്.
അച്ചുമാമ്മനെ പടിയടച്ച് പിണ്ഡംവെയ്ക്കുമെന്നു പറഞ്ഞാണ് പിണറായിയും കൂട്ടരും കൂട്ടത്തോടെ സി.പി.എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ വടക്കോട്ട് വണ്ടി കയറിയത്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന സഖാവിന്, യെച്ചൂരി എന്നും പിന്തുണ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വി.എസ് ആദ്യംതന്നെ യെച്ചൂരിക്ക് പരിപൂര്‍ണ്ണ വിജയാശംസകള്‍ നേര്‍ന്നു. "എന്റെ വിജയം താങ്കളുടെ വിജയമെന്നാണ്' യെച്ചൂരി പ്രതികരിച്ചത്. തൊണ്ണൂറ്റി രണ്ടു കഴിഞ്ഞിട്ടും സംഘടനാ ചട്ടങ്ങള്‍ മറികടന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാകാന്‍ സാധിച്ചതും ഇപ്പോഴത്തെ അവസ്ഥയില്‍ വി.എസിന്റെ വിജയമാണ്.
വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കാന്‍ പറ്റില്ലെന്ന ശക്തമായ നിലപാടെടുത്ത പിണറായി വിജയന് ഈ തീരുമാനം കനത്ത തിരിച്ചടിയായി. അച്ചുമാമ്മനെ ക്ഷണിതാവാക്കണമെന്നു യെച്ചൂരി എടുത്ത കടുത്ത നിലപാട്, അദ്ദേഹവും പിണറായി വിജയനും തമ്മില്‍ "എടാ, പോടാ' വാക്കേറ്റത്തിന്റെ വക്കിലോളമെത്തി. കടന്നലു കുത്തിയ മുഖവുമായി നടക്കുന്ന പിണറായി സഖാവിന്റെ മുഖം വികൃതമായി. അദ്ദേഹത്തിന്റെ ഭാവം കണ്ടാല്‍ നമ്മള് ആരാണ്ട് ഏതാണ്ട് ചെയ്തതാണെന്നു തോന്നിപ്പോകും.
കാരാട്ടിന്റെ കളിയൊന്നും ഇനി വിലപ്പോകില്ല. വൃദ്ധനായ എസ്. രാമചന്ദ്രന്‍പിള്ളയെ പിന്‍ഗാമിയാക്കിയാല്‍ അടുത്ത ഊഴം തന്റെ പ്രിയതമ വൃന്ദാ കാരാട്ടിനാണെന്നു അദ്ദേഹം ഏതാണ്ട് ഉറപ്പിച്ചിരുന്നതുമാണ്. എന്തുചെയ്യാം, ഏതായാലും, അവിശ്വാസിയാണെങ്കില്ത്തന്നെയും, ദൈവം അച്യുതാനന്ദനോടൊപ്പമാണ്. ഈടുത്തകാലത്താണല്ലോ അസംബ്ലിയില്‍ അദ്ദേഹം മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് "ചാകത്ത പുഴുവിനേയും, കെടാത്ത തീയെപ്പറ്റിയും' അഴിമതിക്കാരെ ഓര്‍മ്മപ്പെടുത്തിയത്. വയസുകാലത്ത് ഇനി സ്നാനം ഏറ്റ് വല്ല ഉപദേശിയുംമറ്റോ ആകുമോ എന്തോ? ആള്‍ദൈവങ്ങള്‍ക്കു നല്ല മാര്‍ക്കറ്റുള്ള കാലമാണ്.
പി.സി ജോര്‍ജിന്റെ വായ മാണിസാര്‍ മണിച്ചിത്രത്താഴിട്ടു പൂട്ടിയ ലക്ഷണമാണ്. പഴയതുപോലെ ചാനലുകാരൊന്നും ഈ പൂഞ്ഞാറുകാരനെ ചര്‍ച്ചയ്ക്കു വിളിക്കുന്നില്ല. അധികാരം കൈയ്യില്‍ ഇല്ലെങ്കില്‍ "ഏതു ജോര്‍ജ്, എന്തു ജോര്‍ജ്?' പൊണ്ണത്തടിയനെ എന്തിനു കൊള്ളാം, നല്ലൊരു പരയ്ക്കു തൂണിനു കൊള്ളാം.
വയലാര്‍ജി വീണ്ടും വടക്കോട്ട് വണ്ടി കയറിയിട്ടുണ്ട്. ഏതായാലും ഇനി ഈ മഹാനെ ഒരിക്കല്‍ക്കൂടി ഫൊക്കാന, ഫോമ കണ്‍വന്‍ഷനുകളില്‍ സംബന്ധിക്കുന്ന മലയാളികള്‍ സഹിക്കേണ്ടി വരും. മയക്കം പിടിച്ചു തൂങ്ങിയിരുന്ന ഓവര്‍സീസ് കോണ്‍ഗ്രസുകാരും ഒന്ന് ഉഷാറായിട്ടുണ്ട്. തെക്കുവടക്ക് എഴുന്നള്ളിച്ച് കൊണ്ടുനടക്കുവാന്‍ യാതൊരു പണിയുമില്ലാത്ത, ഒരു മണവും ഗുണവുമില്ലാത്ത നേതാവിനെ ഒത്തുകിട്ടിയല്ലോ?
മഹാരാഷ്ട്രയിലെ ബീഫ് നിരോധനം സീരിയസായി തന്നെ നടക്കുന്നു. ഓരോ വീട്ടിലും കയറിയിറങ്ങി നടന്ന് അവിടുത്തെ കന്നുകാലികളുടെ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് മഹാരാഷ്ട്ര പോലീസിപ്പോള്‍. പശുവിന്റെ പേര്, ജനനത്തീയതി, കണ്ടാലറിയാവുന്ന രണ്ട് അടയാളങ്ങള്‍ ഇതെല്ലാം രേഖപ്പെടുത്തുന്നുണ്ട്. ഇനിയും, പാല് കറക്കുവാന്‍ വേണ്ടി പശുവിന്റെ മുലയ്ക്ക് പിടിച്ചാല്‍ ലൈംഗീക പീഡനത്തിനു കേസെടുക്കുന്ന നിയമവും അധികം താമസിയാതെ നടപ്പായേക്കും!
Comments