പരിശുദ്ധ ഗീവറുഗീസഹാദയുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള പള്ളികളിലെ പെരുന്നാളാഘോഷം മെയ്മാസം ആദ്യ വാരങ്ങളിലാണ്. കോഴിവെട്ട് നേര്‍ച്ച ഒരു പ്രധാന ചടങ്ങാണ്. പിന്നെ റാസാ, വെച്ചൂട്ട്, ചെമ്പെടുപ്പ്, ആകാശദീപക്കാഴ്ച തുടങ്ങിയ ചില പരിപാടികളും!ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയിലും പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചുതൂവെള്ള ഖദര്‍ വസ്തരധാരികളായ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കള്‍ കോഴിക്കറി തയ്യാറാക്കുവാന്‍ മുന്‍നിരയിലുണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ അവരുടെ ഒരു മുന്കേന്ദ്രമന്തിയുള്പ്പെടെയുള്ളവര് കോഴിപ്പനി പിടിച്ചവരാണല്ലോ? നമ്മുടെ സോളാര്‍ മാഡംആണയിട്ടു പറയുന്നത,. സോളാര്‍ തെളിവെടുപ്പില്‍ ബഹുമാനപ്പെട്ട കെ.എം.മാണിക്കെതിരെ തെളിവു നല്കാന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് കൊച്ചിയിലെത്തിയപ്പോള്‍ അവിടെ ഭൂമി കുലുങ്ങിയത് തികച്ചും യാദൃശ്ചികമായിരിക്കില്ല.
ബെന്നി ബഹനാന്, ഏ.സി. ജോസ് , ഹൈബി ഈഡന് തുടങ്ങിയവര്‍ വലിയ ഉരുളിയില്‍ വലിയ ചട്ടുകമിട്ടു ചുഴറ്റുന്നതു കണ്ടു. ചട്ടുകമൊന്നേയുണ്ടായിരുന്നുള്ളുവെങ്കിലും , ക്യാമറക്കണ്ണുകള്‍ കണ്ടപ്പോള്‍ ഛോട്ടാ നേതാക്കന്മാര് വരെ ചട്ടകത്തിനുവേണ്ടി പിടിയായി. ഉള്ളി വഴറ്റിക്കൊണ്ടിരുന്നപ്പോള് ഹൈബി ഈഡന് കരയുന്നതു കണ്ടു. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും കരഞ്ഞു. ഈ വാര്‍ത്ത കണ്ടിരുന്ന ഞാനും കരഞ്ഞു പോയി. വലിയ വരുമാനമുള്ള ഒരു തീര്‍ത്ഥാനട കേന്ദ്രമാണ് ഇടപ്പള്ളിപ്പള്ളി. കാശു കണ്ടമാനം ഒഴുകുന്നിടത്ത് ഈ ശുഭ്രവസ്ത്രരാഷ്ട്രീയക്കാര് അവരുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തും. അത് അവരുടെ ഒരു വീക്ക്നെസ് ആണ്. നെല്ലു പത്തായത്തിലുണ്ടെങ്കില്‍ പാലായില്‍ നിന്നു പോലും എലി വരും.ദേവാലയ നിര്‍മ്മിതിയില്‍ പണച്ചിലവിന്റെ ധാരാളിത്തം കൊണ്ടും അമിതമായ ആഡംബരം കൊണ്ടും വിവാദച്ചുഴിയിലകപ്പെട്ടിരിക്കുകയാണു പള്ളി. ആര്‍ക്കുവേണ്ടിയായിരുന്നു ഇത്രയും ആര്‍ഭാടമെന്ന് സംശയിച്ച സഭാമേലധ്യക്ഷന്മാരുടെയും, വിശ്വാസികളുടെയും ചോദ്യത്തിന് പള്ളി പണിക്ക് ചുക്കാന്‍ പിടിച്ചവര്‍ക്ക് മറുപടിയൊന്നുമില്ല. കര്‍ദ്ദിനാര്‍ മാര്‍ ജോര്‍ജ് ആലേഞ്ചേരിയുള്പ്പെടെ സഭയുടെ ഉന്നത പദവിയിലിക്കുന്നവര് ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, ദേവാലയത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ചവര്‍ വെട്ടിലായി. 146 അടി ഉയരത്തില്‍ 8,5110 ചതുരക്ര അടി വിസ്തൃതിയിലാണു പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. മുപ്പതു കോടിയിലേറെ രൂപ പള്ളിക്ക് ചെലവായതായി പറയപ്പെടുന്നു.>ഇതു കൂടാതെ പണം പല വഴി ഒഴുകിയിട്ടുണ്ടെന്നുള്ള ആരോപണം ശക്തമാണ്.
ആരാധനയ്ക്ക് അനുയോജ്യമായ ഒരിടം എന്ന നിലയില്‍ നിന്നും വ്യതിചലിച്ച് ദേവാലയം ഒരു കാഴ്ച വസ്തുവായി മാറുന്ന പ്രവണത ഏറി വരികയാണ്. കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ പള്ളി പണിയുവാന്‍ വിവിധ സഭക്കാര് തമ്മില്‍ മത്സരിക്കുകയാണ്. ആരാധനാലയങ്ങള്‍ ആവശ്യത്തിനുതകുന്നവയാകണം. അനാവിശ്യ ആഡംബരത്തിനാകരുത്. ജലപ്രളയത്തിനുശേഷം ആകാശത്തോളം എത്തുന്ന ബാബേല്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ച മനുഷ്യരെ യഹോവാ ചിതറിച്ചു കളഞ്ഞു. ഭൂമിയിലൊക്കെയും ഒരേ ഭാഷ സംസാരിച്ചിരുന്നവര്ക്കു തമ്മില്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ പറ്റാത്തവണ്ണം അവരുടെ ഭാഷയും കലക്കി കളഞ്ഞു. എന്നു ഉല്പത്തി പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. “നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും, അവിടെ നിന്നു ഞാന്‍ നിന്നെ ഇറക്കും.” (ഓബദ്യാവ് 1:4)
കലോചിതമായ മാറ്റംവരുത്തുവാന്‍ മിക്ക ക്രിസ്തീയ സഭകളും വിമുഖത കാട്ടുന്നു. പുരോഹിത പട്ടം ഇന്നൊരു പണസമ്പാദനമാര്ഗ്ഗമായിട്ടാണ് പലരും കാണുന്നത്. പള്ളിയില്‍ നിന്നുള്ള വരുമാനം, സഭാസ്ഥാപനങ്ങളില്‍ അച്ഛനും മക്കിയമ്മക്കും ജോലി, മക്കള്‍ക്കു ഡൊണേഷന്‍(കൈക്കൂലി) കൂടാതെ കോളേജ് അഡ്മിഷന് തുടങ്ങിവയെല്ലാം വൈദീകനാകുവാന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ദൈവവിളി കിട്ടിയവരാണു പട്ടക്കാരാകുന്നത് എന്നാണു നമ്മളെ പഠിപ്പിച്ചു വിട്ടിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ പുരോഹിതന്മാരാര്ക്കു പണത്തോടുള്ള ആര്‍ത്തി കാണുമ്പോള്‍, ഇവരില്‍ തൊണ്ണൂറ്റിയൊന്‍പതു ശതമാനത്തെയും, ദൈവം നേരിട്ടോ , ഫോണ്‍ ചെയ്തോ, ഇ-മെയില്‍ വഴിയോ ക്ഷണിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുവാന്‍ പ്രയാസം.
ഒരു ഡോക്ടറുടെ അടുത്തു ചെല്ലുമ്പോള്‍, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ത്തന്നെയും, അങ്ങേരുടെ സുഹൃത്തുക്കളായ ചില സ്പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് നമ്മളെ റഫര്‍ ചെയ്യാറുണ്ട്. അവര്ക്കുമിരിക്കട്ടെ ഒരു വിഹിതം എന്ന ഒരു സ്വവര്‍ഗ്ഗസ്നേഹം. അതുപോലെയാണു ചില പട്ടക്കാരും. അവരുടെ ബന്ധത്തില്‍ പെട്ടതോ, പ്രത്യേക താല്പര്യമുള്ളതോ ആയ അച്ഛന്മാരെ വിസിറ്റംഗ് പ്രീസ്റ്റ്, ധ്യാനഗുരു, കണ്വെന്ഷന് പ്രാസംഗികന് തുടങ്ങിയ പേരുകളില്‍ പള്ളിയില്‍ ക്ഷണിച്ചു വരുത്തി കൊടുക്കാനുള്ളതു കൊടുക്കുന്നത്. ഇക്കാര്യത്തില്‍ ബിഷപ്പന്മാരാണു കോളടിച്ചിരിക്കുന്നത്. കൈമുത്ത് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അവരുടെ നിരക്ക് കുറച്ചു കൂടുതലാണ്. ഇതിനെല്ലാമുള്ള വക ബഡ്ജറ്റില്‍ കൊള്ളിച്ചിട്ടുണ്ട്. വരിസംഖ്യ തുടങ്ങിയ പിരിവുകള്‍ ഇടവകാംഗങ്ങള്‍ കൃത്യമായി അടച്ചാല്‍ മതി. കുടിശ്ശിക വരുത്തിയാല്‍ മാമ്മോദിസ , വിവാഹം, മരണം തുടങ്ങിയ കര്‍മ്മങ്ങള്‍ക്കു ക്ലിപ്പിടും. അമേരിക്കയില്‍ ഇണ്ടാസു അത്ര വിലപ്പോകുമെന്നു കരുതുന്നില്ല. കൗണ്ടി ക്ലാര്‍ക്കിന്റെ ഓഫീസില്‍ ചെന്ന് പത്തോ പതിനഞ്ചോ ഡോളര്‍ അടച്ചിട്ട് കൈപൊക്കി 'I do'എന്നു പറഞ്ഞാല്‍ മാര്യേജ് രജിസ്ട്രേഷന് ഓക്കെ- തിരിച്ചു പോരും വഴി Apple Bee യില്‍ നിന്നും ഒരു T-bone steak. അല്പം മാര്ഗരിറ്റായും ആകാം- കാനവിലെ കല്യാണത്തിനു വീഞ്ഞുണ്ടാക്കി കൊടുത്ത കര്‍ത്താവ് കോപിക്കുകയുമൊന്നുമില്ല.
മരിച്ചു കഴിഞ്ഞാല്‍ പ്രൈവറ്റു ഫ്യൂണറല്‍ ഹോമുകളും, സെമിറ്ററികളുമാണ് സംഗതി ക്ലോസാക്കി തരുന്നത്. ഒരു പള്ളിയിലും മെംബര്‍ഷിപ്പ് ഇല്ലാത്തവരുടെയും , അവരുടെ വേണ്ടപ്പെട്ടവരുടെയും, മാമ്മോദിസാ, വിവാഹം, ഫ്യൂണറല്‍ തുടങ്ങിയവ അച്ഛന്മാരുള്പ്പെടെ അടിപൊളിയായി നടത്തിക്കൊടുക്കുന്ന ഇവന്റ് മാനേജ്മെന്റ് അധികം താമസിയാതെ ഏതെങ്കിലും മലയാളി ആരംഭിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ദീര്‍ഘമായ ആരാധനയ്ക്കുശേഷം, ബിഷപ്പന്മാരുടെ കല്പനകള് വായിക്കുന്ന ചടങ്ങ് ഒരു ദ്രോഹമാണ്. പ്രത്യേകിച്ച് കുട്ടികളോടും പ്രായമുള്ളവരോടും. ഈ അവസരത്തില്‍ ജനം എഴുന്നേറ്റു നില്‍ക്കണം. ഇടവും വലവും രണ്ട് മെഴുകുതിരി വാഹക കപ്യാളന്മാരുടെ അകമ്പടിയോടെ കത്തനാര് കല്പന വായിക്കുന്നു. കല്പനവായനക്കു ശേഷം വീണ്ടും ആകാശത്തിലുള്ള ബാവ എന്ന കൗമ ചൊല്ലണം. ഇത്രയും നേരം പ്രാര്‍ത്ഥിച്ചതു പോരായോ? നിനക്കൊക്കെ വേറെ പണിയൊന്നുമില്ലേടേയ്? രാവിലെ മുതല്‍ തുടങ്ങിയതാണല്ലോ - ഇനിയെങ്കിലും നിങ്ങള്‍ക്കു വീട്ടില്‍ പോകരുതോ? എന്നായിരിക്കും സ്വര്‍ഗ്ഗസ്ഥനായ പിതാവ് അപ്പോള്‍ ചോദിക്കുന്നത്. ഈ കല്പനകളുടെ ഉള്ളടക്കം വെറും അറിയിപ്പുകളാണ്.- പള്ളി സെക്രട്ടറി ഇതു വായിച്ചാല്‍, ദൈവം ആളെ വിട്ട് അടിപ്പിക്കുകയൊന്നുമില്ല. പല പട്ടാളക്കാരും, ഈ പഴയ ഏര്‍പ്പാടു നിര്‍ത്തണമെന്നുള്ള അഭിപ്രായക്കാരാണ്. എന്തു ചെയ്യും? കല്പന കല്ലു പിളര്ക്കുമെന്നല്ലേ പ്രമാണം!
Comments