'ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ
ഈശ്വരന് ജനിക്കും മുന്‍പേ
പ്രകൃതിയും കാലവും ഒരുമിച്ചു പാടി
... പ്രേമം...ദിവ്യമാമൊരനുഭൂതി'-
സത്യം പറഞ്ഞാല്‍ ഈ പ്രേമമെന്നു പറയുന്നത് ഒരു മഹാ സംഭവമാണ്. ഈ ദുനിയാവിലെ ജീവിതം പൂര്‍ണ്ണമാകണമെങ്കില്‍, ഒരിക്കലെങ്കിലും ഈ വികാരം ഒന്നനുഭവിച്ചറിഞ്ഞിരിക്കണം. പ്രേമിക്കാതെ ആരെങ്കിലും മരിച്ചു പോയിട്ടുണ്ടെങ്കില്‍, അവര്‍ ഭൂമിയിലേക്കു തിരിച്ചു വന്ന് ഈ ഒരു ഇടപാടു കൂടി തീര്‍ത്തിട്ടു തിരിച്ചു പോകണമെന്നാണ് എന്റെ അഭിപ്രായം. പ്രേമം എപ്പോള്‍, എവിടെ, എങ്ങിനെ സംഭവിക്കുന്നു എന്നു കൃത്യമായി പ്രവചിക്കുവാന്‍ കഴിയുകയില്ല. അതങ്ങു സംഭവിക്കുകയാണ്. പിന്നെ മനസ്സിലൊരു സുനാമിത്തിരിയിളക്കമാണ്. എനിക്കുമുണ്ടായിരുന്നു ഒരു പ്രേമം. വിദൂരമായ ഓര്‍മ്മകള്‍ എന്നെ കൊണ്ടു ചെല്ലുന്നത് കതോലിക്കേറ്റു കോളേജിലെ വിരസമായ ഒരു ക്ലാസ് റൂമിലേക്കാണ്. അക്കാമ്മ സാര്‍ അറഞ്ഞു വെച്ച് ബ്രിട്ടീഷ് ഹിസ്റ്ററി പഠിപ്പിക്കുകയാണ്. 'ബ്രിട്ടീഷുകാരുടെ ചരിത്രം അറിഞ്ഞിട്ട് എന്നാ കോപ്പു കിട്ടാനാ?' എന്ന ആറ്റിറ്റിയൂഡ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക്. ഉച്ചയൂണു കഴിഞ്ഞുള്ള ക്ലാസായതിനാല്‍ പലരും ഒരു ഉറക്കമൂഡിലാണ്. ബുക്കിലേക്കു നോക്കിയിരിക്കുന്ന ഭാവത്തില്‍, തലയ്ക്കു കൈയും കൊടുത്തു ഞാനൊന്നു ചരിഞ്ഞു നോക്കി. സ്വാഭാവികമായും നോട്ടം ചെന്നെത്തിയത് പെണ്‍കുട്ടികളുടെ സൈഡിലേക്കാണ്.
കാണാന്‍ കൊള്ളാവുന്ന ചരക്കുകള്‍ വല്ലതുമുണ്ടെങ്കില്‍ വെറുതെ നോക്കിയിരിക്കാമല്ലോ..! ചുമ്മാ ഒരു ടൈം പാസ്. അന്ന് ഇന്നത്തെ പോലെ ജീന്‍സും, ലെഗിന്‍സും പോയിട്ട് സല്‍വാര്‍ കമ്മീസു പോലും പെണ്‍കുട്ടികളുടെ വേഷവിധാനത്തില്‍ ഇടം പിടിച്ചിരുന്നില്ല. മിക്കവാറും എല്ലാം ഹാഫ് സാരിക്കാരാണ്. കൂട്ടത്തില്‍ വളര്‍ച്ചമുറ്റാത്ത മൂന്നാലു പാവാടക്കാരും, അമിത വളര്‍ച്ചയുള്ള നാലഞ്ചു ഫുള്ളുമുണ്ട്. ഒരു ഹാഫ് സാരിക്കാരിയുടെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി ഒന്നു കൂട്ടിമുട്ടിയോ എന്നൊരു സംശയം. പെട്ടെന്നു ഞാനെന്റെ കണ്ണുകള്‍ പിന്‍വലിച്ചു. എങ്കിലും അവളെ ഒന്നു കൂടിയൊന്നു നോക്കുവാന്‍ ഒരാകാംക്ഷ. വരുന്നതുവരട്ടെ എന്നു കരുതി ധൈര്യം സംഭരിച്ച് ഞാന്‍ വീണ്ടും നോക്കി. അവള് എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. എന്റെ മുഖത്തും ചിരി പോലെ എന്തോ ഒന്ന് പടര്‍ന്നു കാണണം. മേലാസകലം ആകപ്പാടെ ഒരു പെരുപ്പ്, ഒരു കുളിര്, ഒരു ആനന്ദം, ഒരു ഉന്മാദം, ഒരു ആഹ്ളാദ ലഹരി. മല്ലികാ ബാണന് തന്റെ വില്ലെടുത്ത്, മന്ദാര മലര് കൊണ്ടു ശരം തൊടുത്തു. മാറിലും മനസ്സിലും മധുരതരമാം ഒരു വേദന. കാമദേവന് കടാക്ഷിച്ചിരിക്കുന്നു. പ്രേമം ക്ലിക്ഡ്!
പിന്നെ എവിടെ തിരിഞ്ഞാലും ഓര്‍മ്മ തന് ഭിത്തിയില്‍ ഒരു ചിരി മാത്രം, ഒരു മുഖം മാത്രം...ഗിരിജാ നായര്‍! പിന്നെ പ്രേമത്തിന്റെ പഴയകാല തിരക്കഥ പതിവു പോലെ. കത്തു കൊടുക്കല്‍, ക്ലാസ് കട്ടിംഗ്, മോണിംഗ് ഷോ...ഇണക്കം... പിണക്കം ആകപ്പാടെ ഒരു ഓളം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പലപ്പോഴും അവളോടൊന്നു സംസാരിക്കുവാന്‍, ആ മുഖമൊന്നു കാണുവാന്‍ കൊതിച്ചിട്ടുണ്ട്. എവിടെ...? ഒന്നു സംസാരിക്കുവാന്‍ ലാന്‍ഡ് ഫോണ്‍ പോലുമില്ലാത്ത കാലമാണ്. കുറച്ചു കൂടി ഒന്നു ആഞ്ഞു പിടിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ ഞാന്‍ തന്നെ അന്നു സ്മാര്‍ട്ട് ഫോണ്‍ കണ്ടു പിടിച്ചേനേ! ഞങ്ങളുടെ അനുരാഗ നദി ഒരു മുട്ടത്തു വര്‍ക്കി നോവല്‍ പോലെ അങ്ങിനെ ഒഴുകിക്കൊണ്ടിരുന്നു. അവസാനം എല്ലാ കാമുകന്മാരും കേള്‍ക്കാന്‍ കൊതിക്കുന്ന, കാത്തിരുന്ന ചോദ്യവുമെത്തി. 'എന്താ ഞങ്ങളുടെ വീട്ടിലേക്കൊന്നു വരുന്നോ?' എന്റെ മനസ്സിലൊരു ഇടിവെട്ടി...തലയിലിലൊരു ലഡു പൊട്ടി. തൊണ്ടയില്‍ മുള്ളുവേലി കെട്ടിയതു പോലെ, വാക്കുകള്‍ കുരുങ്ങി. 'ഓ- ഞങ്ങളു പാവങ്ങളായതു കൊണ്ട് വരുവാന്‍ മടിയായിരിക്കും. നിങ്ങളൊക്കെ വലിയ പണക്കാരല്ലേ!' ഗിരിജയുടെ പരിഭവം അവരത്ര പാവങ്ങളുമല്ല, ഞങ്ങള്‍ പണക്കാരുമല്ല.
എങ്കിലും ഈ പതിവു ഡയലോഗ് പ്രേമത്തിന്റെ ഒരു ഭാഗമാണല്ലോ! അങ്ങിനെ അതിനൊരു തീരുമാനമായി. ഗിരിജയുടെ വീടു മലയാലപ്പുഴയിലാണ്. മൈലപ്രായില്‍ നിന്നും ഏകദേശം ഒരു മൂന്നു മൈല്‍ മല കയറിയാല്‍ മലയാലപ്പുഴയിലെത്താം. അക്കാലത്തു അവിടെ എത്തിപ്പെടുവാന്‍ ഒരു നല്ല വഴി പോലുമില്ല. ഒന്നോ രണ്ടോ ബസ് സര്വ്വീസുള്ളതു കുമ്പഴ വഴി മാത്രം. വീട്ടുപേരും, അടയാളങ്ങളും, ലൊക്കേഷനുമെല്ലാം ഗിരിജ വിശദമായി പറഞ്ഞു തന്നു. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിനടുത്താണ്. പന്തുകളി പ്രമാണിച്ച് രണ്ടു മൂന്നു തവണ അവിടെ പോയിട്ടുണ്ട്. എന്റെ അടങ്ങാത്ത അഭിലാഷം, വീടു കണ്ടു പിടിയ്ക്കാമെന്നുള്ള ഉറപ്പ് നല്കി. അങ്ങിനെ കാത്തുകാത്തിരുന്നു ആ സുദിനം വന്നെത്തി. വീട്ടില്‍ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷം, ഞാന്‍ എന്റെ വലതുകാല്‍ മുറ്റത്തു വെച്ചു. യാത്ര തുടങ്ങുകയാണ്. ഒരു ചെറിയ ചാറ്റല്‍ മഴയുണ്ട്. ഞങ്ങളുടെ പ്രേമ സാക്ഷാല്‍ക്കാരത്തിനു പ്രകൃതീ ദേവി പനിനീരു തളിക്കുന്നതു പോലെ! ചെറിയൊരു പാടം കടന്നു വേണം റോഡിലെത്തുവാന്‍. ഒരു പുളവന്‍ വരമ്പിനു കുറുകേ കിടക്കുന്നു. ആ സമയത്തു പുളവനല്ല, സാക്ഷാല്‍ രാജവെമ്പാല വന്നാല്‍ പോലും ഞാന്‍ പിന്നോട്ടു പോകുന്ന പ്രശ്നമില്ല. പാടം കഴിഞ്ഞു ചെറിയൊരു തോട്. പര്ത്തലഷടിക്കാരുടെ വീടിന്റെ തെക്കേ പറമ്പിലൂടെ ഞാന്‍ റോഡിലെത്തി. പെട്ടെന്നു പൊടിയന് പുലയന്റെ കുടിലിനു മുന്നില്‍ നിന്നും ഒരു പട്ടിയുടെ കുര. ആ പട്ടി ഒന്നു കുരച്ചു. ആ പട്ടിയും, നാല്പതു പട്ടികളും, ശിഷ്യന്മാരും ഒന്നിച്ചു കുരച്ചു. മൈലപ്രായില്‍ ഇത്രയധികം പട്ടികളോ?
ഇവിടെയെന്താ പട്ടികളുടെ സംസ്ഥാനസമ്മേളനം നടക്കുകയാണോ...? അടുത്തത് രണ്ടാം വളവാണ്. അക്കാലത്തു ആ പരിസരത്തെങ്ങും വീടില്ല. ഒന്നു രണ്ടു ദുര്‍മരണങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. അവരുടെ ആത്മാക്കള്‍ ഒരു ഗതിയും പരഗതിയും കിട്ടാതെ അവിടെ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നുണ്ടത്രേ! കൂട്ടത്തില്‍ കരിമ്പനയും, പാലമരവും...കക്ഷികള്‍ രാത്രി യാത്രക്കാരോടു ചുണ്ണാമ്പു ചോദിക്കും പോല്‍. ഈ യക്ഷികള്‍ക്ക് വെറ്റില മുറുക്കാന്‍ ഇത്ര താല്പര്യമാണെങ്കില്, കുറച്ചു ചുണ്ണാമ്പു കൂടി കരുതരുതോ? അശ്രീകരങ്ങള്. പാലപ്പൂവിന്റെ മണം, പട്ടികളുടെ ഓലിയിടല്‍, വെള്ളത്തിന്റെ ഇരമ്പല്‍...നല്ല സെറ്റപ്പ്...എന്റെ മുട്ടുകള്‍ കൂട്ടിയിടിക്കുവാന്‍ തുടങ്ങി. അനവസരത്തില്‍ മുട്ടുകളുടെ ഒരു തമാശ. പനങ്കുല പോലെ മുടിയുള്ള, പാദം നിലത്തു സ്പര്‍ശിക്കാതെ നടക്കുന്ന യക്ഷികളുടെ വാസസ്ഥലം കരിമ്പനയ്ക്കു മുകളിലാണ്. ഭയം എന്റെ ചുറ്റും വട്ടം കറങ്ങി. 'പത്മരാഗ പടവുകള്‍ കയറീ വര പഥിക-ഏകാന്ത പഥിക- അരമനയില്‍ ഈ അരമനയില്‍ അതിഥിയായ് വരൂ-' ഗിരിജാ നായര്‍ എന്ന യക്ഷി എന്നെ മാടി വിളിക്കുന്നു. ആ പ്രലോഭനച്ചരടില് പിടിച്ചു ഞാന്‍ മറുകര എത്തി. മണ്ണാറക്കുളഞ്ഞിയില്‍ എത്തിയപ്പോള്‍, ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടു നാലഞ്ചു പേര് തെക്കോട്ടു വരുന്നു. ചന്ത കഴിഞ്ഞ് കടയടച്ചിട്ടുള്ള വരവാണ്. കൈയില്‍ എരിയുന്ന ചൂട്ടു കറ്റ, അവരുടെ കണ്ണില്‍ പെടാതെ മൂത്രമൊഴിക്കാനെന്ന ഭാവത്തില്‍ ഞാന്‍ കുത്തിയിരുന്നു. സാര്‍ത്ഥക സംഘം എന്നെ കടന്നു പോയി.
ആശ്വാസത്തോടെ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ അവരിലൊരാള്‍ തിരിഞ്ഞു നിന്നു, 'രാജുവേ എങ്ങോട്ടാടാ ഈ പാതിരായ്ക്ക്...? രാവിലെ ഞാന്‍ അച്ചായനെ ഒന്നു കാണട്ടെ. നിന്റെ കള്ളക്കളി ഞാന്‍ നിര്‍ത്തുന്നുണ്ട്.' തോട്ടപ്പുഴ മാത്തുകുട്ടിയുടെ ശബ്ദം. ഇവനാരാ, സദാചാര പോലീസോ...? നീയൊന്നു പോടാ പുല്ലേ, എന്നു മനസ്സില്‍ പറഞ്ഞു വിലക്കപ്പെട്ട കനി ഭക്ഷിക്കുവാനുള്ള ആ പ്രേമ ഭ്രാന്തിനിടയില്‍ അപ്പനേപ്പോലും അളിയാ, എന്നു വിളിക്കുവാനുള്ള മൂഡിലാണു ഞാന്‍. മണ്ണാറക്കുളഞ്ഞിയില്‍ നിന്നും വലത്തോട്ടുള്ള വഴിയേ മലയാലപ്പുഴയിലേക്ക്. മഴ മാറി, നിലാവു പരന്നു. എന്റെ വരവിനെ വിളംബരം ചെയ്തു കൊണ്ട് വഴിനീളെ പട്ടികള്‍ കുരച്ചു രസിച്ചു. പല കടമ്പകള്‍ കടന്ന് ഒടുവില്‍ ഞാനവിടെയെത്തി. ഗിരിജ പറഞ്ഞ അടയാളങ്ങള്‍ വെച്ച് വീടു കണ്ടു പിടിച്ചു. മുറ്റത്തു നില്ക്കുന്ന തൈമാവ്, അതില്‍ പടര്‍ന്നു കയറിയ മുല്ലവള്ളികള്‍. തൊട്ടടുത്തു ചുവന്ന പൂക്കളുമായി ചെമ്പരത്തി. പിന്നാമ്പുറത്തെ ജനാല തുറന്നിട്ട്, ഉറങ്ങാതെ അവിടെ കാത്തിരിക്കാമെന്നായിരുന്നു ഗിരിജയുടെ ഉറപ്പ്.
തുറന്ന ജാലകത്തിലൂടെ പുറത്തേക്കു അരിച്ചിറങ്ങുന്ന അരണ്ട വെളിച്ചം. ഗിരിജ മേശപ്പുറത്തു തലവെച്ചുറങ്ങുകയാണെന്നു തോന്നുന്നു. കാത്തു കാത്തിരുന്നു കണ്ണുകള്‍ കഴച്ച് പാവം ഉറങ്ങിപ്പോയതായിരിക്കാം. എന്റെ മോഹങ്ങള്‍ പൂവണിയുവാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...അതിന് അവളെ ഉണര്‍ത്തണമല്ലോ..! പൂച്ച കരയുന്നതു പോലെ, ഈണത്തില്‍ രാഗത്തില്‍ ഞാന്‍ 'മ്യാവൂ' എന്നു കരഞ്ഞു. രണ്ടു മൂന്നു 'മ്യാവൂ' കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല...ഞാന്‍ വോളിയം അല്പമൊന്നു കൂട്ടി ഒരു 'മ്യാവൂ' കൂടി കാച്ചി. ഒരു കിറുകിറാ ശബ്ദത്തോടെ വീടിന്റെ ഏതോ ഒരു വാതില്‍ തുറക്കപ്പെട്ടു. 'ആരാടാ അവിടെ..?' ഒരു ദയയും പ്രതീക്ഷിക്കാനാവാത്ത പരുക്കന്‍ ശബ്ദം 'ഒരു പാവം പൂച്ചയാണേ...!'
പേടിച്ചരണ്ട എന്റെ മറുപടി 'പിന്നേ, എത്ര പൂച്ചയാ പാതിരാത്രിയില്‍ മലയാലപ്പുഴയില്‍ ബനിയനിട്ടു കൊണ്ടു നടക്കുന്നത്, ഗോപാലാ നീ ആ ഉലക്ക ഇങ്ങെടുത്തേ.' അടുത്ത വാചകം വരുന്നതിനു മുന്‍പു ഞാന്‍ മൈലപ്രായിലെത്തി കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു. ഇത്രയുമൊക്കെ ദുര്ഘടങ്ങള് നേരിട്ടിട്ടും, അന്നു രാത്രിയില്‍ എന്റെ സ്വപ്നത്തില്‍ താമരപ്പൊയ്കയില്‍ പറന്നിറങ്ങിയ അരയന്നത്തിന്റെ പേര് ഗിരിജാ നായരെന്നായിരുന്നു. അതാണ് പരിശുദ്ധ പ്രേമത്തിന്റെ ഒരു ശക്തി..!
Comments