ബ്ലോഗെഴുത്ത് ആരംഭിച്ച കാലം മുതൽ ഞാൻ ചെയ്യാനുറച്ച ഒരു കാര്യം നമ്മൾ അമേരിക്കൻ മലയാളികൾ ഒരിക്കലും എബിസിഡി അല്ല. നമ്മൾ എബിപിഡി ആണ് എന്നുറക്കെ പ്രഖ്യാപിക്കുക എന്നതാണ്. അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി എന്നതിനെ അമേരിക്കൻ ബോൺ പ്രൗഡ് ദേശി എന്നാക്കി മാറ്റുകയായിരുന്നു എന്റെ ലക്ഷ്യം. അന്നു മുതൽ ദക്ഷിണേന്ത്യക്കാരായ അമേരിക്കൻ മലയാളികളെ പലരെയും എബിസിഡി എന്ന പദം ഉപയോഗിക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കാനും ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരുടെ ആദ്യത്തെ തലമുറയിൽ പെട്ടൊരാൾ എന്ന നിലയിൽ ആധുനിക അമേരിക്കൻ സംസ്കാരത്തിനൊപ്പം താരതമ്യേന പാരമ്പര്യവാദികളായ നമ്മുടെ സംസ്കാരത്തെ വളർത്തിക്കൊണ്ടു വരിക എന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം.
വിവിധ സംസ്കാരങ്ങൾക്കിടയിൽ പെട്ട് ജീവിക്കേണ്ടി വരുന്ന മലയാളി യുവാക്കൾക്കാവശ്യമായ പ്രോത്സാഹനവും ധൈര്യവും കൊടുക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഓരോ വ്യക്തിക്കും ഇവിടെ ജീവിക്കാനുള്ള സ്വീകാര്യതയും സൗകര്യവുമാണ് ഒരുക്കി കൊടുക്കേണ്ടത്. 2020 ചിക്കാഗോയിൽ നടക്കുന്ന ഫോമാ കൺവെൻഷനിലെ യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ എനിക്ക് അവരോട് പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ സ്വന്തം വിധിയെ പിന്തുടരൂ എന്നാണ്. ബ്യൂട്ടിഫുൾ തോട്സ് എന്ന എന്റെ പുതിയ ബുക്ക് പറയുന്നതും ഇതേ കാര്യമാണ്. ഈ സ്ഥാനം വഴിയും എന്റെ ബുക്ക് വഴിയും മലയാളി യുവാക്കൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ കൺവൻഷനിലെ എനിക്ക് ലഭിച്ച സ്ഥാനം ഉപയോഗപ്പെടുത്തുന്നത്. ഷിക്കാഗോ കൺവെൻഷനിലാണ് ബുക്കിന്റെ ദേശീയ തലത്തിലുള്ള പ്രകാശനവും. വിവിധ സംസ്കാരവും മൂല്യങ്ങളും നമ്മിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്.
അതിനെ ചേർത്തു നിർത്തി മുന്നോട്ടു പോകാൻ നമുക്കാകണം. അമേരിക്ക എന്ന രാജ്യത്തിന്റെ അടിത്തറ പോലും അതാണ്. അഭിമാനിയായ ഒരു മലയാളി എന്ന നിലയിൽ ഞാൻ പറയുന്നു സംസ്കാരം എന്നത് എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒരുമിച്ച് നിർത്തുന്ന അദ്യശ്യമായ ഒരു വലയാണ്. അതു കൊണ്ടു തന്നെ അതെന്റെ ജീവിതത്തിന്റെ ഭാഗവുമാണ്. അതിനാൽ അമേരിക്കൻ മലയാളികളുടെ പുതു തലമുറയോട് എനിക്ക് നൽകാനുള്ള സന്ദേശം നിങ്ങളെ നിങ്ങളായിത്തന്നെ ഇഷ്ടപ്പെടൂ എന്നാണ്. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തൂ. കാരണം ദിവസത്തിന്റെ അവസാനം നിങ്ങൾ തനിച്ചാകും. മറ്റുള്ളവർ എത്ര ശ്രമിച്ചാലും ആർക്കും നിങ്ങൾക്കൊപ്പം വരാനാകില്ല. നിങ്ങൾ അമേരിക്കയുടെ ഒരു ഭാഗം കൂടിയാണ്. അതേ സമയം നിങ്ങൾ ഒരു അമേരിക്കക്കാരനല്ല. നിങ്ങൾ നിങ്ങൾ മാത്രമാണ്. അങ്ങനെയായിരിക്കുന്നതിൽ അഭിമാനിക്കാനാണ് ഓരോ അമേരിക്കൻ മലയാളിയും ശ്രമിക്കേണ്ടതും.
Comments