ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതു പോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം വെള്ളയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കണ്ണുകളില്‍ സദാ തങ്ങി നില്‍ക്കുന്ന ഒരു നനവും. അതിനു ഒരു പേരും പോലും ആരും കൊടുത്തില്ല. അവന്‍ കേട്ടതില്‍ കൂടുതലും 'ഛീ പോ പട്ടി' എന്ന വാക്കുകളാണ്. ഞങ്ങളുടെ വീട്ടില്‍ അങ്ങിനെ ഒരു പട്ടിയുള്ളതായി നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കാരണം രാത്രിയിലും പകലും എന്തു ഭൂകമ്പം ഉണ്ടായാലും അവന്‍ കുരയ്ക്കുകയില്ലായിരുന്നു. എന്തിനേറെ..... നിലാവുള്ള രാത്രികളില്‍ അവന്‍ മറ്റു പട്ടികളെപ്പോലെ ഒന്നു മോങ്ങുക പോലുമില്ലായിരുന്നു. ഒരു ദിവസം അവന്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ചെറിയ കുളത്തില്‍ ചത്തുപൊങ്ങിക്കിടക്കുന്ന കാഴ്ചയാണു കണ്ടത്- ആത്മഹത്യയാണോ, കൊലപാതകമാണോ എന്നൊന്നും ആരും തിരക്കാന്‍ പോയില്ല.
ആ പട്ടി ചത്തതിന്റെ പേരില്‍ വീട്ടില്‍ ചര്‍ച്ചയൊന്നും നടന്നില്ല. ആര്‍ക്കും പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയതുമില്ല. അമേരിക്കയില്‍ വന്നപ്പോള്‍ റോഡില്‍ പലതരം Sign board- കള്‍ കണ്ടു. 'No Standing'- 'No Stopping' 'Do Not Enter'- ഇതിന്റെയൊക്കെ അര്‍ത്ഥം അറിവുള്ളവരോടു ചോദിച്ചു മനസ്സിലാക്കി. എന്നാല്‍ ആര്‍ക്കും ശരിയായി അര്‍ത്ഥം പറഞ്ഞുതരാന്‍ പറ്റാതിരുന്ന ഒരു Board-ഉം ആ കൂട്ടത്തിലുണ്ടായിരുന്നു. 'Curb Your Dog' - രാവിലെ വളര്‍ത്തു പട്ടികളുമായി നടക്കുന്ന സായിപ്പന്‍ന്മാരെ കണ്ടപ്പോള്‍, അവന്‍ പട്ടിയെ പുല്ലു തീറ്റിക്കാന്‍ ഇറങ്ങിയതായിരിക്കും എന്നാണു ഞാന്‍ കരുതിയത്. കാരണം പട്ടികള്‍ പുല്ലു മണപ്പിച്ചു മണപ്പിച്ചാണു നടന്നിരുന്നത്- ഒരു പക്ഷേ അമേരിക്കന്‍ പട്ടികള്‍ പുല്ലു തിന്നുമായിരിക്കും എന്നു കരുതി ഞാന്‍ സമാധാനിച്ചു. 'ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും' എന്ന പഴഞ്ചൊല്ലുള്ള നാട്ടില്‍ നിന്നുമാണല്ലോ എന്റെ വരവ്. കുറേക്കാലം കഴിഞ്ഞാണ് നടപ്പാതയുടെ അരികില്‍ മാത്രം പട്ടിയെ കാഷ്ഠിപ്പിക്കു എന്നോ മറ്റോ ആണ് അതിന്റെ ഏകദേശ അര്‍ത്ഥം എന്ന് ആരോ പറഞ്ഞു തന്നത്.
പിന്നീട് 'Do Not Curb Your Dog Here' എന്ന ബോര്‍ഡും കണ്ടു. കാലം കുറേ കഴിഞ്ഞപ്പോള്‍ 'PooP Law' എന്നൊരു നിയമം നിലവില്‍ വന്നു. പട്ടി വഴിയില്‍ രണ്ടിനു പോയാല്‍ അതിന്റെ ഉടമസ്ഥന്‍, പട്ടി കാഷ്ഠം ഒരു ബാഗിലാക്കി ഗാര്‍ബേജില്‍ ഇടണം- അല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും- ഇപ്പോള്‍ കൈയിലൊരു പ്ലാസ്റ്റിക് ബാഗുമായിട്ടാണു ആളുകള്‍ പട്ടിയെ നടത്താന്‍ കൊണ്ടു പോകുന്നത്. അന്യഗ്രഹത്തില്‍ നിന്നുമുള്ള ഏതെങ്കിലും ജീവികള്‍ ശക്തിയേറിയ ഒരു ടെലിസ്‌ക്കോപ്പിലൂടെ നോക്കിയാല്‍, അമേരിക്കയിലെ പട്ടികളാണു രാജാക്കന്മാരെന്നും, മനുഷ്യര്‍ അവറ്റകളുടെ അടിമയാണെന്നും വിചാരിക്കും. അതിനവരെ കുറ്റം പറയാനൊക്കുകയില്ല. കാരണം പട്ടികളുടെ വിസര്‍ജ്ജനം ചുമന്നു കൊണ്ടു നടക്കേണ്ട ഗതികേടാണല്ലോ അമേരിക്കക്കാര്‍ക്ക്! ഞങ്ങളുടെ അയല്‍വാസിയായ ഒരു മദാമ്മയ്ക്ക് ഈ 'PooP Law' ബാധകമല്ലെന്നു തോന്നുന്നു.
കാരണം ഞങ്ങളുടെ വീടിനു മുന്നിലെത്തുമ്പോഴാണ് മദാമ്മയുടെ പട്ടി 'പൂപ്പു' ചെയ്യുന്നത്. അതു വൃത്തിയാക്കാതെ പട്ടിയുമായി അവര്‍ തിരിയ്യെ പോകും. ഇക്കാരണം പറഞ്ഞ് അവരുമായി ഏറ്റു മുട്ടാനൊരു മടിയും പേടിയും. അവരുടെ പട്ടിയുടേത് തന്നെയാണ് വിസര്‍ജ്ജന വസ്തു എന്ന് DNA ടെസ്റ്റു നടത്തി തെളിയിക്കുന്ന കാലമൊക്കെ പ്രയാസമാണ്. ഏതായാലും ഇതിനൊരു അറുതി വരുത്തിയേ പറ്റൂ. എന്റെ കുരുട്ടുബുദ്ധിയുമായി ഞാന്‍ ആലോചിച്ചു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍, വെയിലത്തിട്ടു ഉണക്കി, മില്ലില്‍ പൊടിപ്പിച്ച, മായം ചേരാത്ത നല്ല എരിവുള്ള പിരിയന്‍ മുളകുപൊടി കൊണ്ടു വന്നിരുന്നു. ഭാര്യയോടു പോലും ആലോചിക്കാതെ, ഞാനതു കുറേയേറെ, പട്ടി കാര്യം സാധിക്കുന്നിടത്തു വാരി വിതറി. അടുത്ത ദിവസം അതിരാവിലെ ഞാന്‍ ജനലില്‍ക്കൂടി പുറത്തേക്കു നോക്കിയിരുന്നു. ആറു മണിയായപ്പോള്‍, മദാമ്മ ഒരു കുട്ടി നിക്കറുമിട്ട്, സിഗരറ്റു പുകച്ച് അരുമ പട്ടിയുമായി നടന്നു വരുന്നു.
പതിവുപോലെ, എന്റെ വീടിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ പൃഷ്ഠമുറപ്പിച്ച പട്ടി, പത്തു സെക്കന്‍ഡു കഴിഞ്ഞപ്പോള്‍, ഭയങ്കരമായി കുരച്ചുകൊണ്ടു മദാമ്മയുടെ നേര്‍ക്കൊരു ചാട്ടം-എന്നിട്ടു തെക്കോട്ടു വന്ന പട്ടി വടക്കോട്ടു ഒരോട്ടം- മദാമ്മ പിറകേ! പിന്നീട് ആ ശല്യം ഇതുവരെ ഉണ്ടായിട്ടില്ല. പിരിയന്‍ മുളകിന്റെ ഒരു എരിവേ! മലയാളിയുടെ അടുത്താ, മദാമ്മയുടെ കളി!
Comments