You are Here : Home / Editorial

പിണറായി വിജയനും സര്‍ക്കാരിനും വിജയാശംസകള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, June 04, 2016 01:08 hrs UTC

കഴിഞ്ഞ പത്തിരുപതു കൊല്ലമായി പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്ന സഖാവ് പിണറായി വിജയന്‍ ചിരിക്കാതെ ബലം പിടിച്ചു നടക്കുകയായിരുന്നു. പെരുമാറ്റ രീതികള്‍ക്കെല്ലാം അനാവശ്യമായ ഒരു മസിലു പിടുത്തം. 'ധാര്‍ഷ്യ' ഭാവം മുഖത്തു മുദ്ര വെച്ചപോലെ! എന്നാല്‍ സെക്രട്ടറി പദത്തില്‍ നിന്നും, മുഖ്യമന്ത്രി കസേരയിലേക്കു ഇരിപ്പിടം മാറ്റിയ പിണറായി, അന്നു തുടങ്ങിയ ചിരി, പിന്നീട് നിര്‍ത്തിയിട്ടേയില്ല. പത്രക്കാരോടും പ്രവര്‍ത്തകരോടുമെല്ലാം മൃദുല സമീപനം അത്യാവശ്യം തമാശകള്‍ പറയുവാനും, മറ്റുള്ളവരുടെ കസൃതിചോദ്യങ്ങള്‍ ആസ്വദിയ്ക്കുവാനും പിണറായി പിശുക്കൊന്നും കാണിക്കുന്നില്ല.

 

 

തുടക്കത്തിലുള്ള തീരുമാനങ്ങള്‍ നല്ലതു തന്നെ! അച്ചുമാമ്മന്് ഇതൊന്നും അത്ര രസിക്കുന്നില്ലെന്ന് ആ മുഖഭാവം കണ്ടാലറിയാം. ചിരിയും കളിയും മാറി. വാര്‍ദ്ധക്യം വന്നു കയറി. തന്നെ മുന്നില്‍ നിര്‍ത്തിയാണു ഇടതുപക്ഷം ഇത്രയും സീറ്റുകള്‍ നേടിയതെന്ന് മറ്റാരേക്കാളും നന്നായി അദ്ദേഹത്തിനറിയാം. തന്നെ തരം താഴ്ത്തി കളിയാക്കാനായി 'കാസ്‌ട്രോ' എന്നൊരു പേരും നല്‍കി വേലിക്കകത്തിരുത്തുവാനുള്ള അണിയറ നീക്കത്തെ, യെച്ചൂരിയുടെ പോക്കറ്റില്‍ ഒരു ഇംഗ്ലീഷ് കുറിപ്പു തിരുകിക്കയറ്റി, സമര്‍ത്ഥമായി തടയിട്ടു. ഡിമാന്റുകള്‍ വളരെ ലളിതം. പാര്‍ട്ടിയുടെ കാരണവരു പദവി. ക്യാബിനറ്റ് റാങ്ക്, വൈസ്രോയി ബംഗ്ലാവ്, കാറ്, പരിവാരങ്ങള്‍, ആനവട്ടം, വെഞ്ചാമരം. ഇതൊന്നും അമ്മാവന്റെ ആവശ്യങ്ങളായിരുന്നില്ല, മറിച്ച് അരുമമകന്‍ അരുണ്‍കുമാറിന് അര്‍മാദിക്കുവാന്‍ വേണ്ടി, മകന്‍ തന്നെ ഒരുക്കിയ കെണിയായിരുന്നുവെന്ന് പൊതുജനം എന്ന കഴുതകള്‍ക്ക് പെട്ടെന്നു മനസ്സിലായി.

 

 

യെച്ചൂരി മൗനം പാലിച്ച് അച്ചുമാമ്മന്റെ മാനം കാത്തു. മകന്‍ പതിവുപോലെ മൗനം മറയാക്കി. പ്രായം കൂടുന്നത് ഒരു കുറവില്ലെങ്കിലും, ഒരു പ്രകൃതി നിയമമാണ്. ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും സംഭവിക്കുന്ന തേയ്മാനം ഒരു സത്യം. അ്‌ദ്ദേഹത്തിനു അര്‍ഹിക്കുന്ന പദവയും ബഹുമാനവും നല്‍കണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. നിയസഭയിലിരുന്നു സ്ഥിരമായി പിണറായിക്കു പാര പണിയില്ലെന്നു പ്രതീക്ഷിയ്ക്കാം. 'തന്റെ സ്വന്തം ആളെന്നു' പറഞ്ഞു പണം പിടുങ്ങുന്ന ശിങ്കിടികള്‍ ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി നിരങ്ങില്ല. ജോപ്പനും, കോപ്പനും, ജിക്കുവും, ചിക്കുവും, ഗണ്‍മോനുമെല്ലാം ഔട്ട്. സമുദായ നേതാക്കന്മാരുടെ ഔദാര്യമൊന്നും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാതിരുന്നതുകൊണ്ട് അവരെയെല്ലാം ഒരു നിശ്ചിത അതിര്‍ത്തിയ്ക്കപ്പുറത്തു നിര്‍ത്താം. മന്ത്രിമാരുടെ നിയമനത്തിലും പിണറായി എടുത്ത തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാണ്.

 

വിവരവും വിദ്യാഭ്യാസവുമുള്ളവരാണു മിക്കവരും. എപ്പോള്‍ വേണമെങ്കിലും പെയ്തിറങ്ങാവുന്ന അഴിമതിയുടെ കാര്‍മേഘങ്ങള്‍ ഇവര്‍ക്കു മുകളിലില്ല. സ്വന്തക്കാരേയും ബന്ധക്കാരേയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കരുതെന്നുള്ള നിര്‍ദ്ദേശവുമുണ്ട്. പോലീസ് തലപ്പത്തു നടന്ന അഴിച്ചു പണിക്ക് ഒരു സ്‌പെഷ്യല്‍ സല്യൂട്ട്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഓരോ നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം, യാതൊരു മനഃസ്സാക്ഷിയുമില്ലാതെ യു.ഡി.എഫ്. സര്‍ക്കാര്‍ തട്ടിക്കളിച്ച കൊമ്പന്‍മീശക്കാരന്‍ ഋഷിരാജ് സിംഗിനു ഉത്തരവാദിത്വമുള്ള ഉന്നതപദവിയാണു നല്‍കുന്നത്. വിജിലന്‍സ് വിഭാഗത്തിന്റെ പൂര്‍ണ്ണ ചുമതല ജേക്കബ് തോമസിനു നല്‍കിയത് യുഡിഎഫ് അഴിമതി വീരന്മാരോടു ചെയ്ത കൊലചതിയായിപ്പോയി.

 

 

പോലീസ് കെട്ടിടങ്ങളുടെ പണിയിലേക്കു തരം താഴ്ത്തപ്പെട്ട അദ്ദേഹം, അര്‍ഹതയുള്ളവര്‍ക്കു 'പണി' കൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മുന്‍ ബാറുമന്ത്രി കെ. ബാബുവിന്റെ കാര്യം കട്ടപ്പൊക. മഞ്ഞളാംകുഴി അലിയും ഒന്നു സൂക്ഷിക്കുന്നതു നല്ലത്. പാലയുടെ മാണിക്യം മാണിസാറിനു വലിയ പണി കിട്ടുകയില്ലെന്നു പ്രതീക്ഷിയ്ക്കാം. സിപിഐ പിണങ്ങിപ്പോയാല്‍ ആ വിടവു നികത്തുവാന്‍ ഒരു സ്‌പെയര്‍ ടൈം വേണമല്ലോ!അഴിമതി വീരന്മാരുടേയും, ബന്ധുക്കളുടേയും, ബിനാമികളുടേയും വീടുകള്‍ ഇനി വിജിലന്‍സ് പൊളിച്ചടുക്കും എന്നുള്ള കാര്യത്തില്‍ സംശയം വേണ്ടാ!

 

 

നിദ്രാവിഹീനമല്ലോ ഇനിയുള്ള അവരുടെ രാവുകള്‍' വലിയ വലിയ പ്രതീക്ഷകള്‍ നല്‍കിയിട്ട് അതെല്ലാം അച്ചുമാമ്മന്റെ മുന്നാര്‍ ദൗത്യം പോലെയാക്കിത്തീര്‍ന്നാല്‍ പുലികളെല്ലാം വീണ്ടും എലികളാകും. ചിരിക്കുന്ന പിണറായി ഞങ്ങള്‍ക്കിഷ്ടമാണ്. ചിരിച്ചു ചിരിചചു വാഗ്ദാനങ്ങള്‍ എല്ലാം പാഴ് വാക്കുകളായാല്‍ ജനം ചിരിക്കും. താങ്കളെ പരിഹസിച്ച് വെറുതെ ഞങ്ങളേക്കൊണ്ടു ചിരിപ്പിക്കല്ലേ! 'പറയുന്നതെല്ലാം പ്രവര്‍ത്തിക്കുമെന്നും, പ്രവര്‍ത്തിക്കുന്നതു മാത്രമേ പറയുകയുള്ളെന്നും'- പ്രതിജ്ഞയെടുത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ സര്‍ക്കാരിനും വിജയാശംസകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.