കര്‍ട്ടന്‍ തുറക്കുമ്പോള്‍ രംഗത്ത് വെളിച്ചമില്ല. പാല്‍ക്കാരന്റേയും പത്രക്കാരന്റേയും സൈക്കിള്‍ മണിനാദം. പക്ഷിഗണങ്ങളുണര്‍ന്നു പരനേ പാടി സ്തുക്കുന്നു. സാവധാനം രംഗത്ത് പ്രകാശം പരക്കുന്നു. 'പ്രവാചകരന്മാരെ പറയൂ, പ്രഭാതം അകലെയാണോ?' എന്നു പാടിയ കവിയെ ലജ്ജിപ്പിച്ചുകൊണ്ട് പ്രഭാതം പൊട്ടിവിടരുന്നു. സ്റ്റേജിന്റെ വലതുഭാഗത്തു കൂടി, മൂന്നു പേര്‍ പ്രവേശിക്കുന്നു [അകത്തേക്കു നോക്കി]: അമ്മേ! വല്ലതും തരണേ!' നീണ്ടിയുള്ള വിളി.
' അമ്മച്ചിേേയേ! നിവൃത്തി കേടു കൊണ്ടാ- വല്ലോം തന്നില്ലെങ്കില്‍ തങ്ങളു തെണ്ടിപ്പോം!'
ഉറക്കച്ചുവടോടു കൂടി വാതില്‍ തുറന്നു വീട്ടമ്മ പുറത്തേക്കു നോക്കുന്നു. മൂന്നാലു തടമാടന്മാര്‍- ജനിച്ചനാള്‍ മുതല്‍ മെയ്യനങ്ങാതെ കട്ടും മോട്ടിച്ചും സുഖച്ചു ജീവിച്ചവര്‍. മുന്നില്‍ നില്‍ക്കുന്ന മൂക്കു നീണ്ടവന്റെ തോളില്‍, മൂക്കട്ടയൊലിപ്പിച്ചിരിക്കുന്ന ഒരു കിളുന്തു പയ്യന്‍.
'എന്താ? എന്തു വേണം?'
'അമ്മേ! ഞങ്ങടെ കാര്യം പെരിയ പയിത്തം. ഇന്ത കുളന്തയുടെ തന്നതപ്പടി തട്ടിപ്പോയേച്ചാന്‍. ഇവനെ ഒരു കരയ്ക്കു പറ്റിച്ചിട്ടു വേണം- ഞങ്ങള്‍ക്കുമൊന്നു കരകയറുവാന്‍-' തടമാടന്മാര്‍ നിന്നു മോങ്ങുകയാണ്. 'നിങ്ങളു പാണ്ടികളൊന്നുമല്ലല്ലോ! പച്ച മലയാളത്തില്‍ കാര്യങ്ങള്‍ വളച്ചു കെട്ടാതെ പറ' - വീട്ടമ്മയ്ക്കു കോപം വന്നു. 'അങ്കപക്കത്തിലെ തമിള്‍നാട്ടില്‍ 'അമ്മ' പോപ്പുലറാണല്ലോ! അതു താന്‍ ഒരു തമിള്‍ ലൈന്‍. എന്‍ പേരു കുഞ്ഞൂഞ്ഞ്. പതിനട്ടടവുകളും പയറ്റിത്തെളിഞ്ഞവന്‍. പണ്ട് ആദര്‍ശം പാടി നടന്നിരുന്ന വീരനും ധീരനുമായിരുന്ന സുധീരനാണ്, ആ കണ്ണാടിക്കാരന്‍. പണിപാളുമെന്നു പിടികിട്ടിയപ്പോള്‍ ആദര്‍ശം വലിച്ചെറിഞ്ഞു. ഇപ്പോള്‍ നട്ടുപോയ അണ്ണാന്‍ മാതിരിൃ കുറിയവന്‍ ചിന്നത്തല. എന്‍ കേസരിയിലേക്കു കണ്ണും നട്ടിരിപ്പവന്‍'
'ഈ കൊച്ചനേതാ!'
' ഇവന്‍ താന്‍ അച്ഛനില്ലാത്ത അനാഥ പയ്യന്‍'- മുട്ടളന്മാര്‍ മൂവരും കൂടി വാവിട്ട് കീറാന്‍ തുടങ്ങി.
'നിന്നു മോങ്ങാതെ കാര്യം പറയെടോ!'
'ഇവന്‍ താന്‍ അരുവിക്കരയില്‍ നമ്മുടെ സ്ഥാനാര്‍ത്ഥി. അമ്മയുടേയും കണവന്റേയും വോട്ടു ഇവനു കൊടുക്കണം. ചിഹ്നം കൈപ്പത്തി. പോളിങ്ങുബൂത്തിന്റെ പടി കയറുമ്പോള്‍ ഈ മൂക്കട്ടയൊലിപ്പിക്കുന്ന മുഖമോര്‍ക്കണം. വിധവയായ ഇവന്റെ അമ്മയുടെ കണ്ണീരോര്‍ക്കണം- കരുണ കാട്ടണമമ്മാ കരുണ കാട്ടണം-' വിങ്ങിപ്പൊട്ടിക്കരഞ്ഞു കൊണ്ട്് അവര്‍ അത്രയും പറഞ്ഞൊപ്പിച്ചു.
'ഓ- അപ്പോള്‍ സരിതാതരംഗം കഴിഞ്ഞിട്ട് ഇപ്പോള്‍ സഹതാപ തരംഗം ഇളക്കാന്‍ ഇറങ്ങിയിരിക്കുകയാണ് അല്ലേ?'
'അതേ അമ്മേ! കനിയണം!' മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഇറങ്ങിപ്പോയിനെടാ നാണം കെട്ടവരെ! കുറുപ്പേ- താന്‍ ആ പ്ട്ടിയെ അഴിച്ചുവിട്(അകത്ത് നായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം) മുട്ടാളന്മാര്‍ മൂന്നുപേരും കൂടി, പിന്നിലെ മതിലു ചാടി സ്ഥലം വിട്ടു. അതാണൊരു ശീലം- ഇപ്പോള്‍ അസംബ്ലിയില്‍ വരുന്നതും പോന്നതും എല്ലാം പിന്‍വാതിലിലൂടെ- ബഡ്ജറ്റ് അവതരിപ്പിച്ചതും പിന്‍വാതിലിലൂടെൃ ജോപ്പനും, കോപ്പാനും, ഗണ്‍മോനുമെല്ലാം അടുക്കളവഴി ആണല്ലോ അരങ്ങത്തെത്തിയത്.
[കര്‍ട്ടന്‍]
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ.എസ്. ശബരിനാഥന്‍ എന്ന മുപ്പത്തിയൊന്നുകാരനാണ്. സ്ഥാനാര്‍ത്ഥിയാകുവാന്‍ അദ്ദേഹത്തിനുള്ള യോഗ്യത അന്തരിച്ച മുന്‍ സ്പീക്കര്‍ ആദരണീയനായ ജി. കാര്‍ത്തികേയന്റെ മകന്‍ എന്നുള്ള പദവിയാണ്. കാര്‍ത്തികേയന്റെ ഭാര്യ ഡോ.എം.ടി. സുലേഖ മത്സരിക്കുവാന്‍ വിസമ്മതിച്ചതോടുകൂടിയാണ്, അവരുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്ത് ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മക്കള്‍ രാഷ്ട്രീയത്തെ അതിനിശിതമായി വിമര്‍ശിച്ച്, ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി സ്ഥാനം നേടിയ കാര്‍ത്തികേയന്റെ പിന്‍ഗാമിയായി, അദ്ദേഹത്തിന്റെ മകനെ തന്നെ നിര്‍ത്തി മത്സരിപ്പിക്കുന്ന വിരോധാഭാസം കണ്ട്, ലീഡര്‍ കരുണാകരന്റെ ആത്മാവ്, അത്യുന്നതങ്ങളിലെവിടെയോ ഗുരുവായൂരപ്പന്റെ സവിധത്തിലിരുന്ന് കണ്ണിറുക്കി ചിരിക്കുന്നുണ്ടാവും.
'സഹതാപം' എന്ന ഒരൊറ്റ കച്ചിത്തുരുമ്പല്ലാതെ അരുവിക്കര പിടിച്ചടക്കുവാന്‍ കോണ്‍ഗ്രസ്സിന്റെ ആവനാഴിയില്‍ ഒരു അമ്പു പോലുമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, 'നാലുകൊല്ലം ഇവരെന്നാ കോപ്പാ ചെയ്തത്?' എന്നു ചോദിക്കുന്ന സാധാരണ വോട്ടറന്മാരെ കുറ്റം പറയുവാന്‍ പറ്റുമോ?
ഇപ്പോള്‍ തന്നെ പാളയത്തില്‍ പടതുടങ്ങിക്കഴിഞ്ഞു. ലോക്കല്‍ കോണ്‍ഗ്രസ് നേതാക്കളും, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരും അണികളും കോണ്‍ഗ്രസ്സിന്റെ ഈ അപ്രമാദിത്യത്തെ ചോദ്യം ചെയ്തു കഴിഞ്ഞു. 'ഇതു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ല' എന്ന മറുപടി കൊടുത്തുകൊണ്ട്, വന്നവഴി മറന്നിട്ട് ധീരനായ സുധീരന്‍ അവരെ പരിഹസിക്കുകയാണ്. അരുവിക്കരയിലെ കണ്ണീര്‍ക്കടല്‍ നീന്തിക്കടക്കുക അത്ര എളുപ്പമല്ല. കുഞ്ഞൂഞ്ഞും കൂട്ടരുമാണ് തോണി തുഴയുന്നത്.
ശബരിനാഥന്‍ ഉന്നത വിദ്യാഭ്യാസം ഉയര്‍ന്ന ജോലിയുമുള്ള ഒരു നല്ല ചെറുപ്പക്കാരനാണ്. രാഷ്ട്രീയത്തിലിറങ്ങി തെണ്ടിത്തിന്നേണ്ട ഗതികേടൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. മക്കള്‍ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന ആദരണീയനായിരുന്ന ജി. കാര്‍ത്തികേയന്റെ ആത്മാവ്, തന്റെ പ്രിയതമയുടേയും, മകന്റേയും അപക്വമായ ഈ തീരുമാനത്തെയോര്‍ത്ത് തേങ്ങുന്നുണ്ടാവാം.
മുന്നറിയിപ്പ്: സൂക്ഷിക്കു. അരുവിയില്‍ ഓ. രാജഗോപാല്‍, വിജയകുമാര്‍ എന്നീ വമ്പന്‍ സ്രാവുകളുണ്ട്, ബാലകൃഷ്ണപിളള, പി.സി. ജോര്‍ജ്ജ് എന്നീ കുളം കലക്കികളും!
Comments