സമുദ്രയാനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ കൊളംബസിന്റെ അത്ഭുത ഭൂമിയില്‍ കുടിയേറ്റത്തിന്റെ സംഭാവനയായി അമ്മ മലയാളത്തിന്റെ അക്ഷര വടവൃക്ഷം പുത്തുലഞ്ഞു നില്‍ക്കുന്നതില്‍ അഭിമാനം കൊള്ളാത്ത ഒരൊറ്റ മലയാളിയുമുണ്ടാവില്ല. കേരളീയരുടെ കുടിയേറ്റ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ വിവിധ രൂപഭാവങ്ങളും പ്രവര്‍ത്തന ശൈലികളുമുള്ള നിരവധി സംഘടനകള്‍ ഇവിടെ പിറക്കുകയും വളരുകയും പിളരുകയും അകാലത്തില്‍ ഇല്ലാതാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാളമെന്ന നമ്മുടെ മഹത്തായ മാതൃഭാഷയുടെ പരിമളം വായനക്കാരിലും കാഴ്ചക്കാരിലും ഒട്ടും ചോര്‍ന്നു പോകാതെ എത്തിക്കുക എന്ന ഉദാത്ത ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട, ദൃശ്യ, അച്ചടി മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായമയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. 'വൈനിംഗ് ആന്റ് ഡൈനിംഗ്' സംസ്‌കാരത്തില്‍ നിന്നും ശരിദൂരം പാലിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടന മാധ്യമരംഗത്ത് അനുനിമിഷമുണ്ടാകുന്ന ചലനങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും തൊട്ടറിഞ്ഞും കുടിയേറ്റ ജനതയുടെ അഭ്യുന്നതിക്ക് ദിശാബോധം നല്‍കുന്നതിനായി ഉപയുക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ പറയട്ടെ. ഇന്ത്യാ പ്രസ് ക്ലബിന്റെ ജൈത്രയാത്രയ്ക്കിടയില്‍ ഒട്ടേറെ കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ജന്മഭൂമിയുമായി ആശയവിനിമയത്തിന്റെ ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിച്ച് 'മാധ്യമ ശ്രീ' ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി. അമേരിക്കന്‍ മലയാളി ആസ്വാദകരുടെ ആശയും ആവേശവുമായി മാറിക്കഴിഞ്ഞ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, സംവാദങ്ങളും, പ്രഭാഷണങ്ങളും, കലാ-സാംസ്‌കാരിക പരിപാടികളുമൊക്കെയായി അഏഴാമത് ദേശീയ കോണ്‍ഫറന്‍സ് ഇന്ത്യ പ്രസ് ക്ലബ് ചരിത്ര പുസ്തകത്തിലെ സുവര്‍ണ അധ്യായമായി എഴുതപ്പെടുമെന്നുറപ്പ്.
Comments