You are Here : Home / Editorial

പുരുഷപീഡനം !

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, July 03, 2015 09:04 hrs UTC

“എന്തിനാ രാജു കരയുന്നത് ?”-ചോദ്യം 'മലയാളം പത്രത്തില്‍ നിന്നും റോയിയുടെ വകയാണ്.
വല്ലപ്പോഴുമൊക്കെ ഫോണ്‍ ചെയ്ത് എന്റെ സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ കണക്കെടുപ്പു നടത്താറുള്ള ഒരു സുഹൃത്ത്
“ ഏയ്! ഞാന്‍ കരയുകയൊന്നുമല്ല”-എന്റെ മറുപടി സ്വരത്തിലും ഒരിടര്‍ച്ച.
“ അല്ല ! ശബ്ദത്തിനു ഒരു കരച്ചില്‍ ശ്രുതി-എന്താ? വല്ല മലയാള സീരിയലും കാണുകയാണോ ? - റോയി
“ഐഡിയാ സ്റ്റാര്‍ സിംഗറി”ലെ വിധി കര്‍ത്താവിന്റെ വേഷമണിഞ്ഞ് ഉരുണ്ടു കളിക്കാതെ സത്യം തുറന്നു പറയുന്നതാണു നല്ലതെന്നു തോന്നി. “ റോയി ! നേരു പറഞ്ഞാല്‍ ഞാന്‍ കുറച്ചു ഉള്ളി അരിയുകയായിരുന്നു. “ ഉള്ളി അരിയുകയോ ?” –
ഈ ' കല്യാണരാമന്‍' റോളിനു പിന്നില്‍ ഒരു കഥയുണ്ട്. കുറച്ചു 'പ്രിമച്ചുവറായി റിട്ടയര്‍മെന്റ് എടുത്തുകൊണ്ട്, പ്രിയതമ പുഷ്പയുടെ വകയായി എനിക്കു ചില റെസ്ട്രിക്ഷന്‍സും, പെനാല്‍റ്റിയും മറ്റും അവളുടെ സിംഗിള്‍ബെഞ്ചില്‍ നിന്നും ഉത്തരവായിട്ടുണ്ട്. അതില്‍ ഒന്നാണു രാവിലെയുള്ള 'ജിം' മ്മില്‍ പോക്ക്- ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്' മൂടിപ്പുതച്ചു കിടന്നുറങ്ങുവാനാണ് റിട്ടയര്‍മെന്റ് എടുത്തത്- ആ ലക്ഷറി അവള്‍ കട്ടു ചെയ്തു.
“ പണ്ടൊക്കെ ഞങ്ങള്‍ ഒരു പുതപ്പിന്‍ കീഴിലേ
കെട്ടിപ്പിടിച്ചുറങ്ങാറുണ്ടായിരുന്നു-”
എന്ന വയലാര്‍ പണ്ടു എഴുതിയത് ഞങ്ങളുടെ ആദ്യകാല വിവാഹനാളിനേപ്പറ്റിയാണ്. കൂര്‍ക്കം വലി ഏഴരക്കട്ടയിലാണെന്ന കാരണത്താല്‍ എന്റെയുറക്കം ബെഡ്‌റൂമില്‍ നിന്നും ലിവിംഗ് റൂമിലേക്കു ട്രാന്‍സഫറായിട്ടുണ്ട്.- രാഷ്ട്രീയക്കാരനിഷ്ടമില്ലാത്ത പോലീസുകാരനെ പാറശ്ശാലയില്‍ നിന്നും കാസര്‍കോട്ടയ്ക്കു പണിഷ്‌മെന്റ് ട്രാന്‍സഫര്‍ ചെയ്യുന്ന ഒരു ലൈന്‍.
രാവിലെ 'ജിം' മ്മില്‍ പോകുന്ന വഴിയിലുള്ള ബേഗില്‍ കടയില്‍ നിന്നും ഒരു വീറ്റു (Wheat) ബേഗിളും, ഒരു സ്‌മോള്‍ ' വിത്തൗട്ട് കാപ്പിയും എനിക്കു ബ്രേക്ക് ഫാസ്റ്റിനത്തില്‍ അലോട്ടു ചെയ്തിട്ടുണ്ട്. പ്രമേഹ രോഗിയല്ലാത്ത എന്റെ പഞ്ചസാര ക്വോട്ടാ കട്ടു ചെയ്തിരിക്കുകയാണ്. ബേഗിള്‍ വായിലിട്ടു സിമന്റു കുഴക്കുന്നതു പോലെ ചവച്ചരച്ചിറക്കുന്നതു തന്നെ ഒരു വ്യായാമ മുറയാണ്. ഇരുന്നു ചവിട്ടുന്ന സ്റ്റാന്‍ഡിംഗ് സൈക്കിളാണ് എനിക്കു പ്രിയം. ഭാരവണ്ടി വലിച്ചു കൊണ്ടു പോകുന്ന കള്ളക്കാളയേപ്പോലെ, സ്ലോ മോഷനിലാണ് എന്റെ അഭ്യാസമുറ. ജിമ്മിലെ ക്ലോക്ക് ഒച്ചിന്റെ വേഗത്തിലാണു ഇഴയുന്നത്. ടിപ്പര്‍ ലോറിയുടെ ഓവര്‍ സ്പീഡിലാണു പുഷ്പയുടെ പ്രയാണം. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും ഞാനൊരു അവശ ക്രിസ്ത്യാനിയാകും! 'ജിം' സര്‍ക്കാര്‍ വക സ്ഥാപനമായതുകൊണ്ട് മെംബര്‍ഷിപ്പ് ഫീസ് വളരെ കുറവാണ്- “ എവിടെ വിലക്കുറവുണ്ടോ, അവിടെ മലയാളിയുണ്ട്” – അതുകൊണ്ടു തന്നെ ഇവിടെയും ധാരാളം മലയാളികളുണ്ട്. മോഡിയുടെ “
ലോകയോഗദിനത്തിനു മുന്‍പു തന്നെ ഇവിടെ യോഗപരിശീലനക്ലാസുകള്‍ ആരംഭിച്ചിരുന്നു- വെളുത്തു മെലിഞ്ഞ ഒരു മദാമ്മയാണ് ഇന്‍സ്ട്രക്ടര്‍. ഒരു ആവേശത്തിന് ഒരിക്കല്‍ സകല കളരി പരമ്പര ഗുരുക്കളേയും മനസ്സില്‍ ധ്യാനിച്ച്, വെറ്റില-പാക്ക് ദക്ഷിണയര്‍പ്പിച്ച് ഞാനും അഭ്യാസം ആരംഭിച്ചു. പത്മാസനത്തില്‍ ഉപവിഷ്ഠനാവുക എന്നതായിരുന്നു പാഠം ഒന്ന്- ഒരു കണക്കിന് ചമ്രം പടഞ്ഞിരുന്നു ഞാന്‍ ആ കര്‍മ്മം നിര്‍വ്വഹിച്ചു.
” ഓം-ശാന്തി -ഓശാന” എന്ന ഗീതത്തിന്റെ ആരോഹണാവരോഹണ ക്രമത്തില്‍ ഞാനും ശ്വാസഗതി നിയന്ത്രിക്കുവാന്‍ ശ്രമിച്ചു- മറ്റു ചിന്തകളെല്ലാം വെടിഞ്ഞ് മനസ്സ് ഏകാഗ്രമാക്കുവാന്‍ മദാമ്മ നിര്‍ദ്ദേശം നല്‍കി- എല്ലാ ചിന്തകളും വെടിഞ്ഞ് മദാമ്മ കൊച്ചിന്റെ ആകാരസൗഷ്ഠത്തില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 'യോഗ' കഴിഞ്ഞപ്പോള്‍ ചമ്മണ പൂട്ടഴിക്കുവാന്‍ പ്രയാസം- ആസനത്തിനു പൂട്ടു വീഴുന്ന പരിപാടിയാണിതെന്ന് അറിയാമായിരുന്നെങ്കില്‍ ഞാനീ സാഹസത്തിനു മുതിരില്ലായിരുന്നു. അന്നത്തേതോടുകൂടി യോഗാസന ഹാജര്‍ പുസ്തകത്തില്‍ നിന്നും എന്റെ പേര് പുഷ്പ ചുവന്ന മഷി കൊണ്ട് വെട്ടി.
വയറു കുറയണമെന്നുള്ള ആഗ്രഹത്തോടുകൂടി ചവിട്ടു നാടകം തുടര്‍ന്നു പോരുന്ന എന്റെ വയറിന്റെ വലിപ്പം, ഗര്‍ഭം ധരിച്ചവരേപ്പോലെ ദിനംപ്രതി കൂടിക്കൊണ്ടേയിരിക്കുന്നു!
ഒരു മണിക്കൂര്‍ നേരത്തെ പീഢാനുഭവത്തിനു ശേഷം ഞാന്‍ അങ്കത്തട്ടില്‍ നിന്നും പിന്‍വാങ്ങും- പുഷ്പ പിന്നേയും ചക്രം ചവിട്ടിക്കൊണ്ടേയിരിക്കും. പതിവുപോലെ യാത്രാനുമതി ചോദിച്ച എനിക്ക് അവള്‍ ചില പരോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
“കറങ്ങി നടക്കാതെ നേരെ വീട്ടില്‍ പോകണം- പിന്നെ, ഫ്രിഡ്ജില്‍ ഇരിക്കുന്ന ആ ബീഫ് ചെറിയ കഷണങ്ങളാക്കി നുറുക്കി വെക്കണം. ഫാറ്റ് എല്ലാം കളയരുത്.-രുചി കിട്ടുകയില്ല. കുറച്ചു ഉള്ളി നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് - രണ്ടു കഷണം ഇഞ്ചി തോലി കളഞ്ഞ് കുരുകുരാന്നരിഞ്ഞത്- പച്ചമുളക് ഒരു പത്തെണ്ണം നീളത്തില്‍ കീറിയത്- വെളുത്തുള്ളി ഒരു പത്ത് അല്ലി-” മിസ്സിസ് കെ.എം.മാത്യൂവിന്റെ 'വീട്ടമ്മയ്‌ക്കൊരു കൂട്ടുകാരി' എന്ന പാചക പാഠപുസ്തകത്തില്‍ നിന്നും “ഇറച്ചി ഉലത്തിയത്” എന്ന അദ്ധ്യായം ഉരുവിടുകയാണോ അവള്‍ എന്നു തോന്നി. ഈ ജോലി ചെയ്യുന്നതില്‍ എനിക്കു വലിയ മടിയൊന്നുമില്ല- എന്നാല്‍ അവളുടെ അടുത്തു തന്നെ ചക്രം കറക്കിക്കൊണ്ടിരുന്ന രണ്ടു മൂന്നു മലയാളി തരുണീമണികള്‍ കേള്‍ക്കാത്തതുപോലെ ഉച്ചത്തില്‍ പറഞ്ഞതാണ് എനിക്കു വിഷമമായിപ്പോയത്. പെരുന്നയില്‍ നിന്നും സുകുമാരന്‍ നായര്‍ക്കു ഗെറ്റൗട്ടടിച്ച സുരേഷ് ഗോപിയേപ്പോലെ “ എന്റെ ചങ്കു തകര്‍ന്നുപോയ്”- മലയാള മങ്കമാരുടെ
പരിഹാസ ചിരികൂടി അകമ്പടിയായി എത്തിയപ്പോള്‍ ഞാന്‍ തീര്‍ത്തും അപമാനിതനായ് ! അങ്ങിനെ വീട്ടിലെത്തി ഉള്ളി അരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് റോയിയുടെ വിളി വരുന്നത്.
നടന്ന കാര്യം ഞാന്‍ ചുരുക്കത്തില്‍ റോയിയെ ധരിപ്പിച്ചു. “ അത്രയേള്ളൂ സംഗതി - എന്റെ വീട്ടു ജോലികളുമായി തട്ടിച്ചു നോക്കുമ്പോള്‍, ഇതു കാര്യം നിസ്സാരം ജോലികളുമായി തട്ടിച്ചു നോക്കുമ്പോള്‍, ഇതു കാര്യം നിസ്സാരം. പണ്ടു രാവിലെ ഓഫീസില്‍ പോയാല്‍ പിന്നെ വൈകി വീട്ടിലെത്തിക്കഴിഞ്ഞാല്‍ കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല.
വീടിന്റെ ബേസ്‌മെന്റ് പത്രമാഫീസ് ആക്കിയതു മൂലമാണ് എന്റെ ജാതകം തിരുത്തിക്കുറിക്കപ്പെട്ടത്!”
“ റോയി പറയുന്നത് എനിക്കു ശരിക്കു മനസ്സിലാകുന്നില്ല.”
“പറയാം - രാവിലെ ഏഴുമണിക്കു ഡ്യൂട്ടിക്കു ഹാജരാകേണ്ട ഷൈന്‍ ആറുമണിയാകുമ്പോള്‍ പോകും. പിന്നീടു ഗൃഹഭരണം എന്റെ തോളിലാണ്. മക്കളേ മൂന്നുപേരെയും മൂന്നിടത്തു സ്ഥിതി ചെയ്യുന്ന പാഠശാലകളിലെത്തിക്കണം- നാട്ടിലെ ഓട്ടോക്കാരന്റെതു പോലുള്ള നെട്ടോട്ടം! തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും, കൃത്യമായി ഷൈന്റെ ഫോണ്‍ വിളിയെത്തും.
“ഇന്നലെ ചോറു തീര്‍ന്നു പോയതായിരുന്നു- കുറച്ചു ചോറു വെയ്ക്കണേ, ബ്രൗണ്‍ റൈസു മതി.”
പത്രപണിപ്പുരയിലേക്കു കടക്കും മുന്‍പ് വീണ്ടും വിളി.
“ അയ്യോ, റോയി ! ഞാനൊരു കാര്യം പറയാന്‍ മറന്നു പോയി. ഇന്നു വൈകീട്ട് ആ ചാക്കോച്ചനും ചിന്നമ്മയും കൂടി നമ്മുടെ വീട്ടിലേക്കു വരുന്നുണ്ട്. ആ ഡ്രയറില്‍ കിടക്കുന്ന തുണിയെടുത്ത് മടക്കി വെക്കണം. അതുപോലെ വീടൊന്നു വാക്വം ചെയ്യണം. ങാ-പിന്നെ ഞാന്‍ കുറച്ചു കരിമീന്‍ മസാലപുരട്ടി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ട്.- ഉച്ചകഴിഞ്ഞു അതൊന്നു വറുത്തു വെയ്ക്കണം-ആ ഡെക്കില്‍ ഇട്ടേ വറക്കാവൂ-ഇന്നാളത്തെപ്പോലെ കിച്ചനിലിട്ടു വറക്കരുത്- വീടാകെ നാറും-ഈ ചിന്നമ്മയുടെ മുന്നില്‍ എന്നെ വെറുതേ നാറ്റിക്കരുത്-
“ജോലികള്‍ ഏതാണ്ടു തീര്‍ന്നു വരാറായപ്പോഴേക്കും വീണ്ടും മണിനാദം-
“ ആ ഫ്രിഡ്‌ജേല്‍ ഞാന്‍ ഒരു ഗ്രോസറി ലിസ്റ്റ് എഴുതി വെച്ചിട്ടുണ്ട്. പിള്ളേരെ പിക്കു ചെയ്യുന്നതിനു മുന്‍പായി അതെല്ലാം വാങ്ങണം-”എന്റെ പൊന്നു രാജു! പണിതിട്ടും പണിതിട്ടും പണിതീരാത്ത വീട്' എന്നു പറഞ്ഞതുപോലെയാ, ഞാനീ ഓഫീസ് ബെയ്‌സ്‌മെന്റിലേക്കു മാറ്റിയപ്പോള്‍ മുതല്‍ എന്റെ അവസ്ഥ.”
എന്നേക്കാള്‍ പരിതാപകരമായ റോയിയുടെ ദുരന്തകഥ കേട്ടപ്പോള്‍ എന്റെ കരച്ചില്‍ ചിരിയായി-
“ ഒരു പത്രാധിപരുടെയും, എഴുത്തുകാരന്റെയും ഒരു ഗതികേടേ. ഈ ഗാര്‍ഹിക പീഢനം ആരെങ്കിലും അിറയുന്നുണ്ടോ?”
റോയിയുടെ ഈ കമന്റ് കേട്ടപ്പോള്‍ ഞങ്ങളുടെ ചിരി, ഒരു പൊട്ടിച്ചിരിയായി മാറി-
“ ഈ റിട്ടയര്‍മെന്റ് എങ്ങിനെ കഴിച്ചു കൂട്ടുന്നു. വെറുതേ വീട്ടിലിരുന്നാല്‍ ബോറടിക്കില്ലേ” -ഇപ്പോഴും അതിരാവിലെ എഴുന്നേറ്റു, കൃത്യസമയത്തിനു ഓഫീസില്‍ എത്തി പഞ്ചു ചെയ്യേണ്ട ഹതഭാഗ്യരായ ചില അസൂയാലുക്കളുടെ ചോദ്യത്തിന്, “ഓ! അത്ര വലിയ ബോറടിയൊന്നുമില്ല- ബോറടി മാറ്റാന്‍ ഞാന്‍ ഇടയ്ക്കിടെ ഉണ്ട പുഴുങ്ങി തിന്നാറുണ്ട്”- എന്നാണ് എന്റെ മറുപടി.
എന്റെ ഉത്തരം അവര്‍ക്കത്ര സുഖിച്ചിട്ടില്ലെന്നു ഉണ്ടക്കണ്ണുകള്‍ മുഴപ്പിച്ചുള്ള അവരുടെ നോട്ടത്തില്‍ നിന്നും എനിക്കു മനസ്സിലാകാറുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.