ഈയടുത്ത കാലത്ത് മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത താരങ്ങള്‍ അവതരിപ്പിച്ച ഒരു മെഗാ ഷോ യില്‍ പങ്കെടുക്കുവാനുള്ള അസുലഭ സൗഭാഗ്യം കൈവന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഡയറക്ടറന്മാര്‍ തുടങ്ങി കോറിയോഗ്രാഫര്‍ വരെ ഉള്‍പ്പെട്ട പ്രഗത്ഭരായ അന്‍പതോളം പ്രതിഭകള്‍ അണിനിരന്ന വന്‍ താരനിര. മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി നോണ്‍സ്‌റ്റോപ്പ് എന്റെര്‍ടെയിന്‍മെന്റായിരുന്നു വാഗ്ദാനം.
സഭ്യമായ ഭാഷയില്‍ പറഞ്ഞാല്‍ മൂന്നുമണിക്കൂര്‍ നേരം തുടര്‍ച്ചയായി കാണികളുടെ കഴുത്തറത്തു കൊഞ്ഞനംകുത്തികാണിക്കുന്ന ഒരു പരിപാടി ആയിരുന്നു അത്.
കുടുംബസമ്മേതം നല്ലൊരു 'ഷോ' കാണാനെത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ അവരകാണിക്കുകയായിരുന്നു. കൈലിമുണ്ട് മുട്ടിനു മുകളില്‍ വച്ച് പൊക്കിയുടുത്താല്‍, അമേരിക്കന്‍ മലയാളികള്‍ ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി മരിച്ചു പോകുമെന്നാണ് ഈ പൂങ്ങാന്‍മാരുടെ ധാരണയെന്നു തോന്നുന്നു. അണ്ടര്‍വെയര്‍ കൂടാതെ അവര്‍ മുണ്ടുയര്‍ത്തി കാട്ടിയിരുന്നെങ്കില്‍, ഒരു പക്ഷെ അവരുടെ ശുഷ്‌ക്കിച്ച ശുഷ്‌ക്കാന്തി കണ്ട് മുന്‍നിരയില്‍ ഇരുന്നവരെങ്കിലുമൊന്നു ചിരിച്ചേനേ!
യാതൊരുവിധ മുന്‍ ഒരുക്കങ്ങളുമില്ലാതെ തട്ടിക്കൂട്ടിയ ഒരു തല്ലിപ്പൊളി പരിപാടിയായിരുന്നു ഇത് എന്നു സംശയലേശമെന്യേ പറയാം. താര കുടുംബങ്ങളുടെ ഒരു അമേരിക്കന്‍ അവധിക്കാല ഉല്ലാസയാത്ര, ഇവിടെയുള്ള ചില മണ്ടന്മാരുടെ ചിലവില്‍ നടത്തിക്കളയാം എന്നവര്‍ തീരുമാനിച്ചു എന്നു വേണം അനുമാനിക്കുവാന്‍.
താരങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു പ്രധാന ഇനം. പ്രധാന താരങ്ങളെ മാത്രമല്ല അവരുടെ കൂട്ടത്തില്‍ വന്ന പരിചാരകരെയും, പട്ടിയേയും, പൂച്ചയേയും വരെ പരിചയപ്പെടുത്തി. ഓരോരുത്തരും വരുമ്പോള്‍ അവര്‍ക്ക് വലിയൊരു കൈയ്യടി കൊടുക്കുവാനുള്ള ആഹ്വാനം ഉയര്‍ന്നു കൊണ്ടേയിരുന്നു. കൈയടിക്കു പകരം സ്റ്റേജില്‍ കയറി അതു പറയുന്നവന്റെ ചെപ്പക്കുറ്റി അടിച്ചുതകര്‍ക്കുവാനുള്ള വികാരമാണ് കാണികള്‍ക്കുണ്ടായിരുന്നത്.
നരേന്ദ്രമോഡിയേപ്പോലെയും, ബരാക് ഒബാമയെപ്പോലെയും കൈ ഉയര്‍ത്തി വീശി അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഓരോരുത്തരും എഴുന്നെള്ളിയത്. മഹാനായ ദാസേട്ടന്‍ പോലും ശ്രോതാക്കളെ വണങ്ങിയ ശേഷമാണ് ഗാനമേള ആരംഭിക്കുന്നത്.
നടി ഭാവനയെ പരിയപ്പെടുത്തിയപ്പോള്‍ പഴകിത്തേഞ്ഞ പഴയ ചോദ്യം: ഭാവനയ്ക്ക് മമ്മൂട്ടിയോടോ അതോ മോഹന്‍ ലാലിനോടോ കൂടുതല്‍ ഇഷ്ടം? : ചോദ്യം കേട്ടാല്‍ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയുമല്ലാതെ മറ്റാരേയും സ്‌നേഹിക്കുവാന്‍ ഭാവനക്കു അനുവാദമില്ലെന്നു തോന്നും.
നടന്‍ ശ്രീനിവാസന്‍ വന്ന് രാഷ്ട്രീയക്കാരേയും, സര്‍ക്കാരിനേയും കുറ്റം പറഞ്ഞ് ചീപ്പ് കൈയടി വാങ്ങിച്ചു. അദ്ദേഹം ഇപ്പോള്‍ ജൈവകൃഷി നടത്തി കേരളത്തെ ഉദ്ധരിക്കുന്ന പരിപാടിയുമായി നടക്കുകയാണത്രെ! അമേരിക്കന്‍ മലയാളികളോടു നാട്ടിലെ കൃഷിക്കാര്യം എഴുന്നെള്ളിച്ചെതെന്തിനാണാവോ? കഴിഞ്ഞ തവണ വന്ന് തിരിച്ചു നാട്ടിലെത്തിയ ശേഷം, കിട്ടാവുന്ന വേദികളിലെല്ലാം അമേരിക്കന്‍ മലയാളികളെ പരിഹസിച്ച് പാടിനടന്ന ആളാണ് മഹാനായ ശ്രീനിവാസന്‍.
വിജയരാഘവനെ പരിചയപ്പെടുത്തിയതാണ് കൂടുതല്‍ രസകരം. അദ്ദേഹം നാടകാചാര്യനായിരുന്ന എന്‍.എന്‍.പിള്ളയുടെ നാലാമത്തെ മകനാണത്രെ! ഭാര്യയുടെ മരണശേഷം, വേദികളോടു വിട പറഞ്ഞ അദ്ദേഹത്തെ സിദ്ധിക്കും ലാലും കൂടിയാണേ്രത വീണ്ടും അരങ്ങിലെത്തിച്ചത്. അവര്‍ ആദ്യത്തെ രണ്ടുമക്കള്‍-മൂന്നാമതൊരു വ ന്റെ റോളു കൂടി പറഞ്ഞു. അങ്ങിനെ ആദ്യത്തെ മൂന്നു മക്കള്‍- നാലാമത് വിജയരാഘവന്‍- ഈ സംഭവം വിവരിച്ചപ്പോള്‍ കുട്ടന്‍ ഗല്‍ഗദകണ്ഠനായി. വിജയരാഘവന്‍ കലാഭവന്‍ മണിക്കു പഠിക്കുകയാണോ എന്നു തോന്നിപ്പോയി. അഞ്ഞൂറാന്‍ സദസ്സിലുണ്ടായിരുന്നെങ്കില്‍ കാര്‍ക്കിച്ചു തുപ്പിയേനേ!
ലാല്‍ നടനും, നിര്‍മ്മാതാവും, ഡയറക്ടറും മാത്രവുമല്ല-ഗാനരചിയിതാവുമാണു പോല്‍! അദ്ദേഹത്തിന്റെ മകന്‍ സംവിധാനം ചെയ്ത 'ഹണീബി' എന്ന ചിത്രത്തിലെ ഒരു ഗാനത്തിനു വേണ്ടി തൂലിക ചലിപ്പിച്ചത് ഇദ്ദേഹമാണ്.
ഏതോ സങ്കരഭാഷയില്‍ എഴുതിയ ഒരു ഗാനം- പാട്ടയിലിട്ടടിക്കുന്നതുപോലുള്ള കാതടിപ്പിക്കുന്ന സംഗീതം. ഈ പാട്ടിന്റെ താളത്തിനനുസരിച്ച് താടിയും മുടിയും വളര്‍ത്തിയ കുറേ ന്യൂജനറേഷന്‍ അക്ഷരത്തെറ്റുകള്‍ വേദിക്കു നെടുകയും കുറുകയും ചാടുന്നതു കണ്ടു. പാട്ടിന്റെ ക്ലൈമാക്‌സില്‍ ഒരു ഊശാന്‍ താടിക്കാരന്‍ ട്രപ്പീസുകളിക്കാരനേപ്പോലെ വേദിയില്‍നിന്നും താഴോട്ട് ഒറ്റ മലക്കം മറിച്ചില്‍. അവന്റെ കാറ്റു പോയെന്നാ ഞാന്‍ കരുതിയത്.
വയലാര്‍ മരിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യം. എങ്കിലും ഓ.എന്‍.വി. സാറിന് ഈ ലാല്‍ജി ഒരു ഭീഷണിയാണേ!
ഓട്ടോയിടിച്ച് റോഡില്‍ വീണവന്റെ നെഞ്ചത്തു കൂടി സൂപ്പര്‍ ഫാസ്റ്റു കയറിതുപോല ഒരനുഭവും ഉണ്ടായി. അരമണിക്കൂര്‍ നീണ്ട ഒരു ഹാസ്യക്വിറ്റ്. കാര്യമായി ഒരു ചിരിപോയിട്ട് ഒരു പരിഹാസച്ചിരി പോലും ഉയര്‍ത്തുവാന്‍ ഇതിനു കഴിഞ്ഞില്ല. അമേരിക്കന്‍ മലയാളി ആദ്യമായി മനസ്സിരുത്തി കൂവിയ ഒരു പരിപാടി ആയിരുന്നത്. അവതരിപ്പിച്ചവര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല. കണ്ടിരുന്ന കാണികളാണു നാണം കെട്ടു തല കുനിച്ചത്.
അഫ്‌സല്‍, മജ്ഞരി തുടങ്ങിയവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. 'കഷ്ടം' എന്നൊരറ്റ വാക്കില്‍ ഒതുക്കാം- ദോഷം പറയറുതല്ലോ! ഉണ്ടപക്രു തരക്കേടില്ലാത്ത ഒരു പ്രകടനം കാഴ്ചവെച്ചു. 'അത്ഭുതദ്വീപി'ലെ 'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ' എന്ന ഗാനം മനോഹരമായി അദ്ദേഹം താളച്ചുവടുകളോടെ ആലപിച്ചു. കൂട്ടത്തില്‍ കൂടുവാനായി അദ്ദേഹം കുട്ടികളേയും ക്ഷണിച്ചു. രണ്ടോ മൂന്നോ വയസു പ്രായമുള്ള ഒരു പെണ്‍കുട്ടി പക്രുവിന്റെ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുവെച്ചു. സത്യം പറഞ്ഞാല്‍ ആ സുന്ദരിക്കുട്ടിയായിരുന്നു ഈ താരനിശയിലെ ഏകതാരം!
അവസാനം എല്ലാവരും 'എന്‍കോറിനു' വേണ്ടി വേദിയില്‍ അണിനിരന്നപ്പോള്‍, കൊച്ചികടപ്പുറത്ത് ഉണാക്കാനിട്ടിരിക്കുന്ന ചാളമീനേയാണു ഓര്‍മ്മ വന്നത്. അത്രമാത്രം അവര്‍ നാറ്റിച്ചു കളഞ്ഞു.!
Comments