എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി കൊണ്ട് , വന്‍കിട ടീമുകളെ കടപുഴകി , ഈ രഞ്ജി ട്രോഫി സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു സെമി ഫൈനല്‍ കളിച്ച കേരള ക്രിക്കറ്റ് ടീം നായകന് സച്ചിന് ബേബിക്കു കേരള ടീമിനെ ഇനിയും പുത്തന്‍ മാനങ്ങളില്‍ എത്തിക്കാന്‍ മോഹം
സച്ചിന് ബേബിയുമായി ജിനേഷ് തമ്പി നടത്തിയ അഭിമുഖം .
1)കഴിഞ്ഞ ഏതാനും സീസണുകളിലായി കേരള രഞ്ജി ടീം ഉജ്വല ഫോമിലാണല്ലോ. ക്യാപ്റ്റന്‍ എന്ന നിലയില്‍ സച്ചിന് ബേബി ഈ ടീമിന്റെ തകര്‍പ്പന്‍ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു ?
കേരള ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഒരു പാട് കഠിനാധ്വാനമുണ്ട് . അത് പൊടുന്നനെ സംഭവിച്ചതല്ല.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രഞ്ജി ടീമുകള്‍ സീസണ് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രം ടീം അംഗങ്ങള്‍ ഒത്തു കൂടി പ്രാക്ടീസ് ആരംഭിക്കുമ്പോള്‍ , കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരള രഞ്ജി ടീം സീസണ് തുടങ്ങുന്നതിനു മാസങ്ങള്‍ മുന്‍പേ തന്നെ പ്രാക്ടീസ് സെഷന്‍സ് ആരംഭിച്ചിരുന്നു . നല്ല മഴ പെയ്യുന്ന ജൂണ്‍ മാസത്തിലൊക്കെ വായനാടില്‍ ടീം അംഗങ്ങള്‍ മഴ നനഞ്ഞും ഫീല്‍ഡിങ് , ഫിറ്റ്നസ് സെഷന്‍സ് ഒക്കെ
ചെയ്തിട്ടുണ്ട് . കേരള ടീമിന്റെ ഈ കഠിനാധ്വാനം ടീമിന്റെ ഒത്തിണക്കത്തിലും , സ്ഥിരതയാര്‍ന്ന നല്ല പ്രകടനത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് . കേരള ക്രിക്കറ്റ് അസോസിയേഷന്റെ അകമഴിഞ്ഞ സപ്പോര്‍ട്ട് ഇവിടെ എടുത്തു പറയേണ്ടതുണ്ട് .കേരള ക്രിക്കറ്റ് അസോസിയേഷന് കേരളത്തില്‍ ജൂണ്‍ ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ സമയത്തു ടീമിനെ ബാംഗ്ലൂര്‍ , ചെന്നൈ മുതലായ സ്ഥലങ്ങളില്‍ വിട്ടു പ്രാക്ടീസ് സജീകരങ്ങള്‍ ഒരുക്കി തന്നിട്ടുണ്ട് . അത് പോലെ ടീമിനെ ഓസ്ട്രേലിയ , സൗത്ത് ആഫ്രിക്ക , ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ അയച്ചു പ്രാക്ടീസ് മത്സരങ്ങളില്‍ പങ്കെടുക്കുവാനും അവസരങ്ങള്‍ ചെയ്തു തരികയും ചെയ്തു . ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യം, കോച്ചുമാരായ ബാലചന്ദ്രന് സര് , ചന്ദ്രകാന്ത് പണ്ഡിറ്റ് സര്, ഡേവ് വാടമോര് സര് എന്നിവരുടെ പകരം വെക്കാനില്ലാത്ത ടീമിനായുള്ള സമര്‍പ്പണമാണ് .ഈ സീസണില്‍ ടീമിന്റെ ഉജ്വല പ്രകടനത്തിന്റെ പിന്നില്‍ കളിക്കാരോടൊപ്പം ഇവരുടെയൊക്കെ കഠിനാധ്വാനമാണ് പ്രധാന കാരണം
2)ശ്രീലങ്കയെ വേള്‍ഡ് കപ്പ് വരെ ജയിപ്പിച്ച ചരിത്രമുള്ള സുപ്രസിദ്ധ കോച്ച് ഡേവ് വാടമോര് കേരളത്തിന്റെ ഈ തിളക്കമാര്‍ന്ന പ്രകടനത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്
നമുക്ക് എല്ലാവര്ക്കും അറിയാവുന്ന പോലെ ഡേവ് വാടമോര് തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഒരു കോച്ച് ആണല്ലോ. അദ്ദേഹത്തെ ആദ്യമായി കാണുന്നത് ചെന്നൈയില്‍ നടന്ന ഒരു കോച്ചിങ് ക്യാമ്പില്‍ വെച്ചാണ്. മുന്‍പ് ഐപില്‍ മത്സരങ്ങളില്‍ വിദേശ കോച്ചുമാരുടെ കൂടെ ഇടപഴുകുമ്പോള്‍ അവരൊക്കെ ഒരു അകല്‍ച്ച പാലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് . പക്ഷെ ഡേവ് വാടമോര് അവരില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു സമീപനമാണ് എന്നോടും ടീമിനോടും കാണിച്ചത് . ആദ്യമൊക്കെ ജാഡ കാണിക്കുമോ എന്ന് സംശയിച്ചിട്ടുണ്ട് പക്ഷെ വളരെ യാഥാര്‍ത്ഥ്യബോധമുള്ള , 'ഡൗണ്‍ ടു എര്ത്' സമീപനമായിരുന്നു അദ്ദേഹത്തിറ്റെതു . ക്യാപ്റ്റന്‍ എന്ന നിലയില്‍ എനിക്ക് നല്ല സ്വതന്ത്രവും , ഫീല്‍ഡില്‍ എല്ലാ തീരുമാനങ്ങള്‍ എടുക്കാനുള്ള വലിയ സപ്പോര്‍ട്ടും അദ്ദേഹം നിരുപാധികം തന്നിരുന്നു . ഒരിക്കലും ഏതെങ്കിലും തീരുമാനത്തിന്റെ പേരില്‍ കുറ്റപെടുത്തിയിട്ടില്ല . ഇങ്ങനെയുള്ള ഒരു തുറന്ന സമീപനം ക്യാപ്റ്റന്‍ എന്ന നിലയില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട് . ഇത് ടീമിന്റെ നല്ല പെര്‍ഫോമന്‍സിനായി വഴി തെളിക്കുകയും ചെയ്തിട്ടുണ്ട്
3)ക്യാപ്റ്റന്‍ സച്ചിന് ബേബിക്ക് എതിരായി കുറച്ചു ടീം അംഗങ്ങളുടെ പടപുറപ്പാട് കഴിഞ്ഞ സീസണ് തുടങ്ങുന്നതിനു മുന്‍പായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നല്ലോ . ആ പ്രതിസന്ധിയെ സച്ചിന് എന്ന ക്യാപ്റ്റന്‍ എങ്ങനെയാണു നേരിട്ടത് ?
അത് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയം ആയിരുന്നു. ഇങ്ങനെയും ആളുകളുണ്ടോ എന്ന് സംശയിച്ചു പോയിട്ടുണ്ട് . പക്ഷെ എന്റ്റെ
ഭാര്യ അന്നയുടെ സപ്പോര്‍ട്ട് ആ പ്രതിസന്ധിയില്‍ എന്നെ ഒരു പാട് സഹായിച്ചു എന്ന് പറയേണ്ടി വരും . എനിക്ക് എതിരായി നിന്ന കളിക്കാരുടെ കൂടെ പിന്നീട് വീണ്ടും ഒരുമിച്ചു കളിക്കാന്‍ ബുദ്ധിമുട്ടായിരുന്നു പക്ഷെ കേരളത്തിന് വേണ്ടിയാണല്ലോ കളിക്കുന്നത് എന്നോര്‍ത്ത് എല്ലാം ക്ഷമിക്കുകയായിരുന്നു . കേരള ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കണം എന്നാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്നും ആഗ്രഹിച്ചിട്ടുള്ളത് . അത് കൊണ്ട് വ്യക്തിപരമായ പ്രശ്നങ്ങളൊക്കെ മാറ്റി വെച്ച് ടീമിനായി കളിക്കുകയായിരുന്നു . ഞാന്‍ ആ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ കുറച്ചു പേരെങ്കിലും വിചാരിച്ചു കാണും ഞാന്‍ അഹങ്കാരിയാണെന്നൊക്കെ .പക്ഷെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമയോചിതമായ ഇടപെടല്‍ മൂലം ആ തെറ്റിദ്ധാരണ ഒക്കെ ജനങ്ങളില്‍ നിന്ന് മാറി എന്നാണ് പ്രതീക്ഷ . എനിക്ക് എതിരെ നിന്ന കളിക്കാര്‍ എന്റ്റെ അടുത്ത് വന്നു ക്ഷമാപണം നടത്തുകയും ചെയ്തു . ഈ പ്രതിസന്ധിയെ തരണം ചെയ്തു ടീം ഈ സീസണില്‍ സെമി ഫൈനല്‍ കളിച്ചു എന്നത് ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചു ഏറെ അഭിമാനകരമാണ്. കളിക്കാരന് എന്ന നിലയിലും ഈ സീസണ് എനിക്ക് ഏറെ മെച്ചെപ്പെട്ടതായിരുന്നു
.
4)വിദര്‍ഭക്കു എതിരായ സെമി ഫൈനലില്‍ കേരളം ഉമേഷ് യാദവിന്റെ മുന്‍പേ അമ്പേ തകര്‍ന്നു പോയല്ലോ. സീസണില്‍ അന്നേ വരെ നല്ല ഫോമില്‍ കളിച്ചിരുന്ന കേരളത്തിന് സെമി ഫൈനലില്‍ എന്താണ് ആ പ്രകടനം ആവര്‍ത്തിക്കാന്‍ പറ്റാതെ പോയത് ?
ലീഗില്‍ മറ്റു മത്സരങ്ങളില്‍ ഭാഗ്യം കേരളത്തിന്ന്റെ കൂടെ നിന്നിരുന്നു. പക്ഷെ സെമി ഫൈനലില്‍ ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നഷ്ടപെട്ടത് കേരളത്തിന് വലിയ തിരിച്ചടിയായി . ഉമേഷ് യാദവ് അതിമനോഹരമായി ബൗള്‍ ചെയ്യുകയും ചെയ്തു . ഞങ്ങള്‍ക്ക് ഉമേഷ് യാദവിനെ പേടിയൊന്നുമില്ല. ഐപില്‍ മത്സരങ്ങളില്‍ ഉമേഷ് യാദവിന് എതിരെ കളിക്കുകയും നന്നായി സ്കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് . പക്ഷെ സെമി ഫൈനലില്‍ ഉമേഷിന്റെ ദിവസം ആയിരുന്നു . ചാമ്പ്യന്‍ ബൗളര്‍ ആയ അദ്ദേഹം അത് മുതലാക്കുകയും ചെയ്തു.നല്ല ലൈന്‍ ആന്‍ഡ് ലെങ്ങ്തില്‍ ബൗള്‍ ചെയ്ത അദ്ദേഹം ഞങ്ങള്‍ക്ക് സ്കോര്‍ ചെയ്യാന്‍ ഒരു അവസരവും തന്നില്ല . വായനാടിലെ പിച്ച് അത്ര മോശമൊന്നും ആയിരുന്നില്ല , പക്ഷെ സെമിയില്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് തിളങ്ങാന്‍ കഴിയാതെ പോയി
5) ടീമിന്റെ പെര്‍ഫോമന്‍സ് കൂട്ടായ പ്രകടനം ആണെങ്കില്‍ കൂടി കുറച്ചു കളിക്കാരുടെ പെര്‍ഫോമന്‍സ് എടുത്തു പറയാന്‍ പറഞ്ഞാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സച്ചിന് ബേബി ആരുടെയൊക്കെ പേര് ആയിരിക്കും പറയുക ?
ടീമിന്റെത് ഒരു കൂട്ടായ നേട്ടം തന്നെയാണ് . പക്ഷെ ഏതാനും കളിക്കാരുടെ പേരുകള്‍ എടുത്തു പറയാന്‍ പറഞ്ഞാല്‍ അത് ഫാസ്റ്റ് ബൗളേഴ്സ് സന്ദീപ് വാരിയരും , ബേസില്‍ തമ്പിയും ആയിരിക്കും . ബാറ്റ്സ്മാന് എത്ര നന്നായി കളിച്ചാലും ബൗളേഴ്സ് 20 വിക്കറ്റ് എടുത്താലേ കളി ജയിക്കാന്‍ പറ്റുകയുള്ളൂ. പ്രത്യേകിച്ചും ബേസില്‍ തമ്പി ഈ സീസണില്‍ ഉഗ്രന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഒരു വൈറ്റ് ബോള്‍ ബൗളര്‍ എന്ന നിലയില്‍ മാത്രം വിശേഷിപ്പിച്ചിരുന്ന ബേസില്‍ തമ്പി 36 വിക്കറ്റ് എടുത്തു ഈ സീസണില്‍ വളരെ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്
6)കേരളത്തിന് വേണ്ടി കളിച്ച മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജലജ് സക്സേനയെ പോലെയുള്ള പ്രൊഫഷണല്‍ ഗസ്റ്റ് കളിക്കാര്‍ നല്ല പ്രകടനം ആണല്ലോ കാഴ്ച വെച്ചത്. ഇവരുടെ പ്രകടനം ടീമിനെ മൊത്തത്തില്‍ എങ്ങനെ സ്വാധീനിച്ചു ?
ജലജ് സക്സേന ഏറെ പ്രതിഭയുള്ള ക്രിക്കറ്റര്‍ ആണ്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അര്‍ഹതയുള്ള കളിക്കാരന് ആണ് . ഇത് ജലജ് സക്സേനയുടെ കേരളത്തിന് വേണ്ടിയുള്ള മൂന്നാം സീസണ് ആയിരുന്നു. ആദ്യ സീസണില്‍ അത്ര ശോഭിച്ചിരുന്നില്ല , പക്ഷെ ഇക്കുറി അദ്ദേഹം ഉജ്വല പ്രകടനം ആണ് പുറത്തെടുത്തത് . ഉമേഷ് യാദവിനെ പോലെയുള്ള ബൗളര്‍ ആണ് ജലജ് സക്സേനയും . തന്റെ ദിവസത്തില്‍ അദ്ദേഹത്തിനെ നേരിടുക തീരെ എളുപ്പമല്ല. കേരളത്തിന് വേണ്ടി ഈ സീസണില്‍ കളിച്ച മറ്റൊരു ഗസ്റ്റ് ക്രിക്കറ്റര്‍ അരുണ്‍ കാര്‍ത്തിക് ആണ്. അദ്ദേഹത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ പറ്റാതെ പോയി. പക്ഷെ തമിഴ് നാടിനു വേണ്ടി അതുഗ്രന്‍ കളി കാഴ്!വച്ചിട്ടുള്ള അരുണ്‍ കാര്‍ത്തിക് അടുത്ത സീസണില്‍ കേരളത്തിനായി നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കും എന്ന് തന്നെയാണ് പ്രതീക്ഷ .
7)ഐപില്‍ മത്സരങ്ങള്‍ കേരള കളിക്കാരെ സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ ?
ഉറപ്പായും, ഐപില്‍ മത്സരങ്ങള്‍ കേരള കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് ലോകോത്തര വേദിയില്‍ പുറത്തെടുക്കാനുള്ള നല്ലൊരു വേദിയാണ് സമ്മാനിച്ചത്. മുന്‍പ് ശ്രീശാന്ത് മാത്രമായിരുന്നു കേരളത്തില്‍ നിന്ന് ഐപില്‍ കളിച്ചിരുന്നത്. പിന്നീട് ഒരു സീസണില്‍ കേരളത്തിന്റെ ഏഴു കളിക്കാര്‍ വരെ ഐപില്‍ കളിച്ചിട്ടുണ്ട് . ഇപ്പോള്‍ എല്ലാ കേരള കളിക്കാരെയും മറ്റു ടീം അംഗങ്ങള്‍ നന്നായി അറിയും. നമ്മള് ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ലോകോത്തര കളിക്കാരുടെ കൂടെ കളിക്കുന്നതും, ഒരേ ഡ്രസിങ് റൂം പങ്കിടുന്നതും ഒക്കെ നല്ലൊരു അനുഭവമാണ്. എനിക്ക് വിരാട് കോഹ്ലി, ക്രിസ് ഗെയ്ല് . ഡിവില്ലിയേഴ്സ് പോലെയുള്ള മഹാരഥന്മാരുടെ കൂടെ ഐപില്‍ കളിക്കാനായത് വിലമതിക്കാനാവാത്ത ഭാഗ്യം ആയി കരുതുന്നു
8)ക്യാപ്റ്റന്‍ എന്ന നിലയില്‍ അടുത്ത രഞ്ജി സീസണില്‍ എന്താണ് പ്രതീക്ഷ ?
നമ്മള് ഇപ്പോള്‍ ടീമില്‍ ഒരു അടിത്തറ നന്നായി പാകിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ കളിച്ചു. ഇപ്രാവശ്യം സെമി ഫൈനല്‍. . അടുത്ത സീസണില്‍ ഫൈനല്‍ കളിക്കണം എന്നാണ് ആഗ്രഹം . ഫൈനലില്‍ എത്തിയാല്‍ പിന്നെ എന്തും സംഭവിക്കാം.
9)സച്ചിന് ബേബിയുടെ പിതാവ് സച്ചിന് തെണ്ടുക്കര്‍ ആരാധകനായത് കൊണ്ടാണല്ലോ സ്വന്തം കുട്ടിക്ക് സച്ചിന് എന്ന് പേര് നല്‍കിയത് . ആ പേരിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന പെര്‍ഫോമന്‍സ് സച്ചിന് ക്രിക്കറ്റില്‍ കാഴ്ച വെക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ ?
സച്ചിന് പാജി ക്രിക്കറ്റിന്റെ ദൈവം ആണ് . അദ്ദേഹത്തിന്റെ പേര് എനിക്ക് നല്‍കിയത് വലിയ ഉത്തരവാദിത്വം ആണ്. കേരളത്തിന്റെ ക്യാപ്റ്റന്‍ ആയതും , ടീമിനെ സെമിയില്‍ എത്തിച്ചതും ഒക്കെ വലിയ കാര്യങ്ങള്‍ തന്നെയാണ് പക്ഷെ ക്രിക്കറ്റില്‍ എനിക്ക് ഇനിയും ഒരു പാട് ആഗ്രഹങ്ങള്‍ ബാക്കിയാണ് . ഇന്ത്യക്കു വേണ്ടി കളിക്കണമെന്നും കളി ജയിപ്പിക്കണമെന്നും , ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു ടീം ലൈന്‍ അപ്പില്‍ നിന്ന് ദേശീയ ഗാനം കേള്‍ക്കണം എന്നൊക്കെയാണ് മോഹം
10)വരുന്ന ലോക കപ്പില്‍ ഇന്ത്യയുടെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു ?
തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ഇന്ത്യ വേള്‍ഡ് കപ്പ് വിജയിക്കും എന്ന് തന്നെയാണ് കരുതുന്നത് . പരിചയ സമ്പന്നരായ കളിക്കാരാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്. മിനിമം 50 ഏകദിനം എങ്കിലും കളിച്ച പ്രതിഭാസമ്പന്നരായ നിരയാണ് നമ്മുടേത് . വിരാട് കോഹ്ലി പോലെയുള്ള ക്യാപ്റ്റനും , ഫോമിലുള്ള കളിക്കാരും നമുക്ക് കപ്പ് സമ്മാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അതിനായി പ്രാര്‍ത്ഥിക്കുന്നു
11)സച്ചിന് എന്ന ക്രിക്കറ്ററുടെ വളര്‍ച്ചയില്‍ ജന്മ നാടായ ഇടുക്കിയുടെ സ്വാധീനം ?
ഇടുക്കിയില്‍ ജനിച്ചു കൊണ്ടാണ് ഞാന്‍ ഈ നിലയില്‍ എത്തിയത് എന്ന് പറയാം. ഒരു പാട് പ്രോത്സാഹനം എനിക്ക് എന്റ്റെ ജന്മനാടായ ഇടുക്കി നല്‍കിയിട്ടുണ്ട് . എന്നെ ജന്മസിദ്ധമായ നല്ലൊരു കഴിവുള്ള കായികതാരമായാണ് എന്റ്റെ ജന്മദേശം കുട്ടികാലം മുതലേ കരുതിയത്. ഞാന്‍ വളര്‍ന്നു വരുന്ന സമയത്തു ഇടുക്കിയില്‍ നല്ല ഒരു ക്രിക്കറ്റ് ഗ്രൗണ്ട് പോലും ഉണ്ടായിരുന്നില്ല. ഞാന്‍ ആദ്യം പോയത് ഫുട്ബോള്‍ ട്രയല്‍സിനു ആയിരുന്നു. ആ നിലയില്‍ നിന്നും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്ന പദവിയിലേക്കുള്ള എന്റ്റെ വളര്‍ച്ചയില്‍ ഇടുക്കിക്കുള്ള സ്വാധീനം ഏറെയാണ്
കേരളത്തിന്ന്റെ അഭിമാനമായ സച്ചിന് ബേബി പറഞ്ഞു നിര്‍ത്തി ..............
Comments