You are Here : Home / Editorial

'ഈ. ശ്രീധരനാണു താരം-'

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, June 16, 2017 11:18 hrs UTC

കൊച്ചി മെട്രായുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അതിന്റെ മുഖ്യശില്പിയായ ഇ.ശ്രീധരനെ ഒഴിവാക്കിയത് ആരുടെയോ അറിവില്ലായ്മയോ, അല്പത്തരമോ അല്ലെങ്കില്‍ അഹങ്കാരമോ ആണ്. മെട്രോയുടെ പിതൃത്വ അവകാശം ഏറ്റെടുക്കുവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നാണം കെട്ട മത്സരം നടത്തുകയാണിപ്പോള്‍. കേരളത്തിന്റെ ശാപമായി മാറിക്കഴിഞ്ഞ Flex Board കള്‍, എട്ടുകാലി മമുഞ്ഞുകളുടെ ആസനത്തില്‍ ആലുകിളര്‍ത്തു നില്‍ക്കുന്ന ചിരിക്കുന്ന മുഖങ്ങളുമായി നഗരവീധികളെ അലങ്കോലപ്പെടുത്തുകയാണ്. അധികം താമസിയാതെ മുറിലിംഗ സ്വാമിയുടെ ഫ്‌ളെക്‌സുകളും പ്രതീക്ഷിയ്ക്കാം. തുടക്കത്തില്‍ വികസനത്തെ എതിര്‍ക്കുകയും, അതു നടപ്പിലായിക്കവിയുമ്പോള്‍, ഇതു ഞങ്ങളുടെ നയം, നടപ്പിലാക്കിയാത് എതിര്‍പക്ഷം- അതുകൊണ്ട് ഇതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടത്- രണ്ടുക്കൂട്ടരും തമ്മില്‍ മത്സരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലവും, കോടിക്കണക്കിനു സമ്പത്തും. ആദ്യകാലത്ത് യന്ത്രകലപ്പയും, കമ്പ്യൂട്ടറും -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നഖശിഖാന്തം എതിര്‍ത്തിരുന്നു.

 

 

എന്നാല്‍ ഇന്നു വിദ്യുഛക്തി എന്നു കുറഞ്ഞത് മൂന്നു തെറ്റെങ്കിലും കൂടാതെ എഴുതുവാന്‍ കഴിവില്ലാത്ത കേരളത്തിന്റെ സാംസ്‌കാരിക നായകനായ എം.എം.മണി പോലും 'ലാപ്‌ടോപ്' മായിട്ടാണു നടപ്പ്. നെടുമ്പാശ്ശേരി ഏയര്‍പോര്‍ട്ടിനെതിരെ തുടക്കത്തില്‍ എന്തെല്ലാം എതിര്‍പ്പുകളാണുണ്ടായത്- 'ഇവിടെ വിമാനമിറങ്ങുമെങ്കില്‍ അതു തന്റെ നെഞ്ചത്തുക്കൂടി ആയിരിക്കുമെന്നു' വരെ വീമ്പിളക്കിയവര്‍ ഉണ്ട്. വി.ജെ.കുര്യന്‍ എന്ന ഒരൊറ്റ വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണു ഇന്നു കാണുന്ന കേരളത്തിന്റെ അഭിമാനമായ 'നെടുമ്പാശ്ശേരി വിമാനത്താളം!' കുര്യനേപ്പോലും ഒരു ഇടവേളയില്‍ അതിന്റെ ചുമതലയില്‍ നിന്നും ഇളക്കിമാറ്റിയിരുന്നു. എല്ലാ പദ്ധതികളും കേരളാ മുഖ്യമന്ത്രിയോ, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയോ ഉദ്ഘാടനം ചെയ്യണമെന്നില്ല- അമേരിക്കയില്‍ എത്രയോ പ്രോജക്റ്റുകള്‍ ആരോരുമറിയാതെ പണിപൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ച ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്ത ന്യൂജേഴ്‌സി-ന്യൂയോര്‍ക്കു പാലം- പാലം തുറന്ന കാര്യം പ്രഭാത വാര്‍ത്തകളില്‍ക്കൂടി മാത്രമാണു ജനമറിയുന്നത്. ആര്‍ക്കുമൊരു പരാതിയുമില്ല-പരിഭവുമില്ല.

 

 

 

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വേദി പങ്കിടുന്നവരുടെ എണ്ണം തീര്‍ച്ചയായും പരിമിതപ്പെടുത്തിയിരിക്കണം. പക്ഷേ അത് അര്‍ഹിക്കുന്ന വ്യക്തികള്‍ക്കായിരിക്കണം. ചുമതലപ്പെട്ട ഭരണാധികാരികള്‍ക്കായിരിക്കണം. കുമ്മനം രാജശേഖരന് പ്രധാനമന്ത്രിയോടൊപ്പം മെട്രോ ഉദ്ഘാടനവേദി പങ്കിടുവാനുള്ള യോഗ്യത എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. 'ഇവിടൊന്നും കിട്ടിയില്ല- ഇവിടെ ആരം ഒന്നും തന്നില്ല' എന്നു കരഞ്ഞു വിളിച്ചു നടക്കുവാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേപ്പോലെയുള്ളവര്‍ക്ക് ഒരു ഉളുപ്പുമില്ലേ? തന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും മെട്രായുടെ ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നു പറഞ്ഞ ഈ എളിമയിലൂടെ ഏറ്റവും വലിയവനായത്- ഇനി ആരൊക്കെ വന്നാലും, എന്തെല്ലാം ഗീര്‍വാണങ്ങള്‍ അടിച്ചാലും 'ഈ ശ്രീധരനാണു താരം'.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.