You are Here : Home / Editorial

കളിയല്ല കണ്‍വന്‍ഷന്‍-ചില ഫൊക്കാന-ഫോമാ ചിന്തകള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Tuesday, August 09, 2016 09:35 hrs UTC

'കള്ളന്‍ കയറിയതിന്റെ ഏഴാം പക്കം പട്ടികുരച്ചിട്ടെന്തു ഫലം?'- എന്നു പറഞ്ഞതുപോലെയാണ് ഈ ലേഖനം. കഴിയേണ്ടതെല്ലാം കഴിഞ്ഞു.കിട്ടേണ്ടതെല്ലാം കിട്ടി.ഇനി പറഞ്ഞിട്ടെന്തു കാര്യം? കരഞ്ഞിട്ട് എന്തു കാര്യം?'തക്ക സമയത്തു പറയുന്ന വാക്ക് വെള്ളിത്താലത്തില്‍ പൊന്‍നാരങ്ങാ പോലെ'- എന്നാണല്ലോ ശലോമന്‍ പണ്ട് ആരാണ്ടോടു പറഞ്ഞത്. പൂച്ചക്ക് ആലുക്കാസില്‍ ഒരു കാര്യവുമലിലാത്തതു പോലെയാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഞാനുമായി ബന്ധപ്പെടാത്ത ഈ വിഷയത്തെപ്പറ്റി എഴുതുന്നത്. എങ്കിലും എഴുതാതിരിക്കുവാന്‍ പറ്റുമോ? ഞാനൊരു വിശ്വസാഹിത്യകാരനായിപ്പോയില്ലേ?

 

പറഞ്ഞുവരുന്നത് ഈയടുത്ത കാലത്തു നടന്ന ഫൊക്കാനാ-ഫോമ കണ്‍വന്‍ഷനുകളെപ്പറ്റിയാണ്. പലരും ചവച്ചു തുപ്പിയ ആ പഴങ്കഥ ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. 'എന്തെന്തു മോഹങ്ങളായിരുന്നു. എത്രയെത്ര കിനാവുകളായിരുന്നു.' ഭാരവാഹികള്‍ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ കണ്‍വന്‍ഷന്‍ കഴിഞ്ഞപ്പോള്‍ 'പവനായി ശവമായി. ന്തൈാരു ബഹളമായിരുന്നു. മെഷീന്‍ ഗണ്‍, മലപ്പുറം കത്തി, ബോംബ്-ഒലക്കേടെ മൂട്്-' എന്നും പറഞ്ഞതു പോലെയായി കണ്‍വന്‍ഷനുകള്‍ രണ്ടും. ഫൊക്കാനാ-ഫോമ നേതൃത്വനിരയുമായി എനുക്കു നല്ല ബന്ധമാണുള്ളത്- ഞാനും ഭാരവാഹിയായിരുന്നിട്ടുണ്ട്. ഒരു കണ്‍വന്‍ഷന്‍ പരാജയപ്പെടുത്തുവാന്‍ സംഘാടകരാരും തുനിയുകയില്ല എന്നു വിശ്വസിക്കുന്നു. എങ്കിലും പാളിച്ചകള്‍ പറ്റിയത് എവിടെയാണെന്നു അടുത്ത കമ്മറ്റിക്കാരെങ്കിലും ഒന്നു പരിശോധിച്ചാല്‍ നല്ലത്.

 

അല്ല, മാഷ് എന്താണു ഈ പറഞ്ഞു വരുന്നത്. അടുത്ത കമ്മറ്റിക്കാര്‍ എന്നു പറയുവാന്‍ പറ്റുമോ? 'ഫൊക്കാനാ' യില്‍ തിരഞ്ഞെടുപ്പു നടന്നില്ലല്ലോ? അവിടെ ഇ്‌പ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയല്ലേ? എന്റെ പൊന്നു പാപ്പാന്‍ന്മാരെ എങ്ങിനെയെങ്കിലും ഈ ജനാധിപത്യ പ്രക്രിയ ഒന്നു നടത്തണമോ! അല്ലെങ്കില്‍ അമേരിക്കന്‍ മലയാളികള്‍, അവരെ നയിക്കുവാന്‍ നേതാക്കന്മാരില്ലാതെ കുഴഞ്ഞു പോകും. ജനപങ്കാളിത്തം കൊണ്ട് സംഭവം ഒരു മഹാസംഭവമായിരുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്. എങ്കിലും ഒരു സംശയം- ഇത്രയധികം താരങ്ങളെ അണി നിരത്തി, അവരെ സാഷ്ടാംഗ പ്രണാമം നടത്തി ആദരിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? രണ്ടു വാക്കു സംസാരിക്കുവാന്‍ കഴിവുള്ള ഒരു സിനിമാ താരത്തിനെ കൊണ്ടു വരുന്നതില്‍ തെറ്റില്ല- താരങ്ങള്‍, ആരാധകര്‍ക്ക് എന്നും ഒരു വീക്ക്‌നെസ് ആണല്ലോ! സുരേഷ്‌ഗോപിയും, ദിലീപും പരസ്പരം പുറം ചൊറിഞ്ഞതിനെയാണോ 'സ്റ്റാര്‍ ഷോ' എന്നു വിശേഷിപ്പിച്ചത്?

 

 

അത്തരം കോപ്രായങ്ങള്‍ നടത്തുവാന്‍ ഇവിടെ ധാരാളം സ്‌പോണ്‍സേഴ്‌സുണ്ട്. ഏറ്റെടുത്തു നടത്തുവാന്‍ പള്ളിക്കാരും-പിന്നെയെന്തിനീ പാഴ് വേലക്കു പോകുന്നു? അന്തരിച്ച മുന്‍ പ്രസിഡന്റ് കെ.ആര്‍.നാരായണന്‍, ലണ്ടന്‍ ഇന്‍ഡ്യന്‍ കമ്മീഷ്ണര്‍ ഡോ.സെയ്ദ് മുഹമ്മദ്, വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പുള്ള, അന്തരിച്ച മുന്‍ മുഖ്യന്ത്രി ഈ.കെ.നായനാര്‍, മാര്‍ത്തോമ്മാ വലിയ മെത്രപ്പോലീത്ത മാര്‍ ക്രിസോസ്റ്റം, മണ്‍ മറഞ്ഞു പോയ മക്കാറിയോസ് തിരുമേനി, ഡോ.ബാബു പോള്‍, സ്വര്‍ഗ്ഗീയ ഗായകന്‍ യേശുദാസ് തുടങ്ങിയവര്‍ അലങ്കരിച്ച വേദികളാണ് ഈ അലവലാതികള്‍ അലങ്കോലപ്പെടുത്തിയത്. 'ഫോമാ' കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനുള്ള ഒരു അസുലഭ ഭാഗ്യം എനിക്കു ലഭിച്ചു. എന്റെ യാത്രയുടെ തുടക്കം മുതലേ തകരാറിലായിരുന്നു. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതിരുന്നിട്ടു കൂടി രണ്ടു മണിക്കൂര്‍ താമസിച്ചാണു ന്യൂവാര്‍ക്കില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. ആരംഭം മുതല്‍ ഇന്നുവരെയുള്ള മിക്കവാറും എല്ലാ കണ്‍വന്‍ഷനുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഹോട്ടലില്‍ ചെന്നാലുടന്‍ മുറിയുടെ താക്കോല്‍ വാങ്ങി, ഒരു കുളി പാസ്സാക്കി, രണ്ടെണ്ണം വീശിയിട്ട്, ലോബിയിലെത്തി, പഴയ കൂട്ടുകാരോടൊക്കെ കുശലം പറഞ്ഞതിനു ശേഷം രജിസ്‌ട്രേഷന്‍ പാക്കേജ് വാങ്ങിക്കുകയായിരുന്നു ഒരു പതിവ്-ഇതുവരെ!

 

എന്നാല്‍ മയാമിയിലെ 'ഫോമ' കണ്‍വന്‍ഷന്‍ നടക്കുന്ന ബീച്ച് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍, കുടുംബസമേതം രാവിലെ തന്നെ എത്തിയവര്‍ പോലും മുറി കിട്ടാതെ മുഷിഞ്ഞിരിക്കുകയാണ്. പ്രിന്റബിള്‍ അല്ലാത്ത പല വാക്കുകളും പലരും, ഇംഗ്ലീഷിലും, മലയാളത്തിലും, തമിഴിലുമായി പേശുന്നുണ്ട്. ആരു കേള്‍ക്കാന്‍? നീണ്ട കാത്തിരുപ്പിനു ശേഷം ഞങ്ങള്‍ക്കും ഒരു മുറി കിട്ടി. ദോഷം പറയരുതല്ലോ! അത് ഒരു ഒന്നൊന്നര മുറിയായിരുന്നു. രണ്ടു ബെഡാണ് റൂം ബുക്ക് ചെയ്തപ്പോള്‍ ആവശ്യപ്പെട്ടിരുന്നത്. മൂന്നു ദിവസമെങ്കിലും പ്രിയതമയുടെ ചവിട്ടും തൊഴിയും ഒന്നും കൊള്ളാതെ, പ്രിയതമയുടെ സന്നിധിയില്‍ നിന്നും ഒന്നു മാറിക്കിടക്കാമല്ലോ എന്നൊരു ആശ-ചുമ്മാ! അനുവദിച്ചു കിട്ടിയത് ഒരു സിംഗിള്‍ ബെഡ്- നാലോ അഞ്ചോ നക്ഷ്ത്രപദവിയുള്ള ആ ഹോട്ടലിലെ ബാത്ത്‌റൂമില്‍ ബാത്ത്ടബ് ഇല്ല- സ്റ്റാന്‍ഡിംഗ് ഷവര്‍ മാത്രം . ടോയിലറ്റില്‍ ടിഷ്യൂ ഹോള്‍ഡറില്ല-ഫ്രഡി ജില്ല- ടി.വി.ഇല്ല. ഞാനീ പറയുന്നതെല്ലാം അമ്മയാണെ സത്യം. ഇതിനിടയില്‍ ഇതെല്ലാം എന്റെ കഴിവുകേടു കൊണ്ടാണ് സംഭവിച്ചത് എന്നു വരുത്തിത്തീര്‍ക്കുവാന്‍ ഒരു ശ്രമം എന്റെ ഭാര്യ നടത്തി.

 

 

അതിനു നമ്മുടെ മലയാളി സ്ത്രീകള്‍ക്ക് ഒരു പ്രത്യേകം കഴിവുണ്ട്- അവരുടെ അശ്രദ്ധ മൂലം എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ തന്നെ, എങ്ങനെയെങ്കിലും അവര്‍ അതിന്റെ പഴ ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെയ്ക്കും. അതിനുള്ള മറുപടി അപ്പോള്‍ തന്നെ കൊടുത്തതു കൊണ്ട് അന്തരീക്ഷം ശാന്തമായി-ഈ വക ആഢംബരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണല്ലോ നമ്മളില്‍ പലരും ജനിച്ചു വളര്‍ന്നത്. ഏതെങ്കിലും ഒരു പരിപാടി വിജയിക്കണമെങ്കില്‍ അതിന്റെ അന്‍പതു ശതമാനം ക്രെഡിറ്റും ഭക്ഷണ ക്രമീകരണത്തിനാണ്- കല്യാണമായാലും, കണ്‍വന്‍ഷനായാലും!('സുഖകരമായ താമസം- രുചികരമായ ഭക്ഷണം'- ഇതാണു ഇത്തവണത്തെ ഒരു പെന്തക്കോസ്തു കണ്‍വന്‍ഷന്റെ പരസ്യവാചകം) ബ്രേക്ക് ഫാസ്റ്റും സിറ്റ്ഡൗണ്‍ ഡിന്നറുമാണ് ഫോമാ കണ്‍വന്‍ഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ദിവസത്തെ ഡിന്നറിനു ചിക്കനും പാസ്റ്റായും- കേരളത്തില്‍ റബറിനു വില കുറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, റബര്‍ ചിക്കനും, ഒട്ടുപാല്‍ പോലെ വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ ചുരുങ്ങുന്നതുമായ സ്പാഗറ്റി-ഒഴിക്കാന്‍ ഗ്രേവിയില്ല-കുടിക്കാന്‍് വെള്ളമില്ല- 'വേണമെങ്കില്‍ കഴിച്ചിട്ടു പോടാ' എന്ന രീതിയിലുള്ള പെരുമാറ്റം- ്അടുത്ത ദിവസത്തെ ബ്രേക്ക് ഫാസ്റ്റും റബര്‍മയമായിരുന്നു. റബര്‍ സ്ട്രാബിള്‍ഡ് എഗ്ഗും റബര്‍ സോസേജും ഏതായാലും ഹോട്ടലിന്റെ തൊട്ടടുത്ത സ്ട്രീറ്റില്‍ ധാരാളം വിവിധതരത്തിലുള്ള റെസ്‌റ്റോറന്റുകള്‍ ഉണ്ടായിരുന്നതിനാല്‍, അവരവര്‍ക്കിഷ്ടമുള്ള ഭക്ഷണം വാങ്ങിക്കുവാനുള്ള സൗകര്യം ലഭിച്ചു. ബാങ്ക്വറ്റിന്റെ കാര്യം വളരെ പരിതാപകരമായിരുന്നു.

 

യാതൊരു ക്രമീകരണവുമില്ല. ടേബിളിന്റെ നമ്പരൊക്കെ ക്രമം തെറ്റി എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ബാങ്ക്വറ്റ് കൂപ്പണില്‍ നമ്പരില്ല- അവരവര്‍ക്കിഷ്ടമുള്ള ടേബിളിലിരിക്കുവാന്‍ മാനേജരുടെ കല്പന വന്നു. സാധാരണ Main Entree-ക്കു മുന്‍പായി ലഭിക്കുന്ന സൂപ്പോ, സാലഡോ, ബ്രെഡോ ഒന്നുമില്ല-സില്‍വര്‍ വെയറു പോയിട്ട് പാല്സ്റ്റിക്ക് വെയറു പോലുമില്ല-അഭയാര്‍ത്ഥികളോടെയെന്ന പോലെയായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ പെരുമാറ്റം- പ്രധാനമന്ത്രി നരേന്ദ്രമോഡി, കേരളത്തെ സോമാലിയായോടു ഉപമിച്ചതില്‍ വലിയ തെറ്റില്ലെന്നു തോന്നിപ്പോയ നിമിഷങ്ങള്‍. സമാപനസമ്മേളനത്തില്‍ മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞെതെന്താണെന്ന്, അദ്ദേഹത്തിനോ, കേള്‍വിക്കാര്‍ക്കോ മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല- നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനം, ആവര്‍ത്തന വിരസമായിരുന്നെങ്കിലും, ഒറ്റയ്ക്ക് അത്രയുമൊക്കെ കാട്ടികൂട്ടിയ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

 

 

എന്റെ നല്ല സുഹൃത്തും ഫോമാ പ്രസിഡന്റുമായിരുന്ന ബഹുമാനപ്പെട്ട ആനന്ദന്‍ നിരവേലിനോടൊപ്പമാണ് ഞാന്‍ ഒരു നേരം ഭക്ഷണം കഴിച്ചത്. 'എന്തു ചെയ്യാനാണു രാജു-ഹോട്ടലുകാര്‍ നമ്മളെ ചതിക്കുകയായിരുന്നു. പണമെല്ലാം മുന്‍കൂര്‍ കൊടുത്തിരുന്നു. മുറിയുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അവര്‍ നമ്മളെ വഞ്ചിക്കുകയായിരുന്നു-' ആനന്ദന്റെ ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായി പറഞ്ഞതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. 'ലാഭമുണ്ടാക്കി കാണിക്കാം' എന്നു പറഞ്ഞ ആനന്ദന്റെ പോക്കറ്റില്‍ നിന്നും പോയത് നാല്പതിനായിരം. കണ്‍വന്‍ഷന്‍ നടത്തി ലാഭമുണ്ടാക്കി കാണിക്കുവാന്‍ ഇതു മരക്കച്ചവടമൊന്നും അല്ലായെന്ന് ഇനി ചുമതല ഏല്‍ക്കുന്ന ഭാരവാഹികളെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്. അറിഞ്ഞും അറിയാതെയും ദേശീയ നേതൃത്വത്തില്‍പ്പെട്ട പലരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാനല്‍ എന്ന പാരയുടെ ഇരകളായി- തങ്ങളുടെ താളത്തിനൊത്തു തുള്ളുന്ന ഒരു ഡമ്മി കമ്മിറ്റി കൊണ്ടു വരികയായിരുന്നു ലക്ഷ്യം.

 

 

അതിനു വേണ്ടി അവര്‍ പല കുതന്ത്രങ്ങളും മെനഞ്ഞു. അവസാനം 'ബൂംറാംഗ്' പോലെ അതു തിരിച്ചടിച്ചു. ഡെലിഗേറ്റ്‌സ് തിരഞ്ഞെടുപ്പിലൊക്കെ കാണിച്ച നെറികേട് ജനങ്ങള്‍ തിരിച്ചറിച്ചു. അടുക്കള വാതിലനപ്പുറം കാണാത്ത ഭാരവാഹികളുടെ ഭാര്യമാരെ വരെ ഡെലിഗേറ്റ്‌സാക്കി. ഇതു മൂലം പല പ്രാദേശിക സംഘടനകളിലും ഭിന്നിപ്പുണ്ടായി. നല്ലതുപോലെ നടത്തിപ്പോന്നിരുന്ന പല പരിപാടികളും 'ഫോമ' തിരഞ്ഞെടുപ്പിന്റെ ചൂടു കാരണം ഉപേക്ഷിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമായിപ്പോയി. ഫൊക്കാനാ-ഫോമാ കണ്‍വന്‍ഷനുകള്‍ ഇത്തവണ ഇലക്ഷന്‍ ഓറിയന്റ്ഡ് ആയിപ്പോയതാണു. താളപ്പിഴകളുടെ കാരണം എന്നാണു പൊതുവേയുള്ളൂ വിലയിരുത്തല്‍! എങ്കിലും ആസനത്തില്‍ ആലുകിളിച്ചാല്‍ അതും ഒരു തണലായി കണക്കാക്കുന്ന നേതാക്കന്മാര്‍ പലരും, കണ്‍വന്‍ഷനുകള്‍ വന്‍ വിജയമായിരുന്നു എന്ന പ്രസ്താവനകളും ഫോട്ടോകളുമായി പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു- 'കഷ്ടം-മഹാകഷ്ടം' എന്നല്ലാതെ എന്തു പറയുവാന്‍?

 

(അവസാനിക്കുന്നില്ല)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.