'മംഗളം' ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത: 'കുമരകത്ത് കള്ളുകുടിച്ചു പൂസായ കുരങ്ങന്റെ വിളയാട്ടം- നാട്ടുകാര്‍ ഭീതിയില്‍'. കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങ് കുമരകം വാസികള്‍ക്ക് തലവേദനയാകുന്നു. കുമരകം ബോട്ടു ജെട്ടി ഭാഗത്ത് കറങ്ങി നടക്കുന്ന കുടിയനായ കുരങ്ങനാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പ്രദേശത്തെ തെങ്ങുകളില്‍ കയറി കുടം പൊക്കി കള്ളു കുടിക്കുന്നതാണ് കുരങ്ങന്റെ പ്രധാന വിനോദം. കള്ളുകുടി കഴിഞ്ഞാല്‍ സമീപത്തെ കടകളില്‍ കയറി പഴം തിന്നുകയും ചെയ്യും. കള്ളിന്റെ ലഹരിയറിഞ്ഞതോടെ ഇവിടം വിട്ടു പോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്'- മറ്റൊരു കുരങ്ങന് വാര്‍ത്ത: ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ കുരങ്ങു കയറി-നിയമസഭാ സാമാജികരെ കാണാന്‍. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച അതീവസുരക്ഷയുള്ള വിധാന്‍ സഭയിലാണു കുരങ്ങു കയറിയത്- പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്തെ വാതിലിലൂടെയാണ് ക്ഷണിക്കാത്ത അതിഥിയായി കുരങ്ങു കയറിയത്. (പണ്ടു കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുവാന്‍ പിന്‍വാതിലിലൂടെ കയറിയത് ഓര്‍മ്മ വരുന്നു).
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും, ഉപമുഖ്യമന്ത്രിയും ഇരിക്കുന്ന സമീപം വരെ കുരങ്ങ് കയറി വന്നു.(മിക്ക നിയമസഭ സാമാജികരും പലപ്പോഴും കുരങ്ങന്മാരുടെ സ്വഭാവമാണല്ലോ കാണിക്കുന്നത്.) കുരങ്ങന്റെ കാര്യം അവിടെ നില്ക്കട്ടെ. ഇനി കഴുതകളുടെ കാര്യത്തിലേക്കു കടക്കാം. കഴുത നമ്മള് വിചാരിക്കുന്നതുപോലെ വെറു കഴുതയല്ല നല്ല ബുദ്ധിയുണ്ടെന്നാണ് 'കഴുത ഫാം' നടത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതു ചുമടു ചുമക്കുമെങ്കിലും, അധിക ഭാരമായാല്‍ എത്ര അടിച്ചാലും മുന്നോട്ടു പോകില്ല. രാവിലെ തീറ്റയ്ക്കായി അഴിച്ചുവിട്ടാല്‍, വൈകുന്നേരം തനിയെ അതാതിന്റെ ഇടങ്ങളില്‍ സ്വയം വന്നു ചേരും. ഒരു ലിറ്റര്‍ കഴുതപാലിനു പതിനായിരം രൂപയോളം വില വരും. കുട്ടികള്‍ ജനിക്കുന്ന സമയത്ത്, അവര്‍ക്കു കഴുതപാല്‍ കൊടുത്താല്‍ ബുദ്ധി വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ഏറ്റവും വിലകൂടിയ സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ ഉണ്ടാക്കുവാനും കഴുതപ്പാല് ഉപയോഗിക്കുന്നുണ്ട്. കഴുതപാലിന്റെ ലാഭം, കഴുതയ്ക്കല്ല, അതിന്റെ ഉടമസ്ഥര്‍ക്കാണു ലഭിക്കുന്നത് എന്ന കാര്യ മറക്കാതിരിക്കുക. (കഴുത, കാമം കരഞ്ഞാണ് തീര്‍ക്കുന്നത് എന്നൊരു പഴഞ്ചൊല്ലുള്ളത് സത്യമല്ല. വേണ്ട രീതിയില്‍ ബന്ധപ്പെടുന്നതു കൊണ്ടാണല്ലോ വീണ്ടും കഴുതക്കുട്ടികള്‍ ജനിക്കുന്നത്.)
********************************** ബഹുമാനപ്പെട്ട തോമസ് കൂവള്ളൂര്‍ എന്റെ സ്നേഹിതനാണ്. Justice For All(JFA) എന്ന സംഘടനയുടെ സ്ഥാപക നേതാവാണ് അദ്ദേഹം. അന്യായമായി നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക്, ന്യായമായ നീതി നേടിക്കൊടുക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണിത്. 'അന്യന്റെ വഴക്കില്‍ ഇടപെടുന്നവന് വഴിയെ പോകുന്ന നായയുടെ ചെവിക്കു പിടിക്കുന്നവനു തുല്യന്‍' എന്ന വേദവാക്യമൊന്നും ഇദ്ദേഹത്തിനു ബാധകമല്ല. 'കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ്' എന്ന ഓര്‍നൈസേഷനില്‍ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി കൂവള്ളൂര്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ ചുരുക്കം ചുവടെ ചേര്‍ക്കുന്നു: വയസ്സന്മാരായ മലയാളി ക്രിസ്ത്യാനികള്‍ക്ക് ഒരുമിച്ച് ഒരു കമ്മ്യൂണിറ്റിയില്‍ താമസിക്കുവാന്‍ സൗകര്യമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന ഒരു പദ്ധതിയാണ് 'ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ്' 25,000 ഡോളറായിരുന്നു ഒരു ഷെയറിന്റെ വില. എഴുന്നൂറിലധികം വീടുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. 150 മെമ്പറന്മാര് 25,000 ഡോളര്‍ വീതം തുടക്കത്തില്‍ മുതല്‍ മുടക്കി. എന്നാല്‍ ഇത്രയും കാലമായിട്ടും വെറും 17 വീടുകള്‍ മാത്രമേ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞുള്ളൂ.
അതില്‍ത്തന്നെ പത്തില്‍ താഴെ വീടുകളിലെ ആളുകള്‍ താമസമാക്കിയിട്ടുള്ളൂ- എങ്കില്‍പോലും വളരെയധികം പണം മുടക്കി ഒരു പള്ളി അവിടെ പണിതുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് അതിശയകരമാണ്. ആകെ 436 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നതില്‍ 406 ഏക്കര്‍ ഭൂമി, രണ്ടു പണവ്യാപാരികള്‍ക്ക് പണം കൊടുക്കുവാനുണ്ടായിരുന്നതിനാല്‍, എല്ലാവിധ അധികാരത്തോടും കൂടി സര്‍ക്കാര്‍ അവര്‍ക്കു കൈമാറി. ഇതിന്റെ സൂത്രധാരനും, പ്രസിഡന്റും കോര്‍എപ്പിസ്ക്കോപ്പാ സ്ഥാനം അലങ്കരിക്കുന്ന ഒരു പുരോഹിതനാണ്.'- കൂവള്ളൂരിന്റെ ആരോപണങ്ങള്‍ അങ്ങനെ നീളുന്നു. തലയില്‍ ആളുതാമസമുള്ള ആരെങ്കിലും, ഒരേ സഭാ വിഭാഗത്തില്‍പ്പെട്ട 700 കുടുംബങ്ങള്‍ താമസിയ്ക്കുന്ന ഒരു കമ്മ്യൂണിറ്റിയില്‍ താമസത്തിനു പോകുമോ?
ഒരു പള്ളിയില്‍ തന്നെ രണ്ടും മൂന്നും ഗ്രൂപ്പുകളുണ്ട്. വികാരിയുടെ കൂടെ ഒരു കൂട്ടര്. വികാരിയെ എതിര്‍ക്കുന്ന മറ്റൊരു കൂട്ടര്. വെറും നോക്കു കുത്തികളായി നില്ക്കുന്ന മൂന്നാമതൊരു വിഭാഗം. ചിലരുടെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി ഇത്തരം തട്ടിപ്പുപ്രസ്ഥാനങ്ങളില്‍ ചെന്നു ചാടാതിരിക്കുവാന്‍ നോക്കണം. മറ്റുള്ളവര്‍ അദ്ധ്വാനിച്ചു കഷ്ടപ്പെട്ടു സ്വരൂപിച്ച സമ്പാദ്യം സ്വന്തം കീശയിലാക്കുവാന്‍ വേണ്ടി ഏതു വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതിനും ചിലര്‍ക്ക് ഒരു ഉളുപ്പുമില്ല. വയസു കാലത്ത്, മറ്റുള്ള വയസന്മാരോടൊപ്പം സഹവസിച്ചാല്‍, നമ്മുടെ ശരീരവും മനസും ഒരു പോലെ തളര്‍ന്നുപോകും എന്ന കാര്യം ഓര്‍ത്താല്‍ നല്ലത്. ഏതായാലും തോമസ് കൂവള്ളൂര്‍ എഴുതിയ ലേഖനത്തിലെ കാര്യങ്ങള്‍ സത്യമാണെങ്കില്‍, കാശു മുഴുവന്‍ കോര്‍ എപ്പിസ്ക്കോപ്പായുടെ കീശയിലായിട്ടുണ്ട്. തൃശൂര്‍ ഭാഷയില്‍ ചുരുക്കി പറഞ്ഞാല്‍ 'ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസി'നു വേണ്ടി പണം നിക്ഷേപിച്ചവര്‍ 'ഞ്ചിമൂ'!
Comments