You are Here : Home / അഭിമുഖം

'O' വട്ടത്തിലൊരു മാധ്യമ പ്രവർത്തനം

Text Size  

Story Dated: Friday, August 18, 2017 11:39 hrs UTC

പാലക്കാട് നിന്നും 30 മൈൽ അകലെ ഒരു കുടുംബത്തിലെ പത്തുപേർ കൂട്ട ആത്മഹത്യ ചെയ്തു. പാലക്കാട് നിന്നും അച്ചടിക്കുന്ന മലയാള മനോരമ ആ വാർത്ത എങ്ങനെ കൊടുക്കും? അകത്തെ പേജിൽ ഒരു ചെറിയ വാർത്ത. കാരണം നിസ്സാരം.  ആത്മഹത്യ നടന്നത് തമിഴ്നാട്ടിൽ. മരിച്ചവരെല്ലാം തമിഴർ. മനോരമ വായനക്കാരായ മലയാളികൾക്ക് തമിഴ്നാട്ടിലെ കൂട്ട ആത്മഹത്യ അത്രയൊന്നും അറിയാൻ ഒരു ആകാംക്ഷയും ഇല്ല. അത്യാവശ്യ വിവരം കേട്ടാൽ മതി. 2009 മാർച്ചിൽ ന്യൂയോർക്കിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെ കാലിഫോർണിയയിലെ സാന്റാ ക്ലാരായിൽ മലയാളിയായ ദേവരാജൻ കളത്താട്ട് 5 കുടുംബാംഗങ്ങളെ കൊന്നശേഷം ആത്മഹത്യ ചെയ്തു സ്വന്തം മക്കളായ അഖിൽ ദേവ്, നേഹ, ഭാര്യാസഹോദരൻ അശോക്, ഭാര്യ സുചിത്ര, അവരുടെ 11 മാസം പ്രായമുള്ള മകൾ അഹാന എന്നിവരാണ് മരിച്ചത്. ദേവരാജന്റെ ഭാര്യ ആഭ കഷ്ടിച്ച് രക്ഷപ്പെട്ടു. വർഷങ്ങൾക്കു ശേഷവും അവർ ചികിത്സയിൽ തന്നെ. ഇപ്പോഴും അവർക്ക് അറിയില്ല ഭർത്താവ് ഇത് ചെയ്തത് എന്തിനെന്ന്. ഈ വാർത്ത ന്യൂയോർക്ക് ടൈംസിൽ വളരെ പ്രാധാന്യത്തോടെ വന്നു. ദൂരമോ മരിച്ചവർ വെള്ളക്കാരോ കറുത്തവരോ അല്ല എന്നതോ പ്രശ്നമായില്ല. അമേരിക്കയെ മൊത്തം ബാധിക്കുന്ന സാമൂഹികപ്രശ്നങ്ങൾ സാന്താക്ലാര കൂട്ട മരണത്തിൽ ഉണ്ടായിരുന്നു. ദേവരാജൻ നിഷ്പ്രയാസം തോക്കുകൾ വാങ്ങിയത്, ഐടി രംഗത്തുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങളാണോ ഇതിന് കാരണമായത്, (അല്ലെന്ന് പിന്നീടുള്ള വിവരങ്ങൾ) വിദേശത്തു നിന്നു വരുന്നവർ നേരിടുന്ന മാനസിക സംഘർഷം എന്നുവേണ്ട ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ ഈ സംഭവത്തിനു പിന്നിലുണ്ടെന്ന് ടൈംസ് കണ്ടു.

 

 

 

നേരെമറിച്ച് തമിഴ്നാട്ടിലെ കൂട്ടക്കൊല ഒരു പ്രാദേശിക സംഭവം മാത്രം. തമിഴ്നാട് വളരെ അടുത്താണ് എങ്കിലും മാനസികമായി വളരെ ദൂരത്ത്. കേരളത്തിലെയും അമേരിക്കയിലെയും പത്രപ്രവർത്തനത്തിലെ പ്രധാന വ്യത്യാസം ആണ് ഇവിടെ കണ്ടത്. അമേരിക്കയിലെ ദേശീയ പത്രങ്ങൾക്ക് അമേരിക്ക മൊത്തമാണ് ക്യാൻവാസ്. കേരളത്തിലെ ദേശീയ പത്രങ്ങളായ മനോരമക്കും മാതൃഭൂമിക്കുമൊക്കെ പ്രധാന ക്യാൻവാസ് കേരളം മാത്രം. പിന്നെ കുറച്ച് ദേശീയ രാഷ്ട്രീയം, മേമ്പൊടി പോലെ ചില അന്താരാഷ്ട്ര വാർത്തകൾ. എത്ര ഇടുങ്ങിയ കാഴ്ചപ്പാടാണ് നാം പുലർത്തുന്നത് ? അമേരിക്കയിലെ പ്രാദേശിക പത്രങ്ങളും ഇതേ സ്ഥിതി തന്നെ പിന്തുടരുന്നു. ന്യൂയോർക്കിലിരിക്കുന്നയാൾ  കാലിഫോർണിയയിൽ 10 പേർ ചത്തതും കേട്ടതും വളരെ വിശദമായി വായിച്ചിട്ട് എന്തുകാര്യം എന്ന ചോദ്യവും വരാം. അമേരിക്കയിൽ നല്ലൊരു പങ്ക് പത്രം വായിക്കുന്ന വരെ അടിസ്ഥാന വിജ്ഞാനം ഉള്ളവരോ അല്ലെന്നുമുള്ള സത്യവും മറക്കുന്നില്ല. കേരളം ആകുന്ന ചുരുങ്ങിയ ലോകത്തേക്ക് ഒതുങ്ങുന്ന മാധ്യമങ്ങൾ പിന്നെ അവിടെ വാർത്ത തേടി നെട്ടോട്ടമാണ്. 24 മണിക്കൂർ വാർത്താ ചാനലുകൾ കൂടിവന്നതോടെ സ്ഥിതി വഷളായി. എന്തു പൊട്ടും പൊടിയും വാർത്തയായി എന്തു നടന്നാലും നടന്നില്ലെങ്കിലും വാർത്ത വരും എന്നായി സ്ഥിതി. ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു. കടുത്ത മത്സരം കൂടി വന്നതോടെ വാർത്തയുടെ പ്രാധാന്യമോ സത്യാവസ്ഥയോ ഒന്നും പ്രശ്നമല്ലെന്നായി.

 

 

സ്ഥിതി മാറ്റാൻ മാധ്യമലോകത്തിനാ കുമോ? ജനത്തിനുവേണ്ടതാണല്ലോ മാധ്യമങ്ങൾ കൊടുക്കേണ്ടത്. തമിഴ്നാട്ടിലെ ആത്മഹത്യാ കാര്യം ജനത്തിന് വേണ്ടെങ്കിൽ അത് വാരി വലിച്ചിട്ട് എന്ത് കാര്യം? മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുമ്പ് നമ്മുടെ സമ്മേളനത്തിൽ തന്നെ പറഞ്ഞ കാര്യം ഓർക്കുന്നു. 1967 കോഴിക്കോട് മനോരമയുടെ എഡിഷൻ ആരംഭിക്കുന്ന കാലം. കോട്ടയത്തിനു പുറമേ ഉള്ള ആദ്യ പ്രിന്റിങ് യൂണിറ്റ് ആണ്. അവിടെ ആധിപത്യം ഉള്ള മാതൃഭൂമി അന്താരാഷ്ട്ര, ദേശീയ വാർത്തകൾ ഒക്കെ ഭംഗിയായി കൊടുത്തു വന്നിരുന്നു. മനോരമ ചെന്നപാടെ പ്രാദേശിക കാര്യങ്ങൾ പൊക്കിക്കൊണ്ട് വരാൻ തുടങ്ങി. നഗരസഭ കൗൺസിലിൽ കയ്യാങ്കളി, മിട്ടായി തെരുവിലെ അനാശാസ്യം, പിടിച്ചുപറി ഇതൊക്കെയായി ഒന്നാം പേജിലെ വാർത്തകൾ. ജനം ഇറാക്കിലെ ബോംബിംഗ് വായ്ക്കുമോ അതോ നഗരസഭ കൗൺസിലിലെ കയ്യാങ്കളി വായിക്കുമോ?  മനോരമ അങ്ങനെ പ്രചാരത്തിൽ അടിച്ചുകയറി. പിന്നീടൊരിക്കലും മാതൃഭൂമിക്ക് മലബാറിൽ ഒന്നാംസ്ഥാനത്ത് വരാൻ കഴിഞ്ഞിട്ടില്ല.

 

 

ഇതൊക്കെ പത്രപ്രവർത്തനത്തെ ഒരു പരുവത്തിലാക്കി എന്ന് തോമസ് ജേക്കബ് പറഞ്ഞത് ഓർക്കുന്നു. ടി.വി പ്രത്യേകിച്ച് വാർത്താചാനലുകൾ വന്നതോടുകൂടി മാധ്യമരംഗത്ത് തകർച്ച ഏതാണ്ട് പൂർണമായി. ജാതി തിരിച്ചും ഇപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിലുള്ള പത്രപ്രവർത്തനമാണ് പ്രശ്നമായിരിക്കുന്നത്. വായനക്കാരിൽ ബഹുഭൂരിഭാഗവും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളുകളായിരിക്കും.  അപ്പോൾ മറ്റൊരു കാര്യം മറ്റൊരു വിഭാഗത്തിൽപ്പെട്ടവർക്ക് സംഭവിക്കുന്ന കാര്യങ്ങൾ വളച്ചൊടിച്ചോ പ്രാധാന്യം നൽകാതെയോ ഒക്കെ പ്രസിദ്ധീകരിക്കാനുള്ള ത്വരയും വരുന്നു. വായനക്കാരെ അല്ലെങ്കിൽ പ്രേക്ഷകരെ നോക്കിയാണ് മാധ്യമപ്രവർത്തനം. അടുത്ത ഇടക്ക് ഇത് വളരെ പ്രകടമായി കണ്ടത് അഭയാക്കേസ് റിപ്പോർട്ടിംഗിൽ ആണ്. അന്നത്തെ പത്രങ്ങളോ, ടി.വി റിപ്പോർട്ടുകളോ വീണ്ടും ഒരാവർത്തി കണ്ടാൽ ഛർദ്ദിക്കാൻ വരും. പത്രധർമവും സത്യസന്ധതയും എവിടെപ്പോയി? ഗുജറാത്തിൽ ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നു എൺപതുകളുടെ മധ്യത്തിൽ.  ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് പ്രസിഡണ്ടായിരുന്ന വിക്രം പ്രഭു ഗുജറാത്തിൽ പത്രങ്ങൾ വർഗീയത വളർത്തുന്ന നുണകൾ എഴുതുന്നുവെന്ന് പരാതിപ്പെടുകയുണ്ടായി. ഈ സ്ഥിതിക്ക് ഒക്കെ ഒരു ഒരു മാറ്റം വരുമോ ?

 

 

 

'O'വട്ടത്തിലുള്ള സംസ്ഥാനത്ത് ഒതുങ്ങുന്ന പത്രപ്രവർത്തനമാകുമ്പോൾ  മാധ്യമമാകുമ്പോൾ മാറ്റങ്ങൾ അത്ര എളുപ്പം ആയിരിക്കില്ല. ടിവിയിൽ 24 മണിക്കൂറും എന്തെങ്കിലും കാണിക്കണമല്ലോ. കേസുകളും ജനത്തിന്റെ ശക്തമായ എതിർപ്പും ജനത്തിന്റെ അഭിരുചിയിലെ മാറ്റവുമൊക്കെ സ്ഥിതി മെച്ചപ്പെടുത്താം. പക്ഷേ അതിന് കാത്തിരിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.