കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതുവരേയും പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. സഭയും സമുദായവുമൊക്കെ അവിടെയുമിവിടെയും ഒളിഞ്ഞും തെളിഞ്ഞും ചില ചരടുവലികള്‍ നടത്തുന്നുണ്ട്. ചില മെത്രാന്മാരും സ്വന്തം സഭയില്‍പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കണം, അല്ലെങ്കില്‍ കാണിച്ചു തരാം എന്ന ഭീക്ഷണിയുമായി പ്രസ്താവനകള്‍ ഇറക്കിവിടുന്നുണ്ട്. പഴയകാല അനുഭവം വെച്ചു നോക്കിയാല്‍ അവസാനഫലം നാണക്കേടു മാത്രമാണ്. 'വികസനം' ആണ് എല്ലാ പാര്‍ട്ടികളുടെയും പ്രകടന പത്രികയിലെ പ്രധാന അജണ്ട. ഭരണം കിട്ടുന്ന പാര്‍ട്ടിയിലെ നേതാക്കന്മാരും അവരുടെ ബന്ധുമിത്രാദികളും 'വികസിക്കും' എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ മിണ്ടാപ്രാണിയായ ഒരു വനിതാമന്ത്രി മാത്രമാണ് ആരോപണ വിധേയ ആകാത്തത്.
'നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയം എന്തായിരിക്കും?' എന്നാണു നേതാക്കള്‍ പരസ്പരം ചോദിക്കുന്നത്-മദ്യം നിരോധിക്കുമെന്നും കോണ്‍ഗ്രസ്-ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജ്ജനം നടപ്പാക്കുമെന്നു ഇടതുപക്ഷം. ഇതു രണ്ടും നടപ്പാക്കുവാന്‍ പോകുന്ന കാര്യമല്ലെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാമറിയാം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നമ്മുടെ ആദര്‍ശപുരുഷന്‍ പണ്ടു ചാരായ നിരോധനം ഏര്‍പ്പെടുത്തിയിട്ടെന്തായി? കേരളത്തില്‍ ചാരായം വാറ്റ് ഒരു കുടില്‍ വ്യവസായമായി വളര്‍ത്തുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഉമ്മന്‍ ചാണ്ടിയും, മാണിസാറും, കെ.ബാബുമെല്ലാം കൂടി മനഃപൂര്‍വ്വം ബാറുകളൊന്നും പൂട്ടിച്ചതല്ല. കൂടുതല്‍ കൈയിട്ടു വാരമെന്നുള്ള ഒരു നിഗൂഢലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു.
അപ്പോഴാണ് എന്തിനും ഏതിനും ഉടക്കി നില്‍ക്കുന്ന സുധീരന്‍ ആദര്‍ശത്തിന്റെ വാളെടുത്തത്. 'എന്നാല്‍ ഇന്നാ പിടിച്ചോ' എന്നു പറഞ്ഞ് കുഞ്ഞൂഞ്ഞൊരു കുത്തു കുത്തി. എല്ലാംകൂടി കൂട്ടിക്കെട്ടി പുതുപ്പള്ളിക്കു പോയി. മദ്യനിരോധനമൊന്നും ഒരു രാജ്യത്തും നടപ്പിലാക്കിയിട്ടില്ല. പരീക്ഷിച്ചു പരാജയപ്പെട്ട ചരിത്രമാണ് എല്ലായിടത്തും. കേരളത്തില്‍ ഇപ്പോള്‍ 'വൈന്‍-ബിയര്‍' പാര്‍ലറുകള്‍ ധാരാളമുണ്ട്. പല എക്‌സൈസ് ഉദ്യോഗസ്ഥന്മാരുടെയും ഉച്ചയൂണു ഇവിടെയാണ്. 'സാധനം' അവയിലബിള്‍ ആണെന്നര്‍ത്ഥം. ചോദിക്കേണ്ടവര്‍ ചോദേക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ സംഗതി മുറിയിലെത്തും. മദ്യനിരോധനം കൊണ്ട് സര്‍ക്കാരിനു കിട്ടേണ്ട ഒരു വലിയ വരുമാനം നിലച്ചുപോയി എന്നുള്ളതുമാത്രമാണ് കിട്ടിയ ലാഭം. ഒരു ഗ്രാമമായാല്‍ കുറഞ്ഞത് ഒരു കള്ളുഷാപ്പെങ്കിലും വേണമെന്നുള്ള അഭിപ്രായക്കാരനാണു ഞാന്‍. ഒരു കുപ്പി അന്തിയുമടിച്ച്, ഷാപ്പിലെ കപ്പയും കറിയും കഴിച്ച്, അലവലാതി രാഷ്ട്രീയവും പറഞ്ഞ്, പാട്ടുപാടി പാമ്പായി മുണ്ടും പറിച്ചു തലയില്‍ക്കെട്ടി നടന്നിരുന്ന കുടിയന്മാര്‍ ഒരു നാടിനു അലങ്കാരമായിരുന്നു.
കള്ളുകുടിയന്റെ അടിയും ഇടിയും കൊണ്ട് 'എന്റമ്മോ! ഈ കാലമാടന്‍ എന്നെ തല്ലിക്കൊല്ലുന്നേ' എന്നു പറഞ്ഞു നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം ഗ്രാമത്തി്‌ന്റെ സംഗീതമായിരുന്നു. ആ നല്ലകാലം ഇനി എന്നെങ്കിലും തിരിച്ചു വരുമോ? കൊള്ളാവുന്ന കുടിയന്മാരെല്ലാം വിഷച്ചാരായം കുടിച്ച് കരളു പഴത്തു തട്ടിപ്പോകുന്നതൊന്നും ഇപ്പോള്‍ വലിയ വാര്‍ത്തയൊന്നുമല്ല. ഒരു നല്ലഭരണം കാഴ്ചവെയ്ക്കണമെങ്കില്‍ കുടിയന്മാര്‍ക്കു നല്ല കള്ളുകുടിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. പുരാതനകാലം മുതലേ, പഴയനിയമം കാലം മുതലേ നമ്മുടെ മുതുമുത്തച്ഛന്‍മാര്‍ മദ്യം ഉപയോഗിച്ചിരുന്നു. അവരെ നമ്മള്‍ മാതൃകകളാക്കണം. പാരമ്പര്യം മറക്കുന്നത് ആര്‍ക്കും ഭൂഷ്ണമല്ല.
വാല്‍ക്കഷണം: ഫൊക്കാന-ഫോമാ കണ്‍വന്‍ഷനുകള്‍ക്ക് പഴയതുപോലെയുള്ള ജനപങ്കാളിത്തമില്ലെന്നാണ് പലരും പറയുന്നത്. സരിതാ നായരെ ഒരു അതിഥിയായി കൊണ്ടുവന്നാല്‍ ആകപ്പാടെ ഒരു ആനച്ചന്തം ഉണ്ടാകുമെന്നും ജനപങ്കാളിത്തം വര്‍ദ്ധിക്കുമെന്നുമാണ് വിവരമുള്ളവര്‍ പറയുന്നത്. ഒന്നു പരീക്ഷിച്ചാലോ? എല്ലാത്തിനും വേണ്ടേ ഒരു ചെയ്ഞ്ച്? 'സരിതയെ വിളിക്കൂ....കണ്‍വന്‍ഷനുകള്‍ വിജയിപ്പിക്കൂ!'
Comments